2017, ജനുവരി 27, വെള്ളിയാഴ്‌ച

ക്രിസ്ത്യന്‍ യോഗ?

ക്രിസ്ത്യന്‍ യോഗ എന്നൊരു യോഗയില്ല.  - യോഗി ബാബാപ്രേം Vedavisaratha, CYI, C.ay, C.va

ക്രിസ്ത്യൻ യോഗ എന്നുപേരിട്ട്, യോഗയും മറ്റുമതങ്ങളുടെ ആചാരങ്ങളും അനുഷ്ഠിച്ചുകൊണ്ട്, മറ്റുമതസ്ഥര്‍ക്കു സുവിശേഷമെത്തിക്കാമെന്നു ക്രിസ്ത്യാനികള്‍ വ്യാമോഹിക്കുന്നു. എന്നാല്‍ മറ്റുമതസ്ഥര്‍ എങ്ങനെയാണതു നോക്കിക്കാണുന്നത്? ക്രിസ്തുമതത്തിനു നല്കാന്‍ കഴിയാത്തതന്വേഷിച്ച്, ക്രിസ്ത്യാനികള്‍ ബോധപൂര്‍വ്വമായോ അല്ലാതെയോ പുരാതനമതങ്ങളിലേക്കു തിരിച്ചുവരികയാണെന്നാണ് അവര്‍ കരുതുന്നത്. വേദവിശാരതന്‍ യോഗി ബാബാപ്രേം എഴുതിയ ലേഖനം വായിക്കുക.
വിവര്‍ത്തനം : ജോണ്‍ ജോസ് ചിറമേല്‍

 
ഈ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയില്‍, ക്രിസ്ത്യന്‍ യോഗ എന്നപേരില്‍, യോഗയെക്കുറിച്ച് ആരോ പറഞ്ഞുകേട്ടപ്പോള്‍ സത്യത്തില്‍ ഞാന്‍ അദ്ഭുതപ്പെട്ടുപോയി. ഞാന്‍ ചിന്തിച്ചു, ക്രിസ്ത്യന്‍ യോഗ എന്നപേരില്‍ യോഗയോ? എന്‍റെ മനസ്സില്‍ ചിന്തകള്‍ ഉയര്‍ന്നുവന്നു. ക്രിസ്ത്യാനികള്‍ ഇക്കാലത്തു യോഗപരിശീലിക്കാന്‍ തയ്യാറാകുന്നുണ്ടെന്നു ഞാന്‍ മനസ്സിലാക്കിയിരുന്നു. എന്നാല്‍ യോഗയെക്കുറിച്ചുള്ള ക്രിസ്ത്യന്‍ പഠനങ്ങള്‍ ഒന്നും എനിക്കറിഞ്ഞുകൂടായിരുന്നു. ഏതായാലും യോഗ എന്നപദം യഹൂദ മതഗ്രന്ഥത്തില്‍നിന്നോ ക്രിസ്ത്യന്‍ മതഗ്രന്ഥത്തില്‍നിന്നോവന്ന ഒരു പദമല്ല. യോഗ ഒരിക്കലും ക്രിസ്ത്യന്‍ പഠനങ്ങളില്‍നിന്നോ പ്രത്യേകിച്ചു പ്രോട്ടസ്റ്റന്റു വിഭാഗക്കാരുടെ പഠനങ്ങളില്‍നിന്നോ ഉരുത്തിരിഞ്ഞതല്ല. യോഗ എന്ന പദം ബൈബിളില്‍ എനിക്കു കാണാനേ സാധിച്ചില്ല.  യോഗ ഹൈന്ദവ സംസ്കാരത്തില്‍നിന്നും, കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍ വേദസംസ്കാരത്തില്‍നിന്നുംവന്ന ഒരു സംസ്കൃതപദമാണ്. ക്രിസ്ത്യന്‍യോഗയെക്കുറിച്ചു പറയുമ്പോള്‍ മേല്പറഞ്ഞ കാര്യങ്ങളുടെ വെളിച്ചത്തില്‍ എനിക്കു രണ്ടു കാര്യങ്ങളിലേക്കാണു വിരല്‍ചൂണ്ടാന്‍ സാധിക്കുന്നത്.

  1. യാഥാസ്ഥിതിക ക്രൈസ്തവമതത്തിനു യോഗ ഒരു ഭീഷണിയായിത്തീര്‍ന്നിരിക്കുന്നു എന്നുവേണം കരുതാന്‍ . അതിനാല്‍ത്തന്നെ സാധാരണജനങ്ങള്‍ക്ക് ആത്മീയത പകര്‍ന്നുകൊടുക്കുന്നതും പെട്ടെന്നു വ്യാപിച്ചുകൊണ്ടിരിക്കുന്നതുമായ യോഗയുടെ രീതികളെ മുഴുവനായും സ്വാംശീകരിക്കുവാന്‍ യാഥാസ്ഥിതിക ക്രിസ്ത്യാനികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
  2. ബോധപൂര്‍വ്വമല്ലെങ്കിലും ആത്മീയതയുടെ വേരുകള്‍ ആഴ്ന്നിറങ്ങിയ വേദസംസ്കാരത്തിലേക്കു മടങ്ങിപ്പോകാന്‍ ക്രൈസ്തവമതം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. 
എന്തുകൊണ്ടാണു ക്രൈസ്തവര്‍ യോഗയെ ഏറ്റെടുക്കാനും സ്വാംശീകരിക്കാനും തത്രപ്പെടുന്നത് എന്നതിനെക്കുറിച്ചായി പിന്നീടുള്ള എന്റെ ചിന്തകള്‍ . കഴിഞ്ഞ 60 വര്‍ഷങ്ങളില്‍ യാഥാസ്ഥിതിക മതത്തില്‍നിന്നുള്ള അംഗങ്ങളുടെ കൊഴിഞ്ഞുപോക്കാണോ ഇതിനു കാരണം? മതത്തെ കച്ചവടം ചെയ്യുവാനാഗ്രഹിക്കുന്ന ന്യൂയോര്‍ക്കു സിറ്റിയിലെ ഏതെങ്കിലും ക്രൈസ്തവമത മേലദ്ധ്യക്ഷന്റെ തലയില്‍ രൂപംകൊണ്ട ഒരു വിപണനതന്ത്രം മാത്രമാണോയിത്? യോഗയുടെ യഥാര്‍ത്ഥപഠനങ്ങളില്‍ വെള്ളംചേര്‍ത്ത്, അതില്‍ സ്വന്തം മതത്തിന്റെ പഠനങ്ങള്‍ ഉള്‍ച്ചേര്‍ക്കാനുള്ള പരിശ്രമാമാണോയിത്? അതുമല്ലെങ്കില്‍ ആത്മീയതയുമായി ബന്ധപ്പെട്ടകാര്യങ്ങള്‍ മറ്റുള്ളവരില്‍നിന്നും സ്വന്തമാക്കിയില്ലെങ്കില്‍ തങ്ങള്‍ക്കു സ്വന്തംകാലില്‍ നില്‍ക്കാന്‍ സാധിക്കുകയില്ലെന്നതുകൊണ്ടാണോ യോഗയെ ഏറ്റെടുക്കാനും തങ്ങളുടെതാക്കാനും ഇക്കൂട്ടര്‍ വ്യഗ്രതകൊള്ളുന്നത്?

എനിക്കിതിന്റെ കാരണമായി കണ്ടെത്താന്‍കഴിഞ്ഞതു മറ്റൊന്നാണ്. ആത്മീയകാര്യങ്ങളില്‍ ശുഷ്കതയനുഭവപ്പെടുന്ന സാധാരണ ജനങ്ങളുടെ ആത്മീയപ്രശ്നങ്ങള്‍ക്ക്, യോഗയും പൗരസ്ത്യ ആത്മീയതയും തക്കതായ പരിഹാരങ്ങള്‍ നല്കിക്കൊണ്ടിരിക്കുന്നുവെന്ന തിരിച്ചറിവാണു യോഗയെ ഏറ്റെടുക്കുവാനുള്ള ഈ വ്യഗ്രതയ്ക്കു കാരണമായി എനിക്കു കാണാന്‍ കഴിയുന്നത്.

ആത്മീയതയില്‍ വളരാനാഗ്രഹിക്കുന്നവര്‍ക്കു പ്രായോഗികവും യുക്തിസഹവും സത്യസന്ധവുമായ സമീപനമാണു യോഗ നല്കിക്കൊണ്ടിരിക്കുന്നത്. സ്വന്തം നീതീകരണത്തില്‍ നിന്നുദ്ഭവിക്കുന്നതും അപരനെ എപ്പോഴും ശിക്ഷയ്ക്കു വിധിക്കുന്നതുമായ യാതൊരുചിന്തയും യോഗയില്‍ വച്ചുപുലര്‍ത്തുന്നില്ല. മറിച്ച്, എപ്പോഴും സ്നേഹിക്കുവാനും എല്ലാവരെയും സ്വീകരിക്കുവാനുമാണു യോഗ പഠിപ്പിക്കുന്നത്. 'പാപം', 'നിത്യശിക്ഷ' എന്നിവ പഠിപ്പിച്ചു പാവം മനുഷ്യരെ യോഗ ഒരിക്കലും ബലിയാടുകളാക്കുന്നില്ല. എന്നാല്‍ ആത്മീയമായ എല്ലാപ്രശ്നങ്ങള്‍ക്കും യോഗ ഉത്തരം നല്കുന്നുണ്ട് എന്നതു വളരെ പ്രധാനപ്പെട്ട കാര്യമായി ഞാന്‍ കരുതുന്നു. ദൈവവുമായി ബന്ധം സ്ഥാപിക്കാനുള്ള പ്രായോഗികമായ ഒരുരീതി യോഗ ഇപ്പോഴും നല്കിക്കൊണ്ടിരിക്കുന്നു. അത് ആത്മീയത തേടിയലയുന്ന എല്ലാത്തരത്തിലുള്ള ആളുകള്‍ക്കും ക്രമീകൃതമായ ഒരു രീതിയും സമീപനവും നല്കാന്‍ കഴിവുള്ളതാണ്. ഇതാണു യോഗയെ ഏറ്റെടുക്കാനും തങ്ങളുടെതാക്കാനുമുള്ള പരിശ്രമങ്ങളുടെ കാരണമായി ഞാന്‍ കാണുന്നത്. ഇതോടൊപ്പം മറ്റുചില കാര്യങ്ങളും എന്റെ ശ്രദ്ധയില്‍ വന്നു. ഇന്നു ക്രൈസ്തവമതം പല ആത്മീയപ്രശ്നങ്ങള്‍ക്കും ഉത്തരം തേടിക്കൊണ്ടിരിക്കുകയാണ്. യാഥാസ്ഥിതിക ക്രൈസ്തവമതത്തിന് അതിന്റെ ഒട്ടുമയവില്ലാത്ത കാഴ്ചപ്പാടുകള്‍ക്കും മറ്റുള്ളവരോടുള്ള നിന്ദനിറഞ്ഞ മനോഭാവങ്ങള്‍ക്കും പഴയതുപോലെ സാധാരണവിശ്വാസികളെയും നേതൃത്വത്തിലി്രിക്കുന്നവരെയും പിടിച്ച് നിറുത്താന്‍ സാധിക്കുന്നില്ല. അതേസമയം യോഗയും ധ്യാനവും പരിശീലിച്ചാല്‍ ക്രിസ്ത്യന്‍പാരമ്പര്യം കൈവിടാതെതന്നെ രഹസ്യത്തില്‍ ഹിന്ദുമതത്തിലും അതനുശാസിക്കുന്ന ധാര്‍മ്മികത, പുനര്‍ജ്ജന്മം എന്നിവയിലും വിശ്വസിക്കാനും പരിശീലിക്കാനുമുള്ള അവസരം അവര്‍ക്കു ലഭിക്കുന്നു. തങ്ങള്‍ അടിസ്ഥാനമിട്ടിരിക്കുന്നുവെന്നു സ്വയംപ്രഖ്യാപിക്കുന്ന സ്നേഹം, സഹിഷ്ണുത എന്നിവയിലേക്കു തിരിച്ചുവരാന്‍ യോഗയും ധ്യാനരീതികളും ആശ്ലേഷിക്കുന്നതുവഴി സാധ്യമാകും എന്നവര്‍ കരുതുന്നു. സ്നേഹം, സമാധാനം, യോജിപ്പ്, ക്ഷമ എന്നിവയഭ്യസിക്കാന്‍ ഒരുമതം മറ്റൊരു മതത്തെ പ്രാപിക്കേണ്ടിവരുന്നുവെന്നതു വളരെ വൈരുദ്ധ്യാത്മകമായി എനിക്കുതോന്നുന്നു. ഈ പരിശ്രമത്തില്‍ അവര്‍ വിജയിക്കുകയാണെങ്കില്‍ വളരെ ദശാബ്ദങ്ങളായി തങ്ങളുടെ അംഗബലത്തില്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്ന കൊഴിഞ്ഞുപോകലില്‍ നിന്നു രക്ഷപ്പെടാനും ഒപ്പം യോഗയും അനുബന്ധ ധ്യാനരീതികളും നല്കുന്ന പഠനങ്ങള്‍ സ്വീകരിക്കാനും അവര്‍ക്കു കഴിയും.

ഇപ്പോഴത്തെ ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാര്‍ അവരുടെ ജ്ഞാനത്തില്‍ ഒരുകാര്യം മനസ്സിലാക്കിയിട്ടുണ്ടെന്നു ഞാന്‍ കരുതുന്നു. അതായത്, മറ്റുമതങ്ങളുടെമേല്‍ നൂറ്റാണ്ടുകളായി തങ്ങള്‍ക്കുണ്ടായിരുന്ന മേധാവിത്തത്തിന്റെ കാലഘട്ടം അവസാനിച്ചിരിക്കുന്നുവെന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അതിനാല്‍ തങ്ങളുടെ മതത്തെ യോഗ വിഴുങ്ങുന്നതിനുമുമ്പു യോഗയെ ആശ്ലേശിച്ചു സ്വീകരിച്ച് ഏറ്റെടുക്കണമെന്ന് അമേരിക്കയിലെ ജനത കണ്ടെത്തിക്കഴിഞ്ഞു. ലോകചരിത്രം പരിശോധിച്ചാല്‍ ഇതുപോലെയുള്ള ഏറ്റെടുക്കുന്ന കാഴ്ചപ്പാടുകള്‍ ഒട്ടനവധി തവണ പ്രത്യക്ഷപ്പെട്ടതായിക്കാണാന്‍ സാധിക്കും. മാത്രമല്ല യോഗയെ ആശ്രയിച്ചാല്‍ ക്രൈസ്തവ സഭയ്ക്ക് എത്രയുംവേഗം തങ്ങളുടെ ധനവിഭവങ്ങളും ശേഷിയും ഇന്ത്യപോലുള്ള രാജ്യത്തിലേക്കു കൈമാറാനും സാധിക്കും. അങ്ങനെ മൊത്തമായും ഒരു രാജ്യത്തെത്തന്നെ കൈയ്യിലെടുത്താല്‍ എല്ലാ ആത്മീയതയുടെയും പിതൃത്വം ഏറ്റെടുക്കുവാനും അതുവഴി അവരുടെ ഇഷ്ടമനുസരിച്ചുള്ള ആത്മീയത മറ്റുള്ളവര്‍ക്കു കൊടുക്കുവാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യും. കഴിഞ്ഞ 2000 വര്‍ഷങ്ങളില്‍ അവര്‍ അനുവര്‍ത്തിച്ചത് ഇതുതന്നെയാണ്.

ഇന്ത്യക്കാര്‍ വളരെ സ്നേഹവും സമാധാനകാംക്ഷയുമുള്ള ജനതയായതുകൊണ്ട് അവര്‍ മറ്റു പാശ്ചാത്യസംസ്കാരത്തിലുള്ള തങ്ങളുടെ സഹോദരരെ തുറന്ന മനസ്സോടെ സ്വീകരിച്ചു. അവരുടെ അമ്പലങ്ങള്‍ തകര്‍ക്കപ്പെട്ടപ്പോഴും അവര്‍ മറ്റുപലതിലും ആശ്വാസം കണ്ടെത്തി. മാറിവരുന്ന വ്യത്യസ്ഥങ്ങളായ വിശ്വാസങ്ങള്‍ അവരുടെ കുടുംബങ്ങളെ പിച്ചിചീന്തിയപ്പോഴും അവര്‍ അതിനെ സ്വന്തം കര്‍മ്മഫലമായി സ്വീകരിച്ചു. ക്രിസ്ത്യന്‍ മിഷനറിമാര്‍ സ്വാമിമാരെപ്പോലെ വേഷം ധരിച്ചപ്പോള്‍ അവരെ അംഗീകരിക്കുന്നതും സജാതീയജനങ്ങളെപ്പോലെ കരുതുന്നതും വളരെ ഉയര്‍ന്ന ചിന്താരീതിയായി ഇന്ത്യക്കാര്‍ കരുതിപ്പോന്നു.

ഇന്ത്യയില്‍ നിന്നുള്ള ആധുനീക പണ്ഡിതന്മാര്‍ ഈ കാലഘട്ടത്തില്‍ തങ്ങള്‍ ഹിന്ദുമതത്തെ സംരക്ഷിക്കുന്നു എന്നതിനാല്‍ മറ്റുമതസ്ഥര്‍ യോഗ ചെയ്തുകൊള്ളട്ടെ എന്ന മനോഭാവമാണു സ്വീകരിച്ചുകണ്ടിട്ടുള്ളത്. വൈകാരികമായ ഇത്തരത്തിലുള്ള മനോഭാവം പല അവസരങ്ങളിലും പ്രകടിപ്പിച്ചിട്ടുള്ളതു ഞാന്‍ കേട്ടിട്ടുണ്ട്. എന്നാല്‍ യോഗ ഹൈന്ദവമതത്തിന്റെ ഭാഗമാണെന്നതാണു യാഥാര്‍ത്ഥ്യം. ഹൈന്ദവമതത്തിന്‍റെ ഒരുഭാഗം മാത്രമെടുക്കുന്നത് ഹൈന്ദവമതപഠനത്തെ വളച്ചൊടിക്കുന്നതിനു വാതില്‍ തുറന്നുകൊടുക്കുകയാണ്. ആധുനീകയോഗയുടെ അടിസ്ഥാനം വേദസംസ്കാരത്തില്‍ നിന്നാണെന്നു നാമോര്‍ക്കണം. വേദസംസ്കാരത്തില്‍നിന്നും വരുന്ന യോഗയുടെമേല്‍ ഹൈന്ദവമതത്തിനുമാത്രമേ അവകാശമുള്ളൂ. വിജ്ഞാനമാകുന്ന മരത്തിന്റെ ഒരു ശിഖരം മാത്രം അതില്‍നിന്നും വേര്‍പെടുത്തുന്നതിനനുവദിച്ചാല്‍ അത്, ആ മരത്തെ നശിപ്പിക്കില്ലെങ്കിലും അസന്തുലിതാവസ്ഥ ഉളവാക്കുന്നതിനും ആ മരത്തില്‍ വലിയ മുറിപ്പാടുകള്‍ ഉണ്ടാക്കുന്നതിനും കാരണമായേക്കാം.

അതിനാല്‍ ഹൈന്ദവമതം അതിന്റെ പാരമ്പര്യം വീണ്ടുമാവകാശപ്പെട്ടു വീണ്ടെടുക്കണം. ഈ പരിപാവനമായ പഠനങ്ങളെ അവരുടെ മതത്തിന്റെപേരില്‍ പുനഃനാമകരണം ചെയ്യുന്നതു നാമനുവദിക്കരുത്. ചരിത്രത്തില്‍ അവരുടെ മതത്തില്‍ ഈ പഠനങ്ങളൊരിക്കലും അവരുടെ മതത്തിന്റെ പഠനങ്ങളായി ഉള്‍ച്ചേര്ക്കപ്പെട്ടിട്ടില്ലായിരിക്കേ നമ്മുടെ മതത്തിലെ പഠനങ്ങളെ ഇങ്ങനെ പുനഃനാമകരണംചെയ്തവതരിപ്പിക്കാന്‍ അനുവദിച്ചുകൂടാ. എന്നാല്‍ ഈ പഠനങ്ങള്‍ ഹൈന്ദവമതത്തിലെ സഹോദരീസഹോദരന്മാരില്‍നിന്നും ലഭിച്ചതാണെന്നു പറഞ്ഞുകൊണ്ടു മറ്റുമതസ്ഥര്‍ ഇതവതരിപ്പിക്കുകയാണെങ്കില്‍ അതു മറ്റൊരു വിഷയമാണ്. എന്നാല്‍ പലപ്പോഴും ഇക്കൂട്ടര്‍ യോഗയേയും ധ്യാനരീതികളെയും തങ്ങളുടെ സ്വകാര്യസ്വത്താക്കിമാറ്റി തങ്ങളാണിതിന്റെ യഥാര്‍ത്ഥത്തിലുള്ള തീര്‍പ്പുകല്പിക്കാന്‍ യോഗ്യരായവര്‍ എന്ന കണക്കവതരിപ്പിക്കാനാണു പരിശ്രമിക്കുന്നത്. ഇത്തരത്തില്‍ ഹൈന്ദവമതത്തിന്റെ പരിശുദ്ധമായ പാരമ്പര്യങ്ങളെ വളച്ചൊടിക്കുന്നതിനും അന്യാധീനപ്പെടുത്തുന്നതിനുമെതിരെ ഹൈന്ദവര്‍ ബോധവാന്മാരാകേണ്ടതുണ്ട്.

യൂനിവേഴ്സിറ്റികളിലെ പണ്ഡിത‍ര്‍ യോഗ ഹൈന്ദവമതത്തിന്റെ ഭാഗമാണെന്ന നിലപാടെടുക്കണം. എന്നാല്‍ യോഗ പരിശീലിക്കുന്നതിന് ഒരുവന്‍ ഹിന്ദുവായി മാറണമെന്നു വരുന്നില്ല. യോഗയുടെ അടിസ്ഥാനവേരുകള്‍ ഹൈന്ദവമതത്തിലാണ് എന്ന സത്യം അംഗീകരിക്കുകയാണ് ഏറ്റവും പ്രാധാന്യമുള്ള കാര്യമായി എനിക്കു തോന്നുന്നത്. ഗ്രന്ഥങ്ങളുടെയും ഗവേഷണ പ്രബന്ധങ്ങളുടെയും യഥാര്‍ത്ഥ രചയിതാവിനെമാത്രം അംഗീകരിക്കുവാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. എന്നാല്‍ തങ്ങളുടെതന്നെ പാരമ്പര്യത്തെക്കുറിച്ചുള്ള കാര്യം വന്നപ്പോള്‍ യാഥാസ്ഥിതികപാശ്ചാത്യര്‍ പൊതുവേ സ്വീകരിച്ചിരിക്കുന്ന ഈ കാഴ്ചപാട് അവഗണിക്കാനാണു ഹൈന്ദവപണ്ഡിതന്മാര്‍ ഇഷ്ടപ്പെടുന്നത്. 

യോഗയും അതിന്റെ ധ്യാനരീതികളും പരിശീലിക്കുന്നതിന് ഒരുവന്‍ ഹിന്ദുവായിമാറേണ്ട ആവശ്യമില്ല. എന്നാല്‍ ഹൈന്ദവമതത്തില്‍ നിന്നാണു യോഗയുടെ ഉദ്ഭവമെന്നതു ചരിത്രപരമായ തെളിവുകളില്‍നിന്നു വ്യക്തമാണ്.


2017, ജനുവരി 25, ബുധനാഴ്‌ച

നവയുഗ പാഷണ്ഡതകള്‍



യോഗ, പോസിറ്റീവ് എനര്‍ജി, പ്രാണിക് ഹീലിംഗ്, ചിലതരം വന്യനൃത്തങ്ങള്‍ തുടങ്ങിയവയുടെ പിന്നില്‍ ഒളിഞ്ഞുകിടക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. അത്തരം രീതികള്‍ യേശുവിന്റെ കുരിശുമരണത്തിന്റെ ആവശ്യകത, തിരുരക്തത്താലും ദൈവകൃപയാലുമുള്ള രക്ഷ എന്നിവയെ മാത്രമല്ല, ദൈവത്തിന്റെ രക്ഷാകരപദ്ധതിയെത്തന്നെ തള്ളിക്കളയുന്നതാണ്.

ദൈവം തണുത്ത പ്രാപഞ്ചിക ഊര്‍ജ്ജമാണ്, ഒരു പരാശക്തിയാണ്, പ്രപഞ്ചത്തില്‍ നിറഞ്ഞുനില്ക്കുന്ന ഈ ഊര്‍ജ്ജത്തിന്റെ അംശം നമ്മുടെ ഉള്ളിലേക്കു സന്നിവേശിപ്പിക്കപ്പെടുന്നു എന്നിങ്ങനെയുള്ള ആശയവാദഗതികളെയാണ് ഇത്തരം പ്രസ്ഥാനങ്ങളുടെ വക്താക്കള്‍ സമര്‍ത്ഥിക്കാന്‍ പാഴ്ശ്രമം നടത്തുന്നത്. ഇത്തരം അബദ്ധ പ്രബോധനങ്ങള്‍ പരിശുദ്ധ ത്രീത്വത്തെത്തന്നെയാണു നിരാകരിക്കുന്നത്. ദൈവം വ്യക്തിത്ത്വമുള്ള സത്തയാണ്. വെറുമൊരൂര്‍ജ്ജമല്ല. യോഗപോലുള്ള ചില രീതികളിലൂടെ മനുഷ്യന്റെ ഉള്ളിലുണ്ടെന്ന് അവര്‍ വാദിക്കുന്ന ഊര്‍ജ്ജത്തെ (ജീവാത്മാവ്) ഉത്തേജിപ്പിച്ച്, പ്രാപഞ്ചിക ഊര്‍ജ്ജത്തില്‍ (പരമാത്മാവ്) ലയിക്കുമെന്നും ഈ ലയനമാണ് മോക്ഷം അഥവാ നിര്‍വ്വാണം എന്നുമൊക്കെ അവര്‍ വാദിക്കുന്നു.

ക്രിസ്തുവിന്റെയും സഭയുടെയും പ്രബോധനങ്ങള്‍ക്കും ക്രിസ്തുവിന്റെ രക്ഷാകരപ്രവൃത്തികള്‍ക്കും വിരുദ്ധമായ പാഷണ്ഡതയാണു മേല്പറഞ്ഞ പ്രബോധനം. കാരണം ഒരുവനു തന്റെതന്നെ ഉള്ളില്‍നിന്നു സ്വന്തമായ പ്രയത്നത്താല്‍ രക്ഷപ്രാപിക്കാന്‍ സാധിക്കുമെങ്കില്‍ പിന്നെയെന്തിനാണ് ഈശോ നമുക്കായി ജനിച്ചതും കുരിശില്‍ മരിച്ചതും ഉത്ഥാനം ചെയ്തതുമെല്ലാം? മനുഷ്യരക്ഷയേയും സ്വര്‍ഗ്ഗത്തെയും നിഷേധിക്കുന്ന ഇത്തരം കെണികളെ നാം തിരിച്ചറിയണം. ദൈവകൃപയുടെ രക്ഷാകരമൂല്യം തള്ളിക്കളഞ്ഞു മനുഷ്യനെ രക്ഷയുടെ കേന്ദ്രബിന്ദുവാക്കാന്‍ ഇത്തരം പാഷണ്ഡത ശ്രമിക്കുന്നു. എന്നാല്‍ “വിശ്വാസംവഴി കൃപയാലാണു നിങ്ങള്‍ രക്ഷിക്കപ്പെട്ടത്, അതു നിങ്ങള്‍ നേടിയെടുത്തതല്ല, ദൈവത്തിന്റെ ദാനമാണ്” (എഫേ. 2:8) എന്നാണല്ലോ തിരുവചനം.

ആരോഗ്യപരമായ കാരണങ്ങളാല്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ തെറ്റുണ്ടോയെന്നു ചിലരൊക്കെ ചോദിക്കാറുണ്ട്. ഒരു വ്യായാമമുറയായി യോഗ ചെയ്യുന്നതിനെക്കുറിച്ചു സഭയുടെ ഔദ്യോഗിക പ്രബോധനമായ ‘യുവജന മതബോധനഗ്രന്ഥം’ പഠിപ്പിക്കുന്നതു ശ്രദ്ധിച്ചു കേള്‍ക്കുക. അതിങ്ങനെയാണ്.

“പലരും ആരോഗ്യപരമായ കാരണങ്ങളാല്‍ ‘യോഗ’ അഭ്യസിക്കുന്നു... ധ്യാനപദ്ധതിയില്‍ ചേരുന്നുമുണ്ട്... ചിലര്‍ നൃത്തപരിശീലനപദ്ധതിയില്‍ ചേരുന്നു. ഈ സാങ്കേതികവിദ്യ എപ്പോഴും ദോഷരഹിതമല്ല. പലപ്പോഴും ക്രിസ്തുമതത്തിന് അന്യമായ സിദ്ധാന്തങ്ങളിലേക്കുള്ള വാഹനങ്ങളാണവ. (ഖണ്ഡിക 356) അതായത്, ഇത്തരം വ്യായാമമുറകളും ധ്യാനങ്ങളും സഭ പ്രോത്സാഹിപ്പിക്കുന്നില്ല എന്നാണു നാം മനസ്സിലാക്കേണ്ടത്. 

യേശു തന്റെ പരസ്യജീവിതകാലത്ത് ഏറ്റവും കൂടുതല്‍ പ്രാധാന്യം കൊടുത്തതു രോഗസൗഖ്യത്തിനാണ്, അതിനാല്‍ നമ്മുടെ ആരോഗ്യപരിപാലനത്തിന് ഇത്തരം സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല, എന്നു വാദിക്കുന്നവരുമുണ്ട്. എന്നാല്‍ സത്യം നാം മനസ്സിലാക്കാതെ പോകുന്നു. ശാരീരിക സൗഖ്യത്തിലൂടെ യേശു അവരുടെ ആരോഗ്യം വീണ്ടെടുക്കുക മാത്രമല്ല ചെയ്തത്, ജീവന്റെ പൂര്‍ണ്ണതയായ തന്നില്‍ വിശ്വസിക്കുവാന്‍ അവരെ ക്ഷണിക്കുകയുമാണ്. ക്രിസ്തുവിന്റെ സൗഖ്യ അദ്ഭുതങ്ങള്‍ മനുഷ്യരുടെ ആത്മരക്ഷയെ ലാക്കാക്കിയായിരുന്നുവെന്നു സാരം. ഉദാഹരണത്തിനു ജന്മനാ അന്ധനായിരുന്നവനെ സുഖപ്പെടുത്തിയിട്ട്, അവിടുന്നു ചോദിക്കുന്നതെന്താണ്? “മനുഷ്യപുത്രനില്‍ നീ വിശ്വസിക്കുന്നുവോ?” (യോഹന്നാന്‍ 9:35) എന്നല്ലേ? 
യോഗ, പ്രാണിക് ഹീലിംഗ്, പോസിറ്റീവ് എനെര്‍ജി തുടങ്ങിയവ ക്രിസ്തുവിനെ നിഷേധിക്കുന്നവയാകയാല്‍ ഇവ വെറും വ്യായാമമോ ചികിത്സാരീതിയോ ആയി ചെയ്യുമ്പോഴും ക്രിസ്തുവിനെ നിഷേധിക്കുന്ന ആത്മാവു നമ്മളെ സ്വാധീനിക്കുന്നുണ്ടെന്നതാണു ശരി. 
 “പിതാവിനെയും പുത്രനേയും നിഷേധിക്കുന്നവനാരോ, അവനാണ് അന്തിക്രിസ്തു. (1 യോഹന്നാന്‍ 2:22) അപ്പോള്‍ നമ്മുടെ ആത്മരക്ഷയ്ക്കു കെണി വയ്ക്കുന്ന ഇത്തരം രീതി നാം അഭ്യസിക്കണോ?

മേല്പറഞ്ഞ കാര്യങ്ങളെ സാധൂകരിക്കുന്ന ഒരനുഭവം പറയാം. നല്ല ആത്മീയതയില്‍ ജീവിച്ചിരുന്ന ഒരു യുവാവു തന്റെ തകര്‍ച്ചകള്‍ പങ്കുവയ്ക്കുകയായിരുന്നു.  ആത്മീയതയെ പരിപോഷിപ്പിക്കാനാണ് അയാള്‍ യോഗ അഭ്യസിച്ചു തുടങ്ങിയതെന്നാണു പറഞ്ഞത്. അതോടെ കുറച്ചുകാലമായുണ്ടായിരുന്ന തലവേദന മാറി, മുഖസൗന്ദര്യം വര്‍ദ്ധിച്ചു. അസാമാന്യമായ മെയ്`വഴക്കവും സിദ്ധിച്ചു. പലപ്പോഴും രാത്രികളില്‍ ക്രൂരഭാവങ്ങളുള്ള നൃത്തങ്ങള്‍ ചെയ്യുന്നതു ഹരമായി മാറി. ആത്മീയതയെല്ലാം തകര്‍ന്നടിഞ്ഞു. ലൈംഗികവികാരങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കാതെ ആസക്തികള്‍ക്കു ക്രമേണ അടിമപ്പെട്ടു. ഏകാഗ്രതനഷ്ടപ്പെട്ടു പലപ്പോഴും ആബ്സന്റ് മൈന്‍ഡഡ് ആകാന്‍ തുടങ്ങി. യോഗ അഭ്യസിച്ചുതുടങ്ങിയപ്പോള്‍ മുതല്‍ തന്റെതന്നെ ശരീരത്തോട് ആ യുവാവിന് ആരാധനാമനോഭാവം വളര്‍ന്നതാണു കാരണം.
തന്റെ ചേഷ്ടകളില്‍ സ്ത്രൈണത കൂടിവരുന്നതും ഈ കാലയളവില്‍ അയാള്‍ ശ്രദ്ധിച്ചു. തനിക്കു നിയന്ത്രിക്കാനാകാത്ത ഒരവസ്ഥയിലേക്കു വീണുതുടങ്ങിയെന്ന്‍ ആ യുവാവു സാക്ഷ്യപ്പെടുത്തുന്നു. വചനം പറയുന്നു. “നിങ്ങള്‍ അനുസരണമുള്ള ദാസരെപ്പോലെ നിങ്ങളെത്തന്നെ ആര്‍ക്കെങ്കിലും സമര്‍പ്പിക്കുമ്പോള്‍ നിങ്ങള്‍ അവന്റെ അടിമകളാണെന്നറിയുന്നില്ലേ? (റോമ 6:16)

Children of Immaculate Heart of Holy Mary പ്രസിദ്ധീകരിച്ച നവയുഗ ആത്മീയത എന്ന ലേഖനസമാഹാര ഗ്രന്ഥത്തില്‍, റവ. ഫാദര്‍ സെബാസ്റ്റ്യന്‍ ക്രിസ്റ്റി എഴുതിയ ലേഖനം.