2017, ജനുവരി 25, ബുധനാഴ്‌ച

നവയുഗ പാഷണ്ഡതകള്‍



യോഗ, പോസിറ്റീവ് എനര്‍ജി, പ്രാണിക് ഹീലിംഗ്, ചിലതരം വന്യനൃത്തങ്ങള്‍ തുടങ്ങിയവയുടെ പിന്നില്‍ ഒളിഞ്ഞുകിടക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. അത്തരം രീതികള്‍ യേശുവിന്റെ കുരിശുമരണത്തിന്റെ ആവശ്യകത, തിരുരക്തത്താലും ദൈവകൃപയാലുമുള്ള രക്ഷ എന്നിവയെ മാത്രമല്ല, ദൈവത്തിന്റെ രക്ഷാകരപദ്ധതിയെത്തന്നെ തള്ളിക്കളയുന്നതാണ്.

ദൈവം തണുത്ത പ്രാപഞ്ചിക ഊര്‍ജ്ജമാണ്, ഒരു പരാശക്തിയാണ്, പ്രപഞ്ചത്തില്‍ നിറഞ്ഞുനില്ക്കുന്ന ഈ ഊര്‍ജ്ജത്തിന്റെ അംശം നമ്മുടെ ഉള്ളിലേക്കു സന്നിവേശിപ്പിക്കപ്പെടുന്നു എന്നിങ്ങനെയുള്ള ആശയവാദഗതികളെയാണ് ഇത്തരം പ്രസ്ഥാനങ്ങളുടെ വക്താക്കള്‍ സമര്‍ത്ഥിക്കാന്‍ പാഴ്ശ്രമം നടത്തുന്നത്. ഇത്തരം അബദ്ധ പ്രബോധനങ്ങള്‍ പരിശുദ്ധ ത്രീത്വത്തെത്തന്നെയാണു നിരാകരിക്കുന്നത്. ദൈവം വ്യക്തിത്ത്വമുള്ള സത്തയാണ്. വെറുമൊരൂര്‍ജ്ജമല്ല. യോഗപോലുള്ള ചില രീതികളിലൂടെ മനുഷ്യന്റെ ഉള്ളിലുണ്ടെന്ന് അവര്‍ വാദിക്കുന്ന ഊര്‍ജ്ജത്തെ (ജീവാത്മാവ്) ഉത്തേജിപ്പിച്ച്, പ്രാപഞ്ചിക ഊര്‍ജ്ജത്തില്‍ (പരമാത്മാവ്) ലയിക്കുമെന്നും ഈ ലയനമാണ് മോക്ഷം അഥവാ നിര്‍വ്വാണം എന്നുമൊക്കെ അവര്‍ വാദിക്കുന്നു.

ക്രിസ്തുവിന്റെയും സഭയുടെയും പ്രബോധനങ്ങള്‍ക്കും ക്രിസ്തുവിന്റെ രക്ഷാകരപ്രവൃത്തികള്‍ക്കും വിരുദ്ധമായ പാഷണ്ഡതയാണു മേല്പറഞ്ഞ പ്രബോധനം. കാരണം ഒരുവനു തന്റെതന്നെ ഉള്ളില്‍നിന്നു സ്വന്തമായ പ്രയത്നത്താല്‍ രക്ഷപ്രാപിക്കാന്‍ സാധിക്കുമെങ്കില്‍ പിന്നെയെന്തിനാണ് ഈശോ നമുക്കായി ജനിച്ചതും കുരിശില്‍ മരിച്ചതും ഉത്ഥാനം ചെയ്തതുമെല്ലാം? മനുഷ്യരക്ഷയേയും സ്വര്‍ഗ്ഗത്തെയും നിഷേധിക്കുന്ന ഇത്തരം കെണികളെ നാം തിരിച്ചറിയണം. ദൈവകൃപയുടെ രക്ഷാകരമൂല്യം തള്ളിക്കളഞ്ഞു മനുഷ്യനെ രക്ഷയുടെ കേന്ദ്രബിന്ദുവാക്കാന്‍ ഇത്തരം പാഷണ്ഡത ശ്രമിക്കുന്നു. എന്നാല്‍ “വിശ്വാസംവഴി കൃപയാലാണു നിങ്ങള്‍ രക്ഷിക്കപ്പെട്ടത്, അതു നിങ്ങള്‍ നേടിയെടുത്തതല്ല, ദൈവത്തിന്റെ ദാനമാണ്” (എഫേ. 2:8) എന്നാണല്ലോ തിരുവചനം.

ആരോഗ്യപരമായ കാരണങ്ങളാല്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ തെറ്റുണ്ടോയെന്നു ചിലരൊക്കെ ചോദിക്കാറുണ്ട്. ഒരു വ്യായാമമുറയായി യോഗ ചെയ്യുന്നതിനെക്കുറിച്ചു സഭയുടെ ഔദ്യോഗിക പ്രബോധനമായ ‘യുവജന മതബോധനഗ്രന്ഥം’ പഠിപ്പിക്കുന്നതു ശ്രദ്ധിച്ചു കേള്‍ക്കുക. അതിങ്ങനെയാണ്.

“പലരും ആരോഗ്യപരമായ കാരണങ്ങളാല്‍ ‘യോഗ’ അഭ്യസിക്കുന്നു... ധ്യാനപദ്ധതിയില്‍ ചേരുന്നുമുണ്ട്... ചിലര്‍ നൃത്തപരിശീലനപദ്ധതിയില്‍ ചേരുന്നു. ഈ സാങ്കേതികവിദ്യ എപ്പോഴും ദോഷരഹിതമല്ല. പലപ്പോഴും ക്രിസ്തുമതത്തിന് അന്യമായ സിദ്ധാന്തങ്ങളിലേക്കുള്ള വാഹനങ്ങളാണവ. (ഖണ്ഡിക 356) അതായത്, ഇത്തരം വ്യായാമമുറകളും ധ്യാനങ്ങളും സഭ പ്രോത്സാഹിപ്പിക്കുന്നില്ല എന്നാണു നാം മനസ്സിലാക്കേണ്ടത്. 

യേശു തന്റെ പരസ്യജീവിതകാലത്ത് ഏറ്റവും കൂടുതല്‍ പ്രാധാന്യം കൊടുത്തതു രോഗസൗഖ്യത്തിനാണ്, അതിനാല്‍ നമ്മുടെ ആരോഗ്യപരിപാലനത്തിന് ഇത്തരം സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല, എന്നു വാദിക്കുന്നവരുമുണ്ട്. എന്നാല്‍ സത്യം നാം മനസ്സിലാക്കാതെ പോകുന്നു. ശാരീരിക സൗഖ്യത്തിലൂടെ യേശു അവരുടെ ആരോഗ്യം വീണ്ടെടുക്കുക മാത്രമല്ല ചെയ്തത്, ജീവന്റെ പൂര്‍ണ്ണതയായ തന്നില്‍ വിശ്വസിക്കുവാന്‍ അവരെ ക്ഷണിക്കുകയുമാണ്. ക്രിസ്തുവിന്റെ സൗഖ്യ അദ്ഭുതങ്ങള്‍ മനുഷ്യരുടെ ആത്മരക്ഷയെ ലാക്കാക്കിയായിരുന്നുവെന്നു സാരം. ഉദാഹരണത്തിനു ജന്മനാ അന്ധനായിരുന്നവനെ സുഖപ്പെടുത്തിയിട്ട്, അവിടുന്നു ചോദിക്കുന്നതെന്താണ്? “മനുഷ്യപുത്രനില്‍ നീ വിശ്വസിക്കുന്നുവോ?” (യോഹന്നാന്‍ 9:35) എന്നല്ലേ? 
യോഗ, പ്രാണിക് ഹീലിംഗ്, പോസിറ്റീവ് എനെര്‍ജി തുടങ്ങിയവ ക്രിസ്തുവിനെ നിഷേധിക്കുന്നവയാകയാല്‍ ഇവ വെറും വ്യായാമമോ ചികിത്സാരീതിയോ ആയി ചെയ്യുമ്പോഴും ക്രിസ്തുവിനെ നിഷേധിക്കുന്ന ആത്മാവു നമ്മളെ സ്വാധീനിക്കുന്നുണ്ടെന്നതാണു ശരി. 
 “പിതാവിനെയും പുത്രനേയും നിഷേധിക്കുന്നവനാരോ, അവനാണ് അന്തിക്രിസ്തു. (1 യോഹന്നാന്‍ 2:22) അപ്പോള്‍ നമ്മുടെ ആത്മരക്ഷയ്ക്കു കെണി വയ്ക്കുന്ന ഇത്തരം രീതി നാം അഭ്യസിക്കണോ?

മേല്പറഞ്ഞ കാര്യങ്ങളെ സാധൂകരിക്കുന്ന ഒരനുഭവം പറയാം. നല്ല ആത്മീയതയില്‍ ജീവിച്ചിരുന്ന ഒരു യുവാവു തന്റെ തകര്‍ച്ചകള്‍ പങ്കുവയ്ക്കുകയായിരുന്നു.  ആത്മീയതയെ പരിപോഷിപ്പിക്കാനാണ് അയാള്‍ യോഗ അഭ്യസിച്ചു തുടങ്ങിയതെന്നാണു പറഞ്ഞത്. അതോടെ കുറച്ചുകാലമായുണ്ടായിരുന്ന തലവേദന മാറി, മുഖസൗന്ദര്യം വര്‍ദ്ധിച്ചു. അസാമാന്യമായ മെയ്`വഴക്കവും സിദ്ധിച്ചു. പലപ്പോഴും രാത്രികളില്‍ ക്രൂരഭാവങ്ങളുള്ള നൃത്തങ്ങള്‍ ചെയ്യുന്നതു ഹരമായി മാറി. ആത്മീയതയെല്ലാം തകര്‍ന്നടിഞ്ഞു. ലൈംഗികവികാരങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കാതെ ആസക്തികള്‍ക്കു ക്രമേണ അടിമപ്പെട്ടു. ഏകാഗ്രതനഷ്ടപ്പെട്ടു പലപ്പോഴും ആബ്സന്റ് മൈന്‍ഡഡ് ആകാന്‍ തുടങ്ങി. യോഗ അഭ്യസിച്ചുതുടങ്ങിയപ്പോള്‍ മുതല്‍ തന്റെതന്നെ ശരീരത്തോട് ആ യുവാവിന് ആരാധനാമനോഭാവം വളര്‍ന്നതാണു കാരണം.
തന്റെ ചേഷ്ടകളില്‍ സ്ത്രൈണത കൂടിവരുന്നതും ഈ കാലയളവില്‍ അയാള്‍ ശ്രദ്ധിച്ചു. തനിക്കു നിയന്ത്രിക്കാനാകാത്ത ഒരവസ്ഥയിലേക്കു വീണുതുടങ്ങിയെന്ന്‍ ആ യുവാവു സാക്ഷ്യപ്പെടുത്തുന്നു. വചനം പറയുന്നു. “നിങ്ങള്‍ അനുസരണമുള്ള ദാസരെപ്പോലെ നിങ്ങളെത്തന്നെ ആര്‍ക്കെങ്കിലും സമര്‍പ്പിക്കുമ്പോള്‍ നിങ്ങള്‍ അവന്റെ അടിമകളാണെന്നറിയുന്നില്ലേ? (റോമ 6:16)

Children of Immaculate Heart of Holy Mary പ്രസിദ്ധീകരിച്ച നവയുഗ ആത്മീയത എന്ന ലേഖനസമാഹാര ഗ്രന്ഥത്തില്‍, റവ. ഫാദര്‍ സെബാസ്റ്റ്യന്‍ ക്രിസ്റ്റി എഴുതിയ ലേഖനം.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ