2017, മാർച്ച് 9, വ്യാഴാഴ്‌ച

യോഗ - യാഥാര്‍ത്ഥ്യമെന്തു്?

Sword of Light & truth Ministries Inc, 3889, Valley park. Dr. Liburn - GA 30047

വിവര്‍ത്തനം: വിമലഹൃദയത്തിന്റെ മക്കള്‍

പാശ്ചാത്യരാജ്യങ്ങളില്‍ കുറച്ചുകാലമായി, യോഗ വളരെ ജനപ്രിയമാണെന്നുമാത്രമല്ല, കൂടുതലായി ജനപ്രീതിയാര്‍ജ്ജിച്ചുകൊണ്ടിരിക്കുകയുമാണു്. നൃത്തശാലകളിലും ആതുരാലയങ്ങളിലും വിദ്യാലയങ്ങളിലും ഹഠായോഗ ക്ലാസ്സുകള്‍ നടക്കുന്നു. ചില സ്കൂളുകളില്‍ യോഗയ്ക്കായി പ്രത്യേകസമയം നീക്കിവച്ചിട്ടുണ്ടു്. എന്തിനു്, കത്തോലിക്കാ ഇടവകകളിൽപ്പോലും യോഗ പഠിപ്പിക്കുന്നുണ്ടു്. ശരീരത്തിനും മനസ്സിനും വിശ്രാന്തി നല്കുന്നുവെന്നതിനാല്‍ അമേരിക്കക്കാര്‍ യോഗ ഇഷ്ടപ്പെടുന്നു.

എന്താണു യോഗ?
വെബ്സ്റ്റേഴ്സ് നിഘണ്ടുവനുസരിച്ചു യോഗയെന്നതു സ്വന്തം സ്വത്വത്തിന്മേല്‍ നിയന്ത്രണംനേടി, നിഗൂഢ മാന്ത്രികശക്തികള്‍ കരസ്ഥമാക്കുന്നതിനോ പ്രാപഞ്ചികാത്മാവുമായി (ദൈവ സങ്കല്പവുമായി) ഒന്നായിച്ചേരുന്നതിനോവേണ്ടി ഉപയോഗിക്കുന്ന ഒരു ഹൈന്ദവ ആത്മീയ അഭ്യാസമാണു്. യോഗ ഹൈന്ദവമതത്തിന്റെ ഭാഗമാണെന്നതാണു സത്യം. യോഗയുടെ അര്‍ത്ഥംതന്നെ പ്രാപഞ്ചികാത്മാവുമായുള്ള കൂടിച്ചേരല്‍ എന്നാണു്. ഹൈന്ദവ ആത്മീയതയുടെ ഉദ്ദ്യേശംതന്നെ ഒരുവന്റെ യഥാര്‍ത്ഥ സ്വത്വത്തെ (ദൈവം അഥവാ ബ്രഹ്മം എന്നു വ്യവഹരിക്കുന്നതു്) തിരിച്ചറിയുക എന്നതാണു്. എങ്ങനെയാണു് ഈ ആന്തരീക യാഥാര്‍ത്ഥ്യം അഥവാ ദൈവിക വ്യക്തിത്വം തിരിച്ചറിയുന്നതു്? ദൈവസാക്ഷാത്ക്കാരത്തിനായി ശാരീരിക വ്യായാമങ്ങളും ധ്യാനവും മന്ത്രോച്ഛാരണങ്ങളുമടങ്ങുന്ന യോഗയെ അവരുപയോഗിക്കുന്നു. ഭഗവദ്ഗീതയനുസരിച്ചു്, യോഗയില്‍ മുഴുകിയിരിക്കുന്ന ജ്ഞാനികള്‍ പെട്ടെന്നുതന്നെ പരമപദം പ്രാപിക്കുന്നു. (Ref. Shambhala guide to yoga by George Feuerstein)

സിദ്ധാന്തങ്ങള്‍ ക്രിസ്തീയ വിശ്വാസത്തിനെതിരാണോ?
അതെ. ഹൈന്ദവര്‍ കര്‍മ്മഫലത്തിലും പുനര്‍ജ്ജന്മത്തിലും വിശ്വസിക്കുന്നു. പാപഫലത്തെ ആത്മാവുമായി ബന്ധിപ്പിക്കുന്ന കര്‍മ്മചക്രത്തിന്റെ പിടിയില്‍നിന്നു രക്ഷപ്പെട്ടു പുനര്‍ജ്ജന്മമെന്ന അവസ്ഥയില്ലാതാക്കാനായി യോഗയെ ആശ്രയിക്കുന്നു. കാരണം, ഹൈന്ദവവിശ്വാസമനുസരിച്ചു്, ഈ ജന്മത്തിലെ കര്‍മ്മഫലത്തിനനുസരിച്ചാണു് അടുത്ത ജന്മത്തിലെ നമ്മുടെ അവസ്ഥ. എന്നാല്‍ ക്രിസ്തീയ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ക്രിസ്തു, തന്റെ മരണംവഴിയായി നമ്മെ വീണ്ടെടുത്തുവെന്നും നാം ഒരിക്കല്‍മാത്രമേ മരിക്കുകയുള്ളൂ എന്നും വിശ്വസിക്കുന്നു. (ഹെബ്രാ. 9:27) നമ്മുടെ ദൈവം മരണസമയത്തു നമ്മെ വിധിക്കുന്നുവെന്നും നാമറിയുന്നു. നമ്മെ സൃഷ്ടിക്കുകയും സ്നേഹിക്കുകയും നമ്മോടു ക്ഷമിക്കുകയുംചെയ്യുന്ന വ്യക്തിയായ ദൈവമാണു നമ്മുടേതു്.
നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കുകയും അവിടുത്തെ അഭീഷ്ടത്തിനനുസരിച്ചു്, അവിടുന്നു തീരുമാനിക്കുന്ന സമയത്തു പ്രാര്‍ത്ഥനയ്ക്കു മറുപടിനല്കുകയുംചെയ്യുന്ന ദൈവമാണവിടുന്നു്. എന്നാല്‍ ഹൈന്ദവവിശ്വാസമനുസരിച്ചു് ഒരു മഴത്തുള്ളി സമുദ്രത്തിന്റെ ഭാഗമാകുന്നതുപോലെ മനുഷ്യന്‍ ദൈവമായിത്തീരുന്നു.

എന്തൊക്കെയാണു യോഗയുടെ വ്യത്യസ്ത രീതികള്‍?
ന്യൂ ഏജ് കൗണ്ടര്‍ഫീറ്റ് എന്ന പുസ്തകത്തില്‍ ജോണറ്റ് ബെങ്കോവി (New age Counterfeit by Johnnette Benkovie) പറയുന്നതനുസരിച്ചു പ്രധാനമായും നാലു യോഗരീതികളാണുള്ളതു്.

1. ഹഠയോഗ: ശാരീരികാഭ്യാസങ്ങളിലൂടെ മോക്ഷം.
ശാരീരികാഭ്യാസങ്ങളുടെ ഫലമായി, കേന്ദ്ര നാഡീവ്യൂഹത്തിലുണ്ടാകുന്ന മാറ്റങ്ങള്‍മൂലം ബോധമണ്ഡലം തികച്ചും വ്യത്യസ്തമായ ഒരവസ്ഥയിലേക്കു മാറ്റപ്പെടുന്നു. അമേരിക്കയില്‍ ഏറ്റവും പ്രചാരം നേടിയിട്ടുള്ളതു ഹഠയോഗയാണു്. ഷംബല ഗൈഡ് ടു യോഗ (Shambhala guide to yoga) അനുസരിച്ചു് ഹഠയോഗയെന്നാല്‍ ശ്വാസനിയന്ത്രണവും (പ്രാണായാമം) അതുവഴി ശരീരത്തിന്റെ ഊര്‍ജ്ജത്തെ അഥവാ ശക്തിയെ, ഇച്ഛിക്കുന്ന രീതിയില്‍ കൊണ്ടുവരാനുള്ള നിരവധി വിദ്യകളുമാണു്. ഹിന്ദുതത്വശാസ്ത്രമനുസരിച്ചു ''പ്രാണ''യെന്നാല്‍ സര്‍വ്വവ്യവഹാരിയായ പ്രപഞ്ചാത്മാവു് (ദൈവശക്തി) അഥവാ ഊര്‍ജ്ജ പ്രതിഭാസമാണു്.

2. ജപയോഗ: മോക്ഷത്തിലേക്കുള്ള യാന്ത്രികവഴി
ഹിന്ദു ദൈവങ്ങളുടേയോ അതുമല്ലെങ്കില്‍ ഏതെങ്കിലും ദുഷ്ടശക്തിയുടേയോ നാമം ആവർത്തിച്ചു മന്ത്രരൂപത്തില്‍ ചൊല്ലുന്നു. ഇതിലൂടെ മനസ്സുണര്‍ന്നിരിക്കുമ്പോള്‍ത്തന്നെ മറ്റൊന്നിനെക്കുറിച്ചും ബോധവാനല്ലാത്ത അവസ്ഥ സംജാതമാകുന്നു. ഈ അവസ്ഥയെ ശുദ്ധബോധം എന്നോ അതീന്ദ്രിയ ബോധം എന്നോ പറയുന്നു.

3. കുണ്ഡലിനി യോഗ: മോക്ഷത്തിലേക്കുള്ള സര്‍പ്പിള പാത
ഹിന്ദു വിശ്വാസമനുസരിച്ചു നട്ടെല്ലിന്റെ ഏറ്റവുമടിയില്‍ ത്രികോണാകൃതിയില്‍ സുഷുപ്താവസ്ഥയിലുള്ള കുണ്ഡലിനിശക്തിയെ ഉണര്‍ത്തി, ആത്മീയശക്തിയുടെ ആറു കേന്ദ്രങ്ങളിലൂടെ (ഷഡ് ചക്ര) കടത്തി, സഹസ്രാര ചക്രയിലെത്തിച്ചു ശിവനുമായി ഐക്യത്തിലാക്കുന്ന യോഗയാണു കുണ്ഡലിനി യോഗ. ഇതിനെ ലയയോഗ എന്നും പറയുന്നു. തലയുടെ ഉച്ചിയിലേക്കുയരുന്ന കുണ്ഡലിനി ശക്തി ഷഡ്ചക്രകളെ തുളച്ചുകടക്കുന്നു. കുണ്ഡല എന്നതിന്റെയര്‍ത്ഥം ചുരുണ്ടതു് എന്നാണു്. അവളുടെ രൂപം ചുരുണ്ടുകൂടിക്കിടക്കുന്ന സര്‍പ്പത്തിന്റെതാണു്. തന്മൂലമാണു് അതിനു കുണ്ഡലിനി എന്ന പേരു ലഭിച്ചതു്.

4: തന്ത്ര യോഗ
ലൈംഗികതയിലൂടെയും സുഖാനുഭൂതികളിലൂടെയുമുള്ള മോക്ഷപ്രാപ്തിയാണു് ഈ യോഗയിലൂടെ ലക്ഷ്യമിടുന്നതു്.

യോഗയെക്കുറിച്ചുള്ള വത്തിക്കാന്‍ പഠനം
ഈയടുത്ത കാലത്തായി വത്തിക്കാനില്‍നിന്നു് 62പേജുകളുള്ള യേശുക്രിസ്തു ജീവജലത്തിന്റെ വാഹകന്‍ : നവയുഗത്തെക്കുറിച്ചുള്ള ഒരു ക്രിസ്ത്യന്‍ വിചിന്തനം എന്ന ആധികാരിക പഠനരേഖ പുറപ്പെടുവിച്ചിരുന്നു. ന്യൂഏജ് പ്രവണതകളില്‍ ചേര്‍ന്നുവരുന്ന ഒരു വിദ്യയാണു യോഗയെന്നു് അതില്‍ ഉറപ്പിച്ചു പറയുന്നു. ന്യൂഏജ് സിദ്ധാന്തങ്ങളനുസരിച്ചുള്ള സാക്ഷാത്കാരത്തിന്റെയോ ബോധോദയത്തിന്റെയോ അനുഭവത്തിലേക്കു യോഗയും സെന്‍ധ്യാനവും അതീന്ദ്രിയധ്യാനവുമൊക്കെ നയിക്കുന്നുവെന്നു് ഈ രേഖ അടിവരയിട്ടു പറയുന്നു. ബോധാവസ്ഥയെ മാറ്റിമറിക്കാനുതകുന്ന എന്തും നേരത്തേ പറഞ്ഞ പ്രാപഞ്ചികാത്മാവുമായുള്ള ഒന്നാകലിലേയ്ക്കും ബോധോദയത്തിലേയ്ക്കും നയിക്കുമെന്നു് ഈ രേഖ കൂട്ടിച്ചേർക്കുന്നു. "അതുകൊണ്ടുതന്നെ ക്രിസ്തുവിശ്വാസികള്‍ക്കും സഭയ്ക്കും അംഗീകരിക്കാൻ കഴിയാത്തതും ന്യൂഏജ് വിദ്യകളിൽപ്പെടുന്നതുമായ വിദ്യകളെക്കുറിച്ചു് കൃത്യമായ ധാരണയും തിരിച്ചറിവുമുണ്ടായിരിക്കേണ്ടതു് അത്യാവശ്യമാണു്.
വത്തിക്കാന്റെ മുഖ്യ ഭൂതോച്ഛാടകനായ റവ. ഫാദര്‍ ഗബ്രിയേല്‍ അമോര്‍ത്തു് പറയുന്നതു ശ്രദ്ധിക്കുക. "യോഗയും സെന്‍ധ്യാനവും അതീന്ദ്രിയധ്യാനവും ക്രിസ്ത്യാനികള്‍ക്കു് അംഗീകരിക്കാവുന്നതല്ല. നിരുപദ്രവമെന്നു തോന്നിയേക്കാവുന്ന ഇത്തരം കാര്യങ്ങള്‍ മതിഭ്രമത്തിലേക്കും മായാരൂപക്കാഴ്ചകളിലേക്കും നയിക്കാവുന്നവയാണു്.

യോഗയെ ക്രൈസ്തവവത്ക്കരിക്കാമോ?
മുന്‍കാല ന്യൂ ഏജ് പ്രായോജകയും യോഗാഭ്യാസിയുമായ ക്ലെയര്‍ മെര്‍ക്കലിന്റെ അഭിപ്രായത്തില്‍ ക്രൈസ്തവയോഗ എന്നൊന്നില്ല. ക്രൈസ്തവ വിശ്വാസവും മിസ്റ്റിക് അനുഭവങ്ങളും കൂട്ടിച്ചേര്‍ത്തു്, ക്രൈസ്തവ യോഗ എന്നപേരിലിറക്കുന്ന വിദ്യകളെല്ലാംതന്നെ കൂടുതല്‍ അപകടകരവും ദുരുപയോഗിക്കപ്പെടാന്‍ സാദ്ധ്യതയുള്ളതും ആത്മനാശത്തിലേക്കു നയിക്കുന്നതുമാണു്. ഏറ്റവും ശ്രദ്ധേയമായ കാര്യം, ഇത്തരം പരിശീലനം നടത്തുന്നവര്‍ പതുക്കെപ്പതുക്കെ അവരറിയാതെതന്നെ ക്രിസ്തുവിലും സഭയിലുമുള്ള വിശ്വാസത്തില്‍നിന്നകന്നു്, ശാരീരിക സുഖസാക്ഷാത്കാരമാണു് ആത്മീയാരോഗ്യത്തിന്റെ മകുടം എന്ന ചിന്തയിലേക്കു പോകുകയും തന്നില്‍ത്തന്നെ സാക്ഷാത്കാരം നേടാന്‍ ശ്രമിക്കുകയുംചെയ്യുന്നു എന്നതാണു്. ക്രൈസ്തവ യോഗ എന്ന പേരുതന്നെ അതു നിരുപദ്രവമാണു് എന്ന തെറ്റായ ബോദ്ധ്യത്തിലേക്കു ജനങ്ങളെ നയിക്കും.

(EWTN  ടെലിവിഷനിലെ ജോണറ്റ് ബെങ്കോവിറ്റിന്റെ ലിവിങ് ഹിസ് ലൈഫ് അബൻന്റ്ലി എന്ന പരിപാടിയിലൂടെ പ്രശസ്തയായ ക്ലെയര്‍ മെര്‍ക്കലിന്റെ മെയില്‍ id - crossveil@gmail.com   www.crossveil.org എന്ന വെബ്സൈറ്റിലെ Yoga health or Stealth? എന്ന ലേഖനവും വായിക്കുക)

ആസനങ്ങള്‍മാത്രംചെയ്യുന്നതു ദോഷരഹിതമാണോ?
ശ്വസനനിയന്ത്രണവും മാനസികവ്യായാമങ്ങളുംപോലെതന്നെ, ശാരീരികവ്യാപാരങ്ങള്‍ക്കും ഗൂഢാര്‍ത്ഥങ്ങളുണ്ടെന്നും അവ അതിന്റേതായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും മെര്‍ക്കലേ പറയുന്നു. മനുഷ്യശരീരത്തില്‍ പരസ്പരബന്ധിതവും സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടതുമായ നാഡീവ്യൂഹവും അസ്ഥികളും ആന്തരാവയവങ്ങളും ബോധധാരകളുമുണ്ടു്. മെയ്വഴക്കത്തിലൂടെയും മനസ്സിന്റെയോ ബുദ്ധിയുടെയോ ഇടപെടലിലൂടെയും ഉണര്‍ത്തപ്പെടുന്ന മാന്ത്രിക ഗൂഢശക്തികളിലൂടെയും ഇത്തരം വിദ്യകള്‍ക്കു വ്യക്തികളില്‍ ചില വിഷമാവസ്ഥകള്‍ സൃഷ്ടിക്കാന്‍കഴിയും. യോഗാസനങ്ങള്‍വഴി കിട്ടുമെന്നവകാശപ്പെടുന്ന അധികശക്തി അഥവാ ക്ഷീണമില്ലായ്മ എന്ന അവസ്ഥയ്ക്കുകാരണം സ്ട്രെച്ചിങ് എക്സര്‍സൈസിലൂടെകിട്ടുന്ന അധിക രക്തചംക്രമണവും അധിക പേശീബലവുമാണെന്നു് അവര്‍ പറയുന്നു.

എന്നാല്‍ ഇവയ്ക്കു നമ്മുടെ ശരീരത്തിലെ അന്തഃസ്രാവി ഗ്രന്ഥിവ്യവസ്ഥയേയും സ്വാധീനിക്കുവാന്‍ കഴിയും. യോഗ ചെയ്തുതുടങ്ങിയതിനുശേഷം ഉറക്കം നിറുത്തിയ ഒരു സുഹൃത്തിനെക്കുറിച്ചും ശ്രീമതി ക്ലെയര്‍ മെര്‍ക്കലേ പറയുന്നു. ഈ സ്ത്രീ, ശ്ലേഷ്മഗ്രന്ഥിയെ ഉത്തേജിപ്പിക്കുന്ന ചില ആസനങ്ങള്‍ പതിവായി ചെയ്യുകയും നിഗൂഢശക്തികളെ ശ്ലേഷ്മഗ്രന്ഥിയിലേക്കു സന്നിവേശിപ്പിക്കുന്ന ചില പ്രാണായാമമുറകള്‍ അഭ്യസിക്കുകയും ചെയ്തിരുന്നുവത്രേ.

കിഴക്കന്‍ രാജ്യങ്ങളില്‍ കുണ്ഡലിനി ഉണര്‍വ്വ് എന്നുപറയുന്ന അനുഭവം, യോഗയിലൂടെ ഉണ്ടായതായി നിരവധിപേര്‍ പറയുന്നുണ്ടു്. നട്ടെല്ലില്‍ക്കൂടെ മുകളിലേക്കുപോകുന്ന അഗ്നിപ്രവാഹംപോലെയൊന്നാണിതു്. ഇതിന്റെ ദൂഷ്യഫലങ്ങളായി ഉറക്കമില്ലായ്മ, പ്രേതദര്‍ശനം, അമാനുഷികശക്തി, ശരീരവുമായി വേര്‍പെടുന്ന അനുഭവം, ദീര്‍ഘകാലത്തേയ്ക്കു നാഡീവ്യൂഹത്തിന്റെ സാധാരണ പ്രവര്‍ത്തനം നിലയ്ക്കല്‍ എന്നിവ സംഭവിക്കാം.
തന്റെ അറിവില്‍ കുണ്ഡലിനി ഉണര്‍ന്ന ഒരു വ്യക്തിയെ പരിചയമുണ്ടെന്നും അയാള്‍ക്കു്, സ്വശരീരത്തിനുള്ളില്‍ മറ്റൊരു വ്യക്തി അഥവാ ശക്തിയുള്ളതായും ഈ ശക്തി ഭൗതികശരീരത്തിനുമേല്‍ ബലംപ്രയോഗിക്കുന്നതായും തള്ളുന്നതായും തോന്നുന്നുവെന്നും തത്ഫലമായി ജോലിയുപേക്ഷിച്ചു പോകേണ്ടതായി വന്നുവെന്നും ക്ലെയര്‍ മെര്‍ക്കലേ സാക്ഷ്യപ്പെടുത്തുന്നു. ഈ വ്യക്തിക്കു ശരീരത്തില്‍ നിലനില്ക്കുകയെന്നതു് അസാദ്ധ്യമായിത്തോന്നി എന്നാണു ക്ലെയര്‍ പറയുന്നതു്. ഈ സുഹൃത്തിനെ അവര്‍ ഒരു ഭൂതോച്ഛാടകന്റെയടുത്തേക്കു്  അയയ്ക്കുകയാണുചെയ്തതു്.

ഓജോബോര്‍ഡു് തുടക്കത്തില്‍ വെറുമൊരു ഗയിമായിക്കണ്ടിരുന്നല്ലോ. പക്ഷേ, അതിനു് അതിഭയങ്കരമായ പ്രത്യാഘാതങ്ങളുണ്ടു്. ഇതുപോലെതന്നെ, യോഗ, ഗൂഢവും ഗുപ്തവുമായ മാന്ത്രികതലങ്ങളിലേക്കുള്ള നേരിട്ടുള്ള പ്രവേശനദ്വാരമാണു്. ഒരു വ്യക്തി എത്രത്തോളം കൂടുതല്‍ ആത്മാവബോധമുള്ളയാളാണോ, അത്രയധികം ശക്തമായി ഇത്തരമനുഭവങ്ങളുണ്ടാവുകയുംചെയ്യും. അതോടൊപ്പം നമ്മുടെയുള്ളിലുള്ള ഏതെങ്കിലും മാനസിക ദൗര്‍ബ്ബല്യമോ, വൈകല്യമോ അത്രയധികം ആനുപാതികമായി വര്‍ദ്ധിപ്പിക്കാനുമിടയാകും. ബുദ്ധിഭ്രമമുണ്ടാകുന്ന അവസ്ഥയുമപൂര്‍വ്വമല്ല. ഫാദര്‍ ഗബ്രിയേല്‍ അമോര്‍ത്തിന്റെ അഭിപ്രായത്തില്‍, ന്യൂ ഏജ് ഗൂഢവിദ്യകൾ അഭ്യസിക്കുന്നവർക്കു് പൈശാചിക ശക്തികളില്‍നിന്നുള്ള വിടുതല്‍ ആവശ്യമായി വന്നേക്കാം.

പൗരസ്ത്യമതങ്ങളില്‍ അഭിരമിക്കുന്നതിനെപ്പറ്റി ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പയുടെ മുന്നറിയിപ്പു്
06/11/2003ലെ 0ur Sunday Visitor ൽ മരിയാന ബര്‍ത്തലോമിയ, Is it too much of a stretch എന്നതലക്കെട്ടില്‍ ഒരു ലേഖനമെഴുതിയിരുന്നു. ക്രിസ്തുവിലുള്ള വിശ്വാസത്തിലാഴപ്പെടാനും ദൈവവുമായുള്ള വ്യക്തിബന്ധത്തില്‍ യോഗപോലുള്ള ന്യൂ ഏജ് വിദ്യകള്‍ അഭ്യസിക്കയാല്‍ വിള്ളല്‍വീണിട്ടുണ്ടോയെന്നു പരിശോധിക്കാനും സഭ ക്രിസ്ത്യാനികളോടാവശ്യപ്പെടുന്നതായി എഴുതിയിരിക്കുന്നു. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പയുടെ പ്രത്യാശയുടെ പടിവാതില്‍ക്കല്‍ (Crossing the Threshold of Hope) എന്ന പുസ്തകത്തില്‍ പൌരസ്ത്യ മതരീതികള്‍ ആവേശത്തോടെ സ്വാഗതംചെയ്യുന്ന ക്രിസ്ത്യാനികള്‍ക്കു മുന്നറിയിപ്പുകൊടുക്കുന്ന കാര്യം ഈ ലേഖനത്തില്‍ ഉദ്ധരിക്കുന്നുണ്ടു്.

നമ്മുടെ സഭയില്‍, യോഗ എത്രമാത്രം വ്യാപകമാണു്?
മെര്‍ക്കലിന്റെ അഭിപ്രായത്തില്‍ ഒരുപാടുപേര്‍ യോഗാസംഘങ്ങളിലോ ആശ്രമങ്ങളിലോ എത്തിപ്പെടുന്നുണ്ടു്. ഈ ആശയക്കുഴപ്പത്തിനിടയിലാണു പല കൃസ്തീയ പുരോഹിതരും അദ്ധ്യാപകരും കൗണ്‍സലര്‍മാരും യോഗ അഭ്യസിക്കുകയും പൗരസ്ത്യ മതതത്വങ്ങളനുസരിച്ചു ജീവിക്കുകയും ഇവയെക്കുറിച്ചെഴുതുകയും അവയെ പിന്തുണയ്ക്കുകയും ചെയ്യുന്നതു്.
യോഗ അതില്‍ത്തന്നെ ശരിയാണോ അതുചെയ്യുന്നതു കൃസ്ത്യാനിക്കനുവദനീയമാണോ, തുടങ്ങിയ കാര്യങ്ങളില്‍ സാമാന്യജനങ്ങളില്‍ തെറ്റിദ്ധാരണ നിലനില്ക്കുമ്പോള്‍ത്തന്നെ ഇക്കൂട്ടര്‍ യോഗയേയും പൗരസ്ത്യ ആത്മീയരീതികളേയും കൃസ്ത്യന്‍ മിസ്റ്റിസിസവുമായി കൂട്ടിക്കുഴയ്ക്കുകയുംചെയ്യുന്നു. മാനസികത്തകര്‍ച്ച നേരിട്ടവര്‍ക്കുവേണ്ടിയുള്ള, എനിക്കറിയാവുന്ന ഒരു പുനരധിവാസ കേന്ദ്രത്തില്‍ യോഗ പരിശീലിപ്പിക്കുന്നുണ്ടു്. നേരത്തേ പരാമര്‍ശിച്ച ക്ലെയര്‍ മെര്‍ക്കലേതന്നെ സ്ഥിരമായി ഒരാശ്രമത്തില്‍പോയിരുന്ന ഒരു ക്രൈസ്തവ പുരോഹിതന്‍വഴിയാണു യോഗയിലെത്തിപ്പെട്ടതു്.

ചുരുക്കിപ്പറഞ്ഞാല്‍ നാം ഇനിപ്പറയുന്ന കാര്യങ്ങളെക്കുറിച്ചു ശ്രദ്ധയുള്ളവരായിരിക്കണം.
1. യോഗ ന്യൂ ഏജ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടതാണെന്നു വത്തിക്കാന്‍ രേഖകള്‍ വിലയിരുത്തിയിട്ടുണ്ടു്.
2. മാന്ത്രിക - ഗൂഢവിദ്യകളുടെ ലോകത്തേയ്ക്കുള്ള പ്രവേശന കവാടമാണു യോഗ.
3. നവയുഗ സിദ്ധാന്തങ്ങള്‍ സത്യവിശ്വാസികളായ കത്തോലിക്കര്‍ക്കു സ്വീകാര്യമല്ലെന്നു വത്തിക്കാന്‍ രേഖകള്‍ പഠിപ്പിക്കുന്നു.

നമുക്കു വ്യായാമം വേണമെങ്കില്‍, എന്തുകൊണ്ട് എയറോബിക്സോ, നടത്തമോ, നീന്തലോ അഭ്യസിച്ചുകൂടാ? അങ്ങനെചെയ്താല്‍ നമ്മുടെ ശരീരത്തിനു ഗുണം ലഭിക്കുകയും ക്രൈസ്തവ വിശ്വാസത്തിനെതിരായ തത്വസംഹിതകളിലേക്കും വിശ്വാസങ്ങളിലേക്കും നമ്മുടെ ആത്മാവു വഴുതിവീഴാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും.

2017, മാർച്ച് 7, ചൊവ്വാഴ്ച

യോഗ: തത്വവും പരിശീലനവും ക്രൈസ്തവ വിരുദ്ധം.

റവ. ഫാദർ ജയിംസ് മാഞ്ഞാക്കൽ MSFS - www.jmanjackal.net

Christian Yoga

ലോകമെമ്പാടും ക്രൈസ്തവരുടെയിടയില്‍പ്പോലും യോഗയോടുള്ള താല്പര്യം വര്‍ദ്ധിച്ചുവരുന്ന കാലമാണിത്. നിഗൂഢവിദ്യകളായ റെയ്കിപുനര്‍ജ്ജനനംപ്രാണിക് ഹീലിംഗ്റിഫ്ലക്സോളജി തുടങ്ങിയവയിലേക്കും ഈ താല്പര്യം വ്യാപിച്ചു. 'യേശുക്രിസ്തു ജീവജലത്തിന്റെ വാഹകന്‍' എന്ന രേഖയില്‍ വത്തിക്കാന്‍ ഇവയ്ക്കെതിരേ മുന്നറിയിപ്പു നല്കുന്നുണ്ട്.

ചിലര്‍ക്കു യോഗ, വിശ്രാന്തിക്കും ടെന്‍ഷനില്‍നിന്നുള്ള മോചനത്തിനുമുള്ള മാര്‍ഗ്ഗമാണ്. മറ്റു ചിലര്‍ക്കത് ആരോഗ്യപരിപാലനത്തിനും വ്യായാമത്തിനുമുള്ള ഉപാധിയാണ്. ചുരുക്കം ചിലര്‍ രോഗങ്ങളില്‍നിന്നു സൗഖ്യം ലഭിക്കാന്‍ യോഗയുപയോഗിക്കുന്നു. 
ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായ യേശുവാണു് എല്ലാ പ്രശ്നങ്ങളുടേയും പരിഹാരം. യേശുവിന്റെ കുരിശിലെ മരണംവഴി ദൈവം ലോകത്തോടു് അനുരഞ്ജനപ്പെട്ടു. ക്രിസ്തുവിലുള്ള  വിശ്വാസംമാത്രംവഴിയായി രക്ഷയുടെ എല്ലാ ഫലങ്ങളും സൗജന്യമായി സ്വീകരിക്കാന്‍ അവനിന്നു മനുഷ്യനെ ക്ഷണിക്കുന്നു. യോഗയില്‍നിന്നു വ്യത്യസ്തമായി രക്ഷ ദൈവത്തില്‍നിന്നുള്ള സൗജന്യ ദാനമാണെന്നു ക്രിസ്തുമതം പഠിപ്പിക്കുന്നു. സ്വപ്രയത്നംകൊണ്ടു നേടാന്‍ സാധിക്കാത്ത ദാനമാണതു്...

സാധാരണ അല്മായ വിശ്വാസികള്‍ക്കും കത്തോലിക്കാ പുരോഹിതര്‍ക്കും യോഗയുടെ ഉപയോഗത്തെക്കുറിച്ചു് ആശയക്കുഴപ്പമുണ്ടു്. ചില സമയങ്ങളില്‍ ആരോഗ്യമേഖലയില്‍ മാത്രമൊതുങ്ങിനിന്ന യോഗയില്‍ മറ്റു സന്ദര്‍ങ്ങളില്‍ ആത്മീയതലംകൂടി പ്രകടമാകുന്നതും പലപ്പോഴും ഇരുതലങ്ങളും യോഗയില്‍ സമ്മേളിക്കുന്നതുമാണു് ഈ ആശയക്കുഴപ്പത്തിന്റെ കാരണം. അടിസ്ഥാനപരമായി യോഗ ഒരാത്മീയ ശിക്ഷണമാണു്. ധ്യാനത്തിനും പ്രാര്‍ത്ഥനയ്ക്കും സഹായി എന്നനിലയില്‍ സെമിനാരികളിലും നൊവീഷ്യേറ്റുകളിലും യോഗ പ്രോത്സാഹിപ്പിക്കുന്ന വൈദികരേയും സന്യാസിനികളേയും എനിക്കറിയാം.

ഇഗ്നേഷ്യസ് ലയോള, ഫ്രാന്‍സീസ് അസീസി, ആവിലായിലെ വിശുദ്ധ തെരേസ തുടങ്ങിയ വിശുദ്ധര്‍ പ്രാര്‍ത്ഥനയ്ക്കും ശിക്ഷണത്തിനുമായി പകര്‍ന്നു നല്കിയ ആദ്ധ്യാത്മികതയിലും മിസ്റ്റിസിസത്തിലും കത്തോലിക്കര്‍ക്കു വിശ്വാസം നഷ്ടപ്പെടുന്നുവെന്നതു വേദനാജനകമാണു്. സഭയില്‍ത്തന്നെ ലഭ്യമായ ഇവയെ നിരാകരിച്ചുകൊണ്ടാണു ഹൈന്ദവമതത്തില്‍നിന്നും ബുദ്ധമതത്തില്‍നിന്നും രൂപപ്പെട്ട, പൗരസ്ത്യ ആദ്ധ്യാത്മികതയേയും മിസ്റ്റിസിസത്തേയും കത്തോലിക്കര്‍ പിഞ്ചെല്ലുന്നതു്. ഈ സാഹചര്യത്തില്‍ ക്രൈസ്തവ മൂല്യങ്ങളുമായുള്ള യോഗയുടെ പൊരുത്തത്തെക്കുറിച്ചും ക്രൈസ്തവ പ്രാര്‍ത്ഥനയിലും ധ്യാനത്തിലും അവ ഉള്‍ച്ചേര്‍ക്കുന്നതിലെ ഔചിത്യത്തെക്കുറിച്ചും യഥാര്‍ത്ഥ ക്രൈസ്തവവിശ്വാസി അന്വേഷണം നടത്തേണ്ടതുണ്ടു്..

എന്താണു യോഗ?
കുരിശു ധരിച്ചുകൊണ്ടു യോഗ അഭ്യസിക്കുന്നവര്‍യോഗയ്ക്കു ഹൈന്ദവമതവുമായി ബന്ധമില്ലെന്നു പറയുകയാണെങ്കില്‍ അതു കബളിപ്പിക്കലാണു്.

യോഗയെന്ന വാക്കിന്റെയര്‍ത്ഥം കൂടിച്ചേരല്‍ എന്നത്രേ. 'ജീവ' എന്നു വിശേഷിപ്പിക്കുന്ന ഒരാളുടെ വ്യക്തിത്വം (അഹം) ഹൈന്ദവ ഈശ്വരസങ്കല്പമായ 'ബ്രഹ്മ'ത്തോടു കൂടിച്ചേരുന്നു. ഈ  ദൈവം വ്യക്തിയല്ല, മറിച്ചു് പ്രകൃതിയുടേയും കോസ്‌മോസിന്റെയും ആദ്ധ്യാത്മികഘടനയുടെ അടിസ്ഥാനവസ്തുവാണു്. എല്ലായിടത്തും വ്യാപിച്ചിരിക്കുന്ന, എല്ലാറ്റിനേയും ചൂഴ്ന്നുനില്‍ക്കുന്ന, എല്ലാറ്റിന്റേയും അടിസ്ഥാനമായ, വ്യക്തിസ്വഭാവമില്ലാത്ത സ്വര്‍ഗ്ഗീയ വസ്തുവാണു 'ബ്രഹ്മം' എന്നു ഹൈന്ദവര്‍ വിശ്വസിക്കുന്നു. 1000 ബി.സി.യോളം പഴക്കമുള്ള ഹൈന്ദവ ഉപനിഷത്തുകളില്‍ യോഗയുടെ വേരുകള്‍ കണ്ടെത്താന്‍ കഴിയും. യോഗയിലൂടെ, നിന്റെയുള്ളിലെ പ്രകാശം ബ്രഹ്മത്തിന്റെ പ്രകാശവുമായി ലയിക്കുന്നുവെന്നു് അവയില്‍ പറഞ്ഞുവയ്ക്കുന്നു. "പരമമായതു നിന്റെയുള്ളില്‍ത്തന്നെയാണു്"(തത്വമസി) എന്നു ഛന്ദോഗ്യോപനിഷത്തില്‍ പറയുന്നു. 'ജീവാ' എന്നു വിളിക്കുന്ന സൂക്ഷ്മകോസ്മിക് പ്രതിനിധിയിലൂടെ ദൈവം ഓരോ മനുഷ്യരിലും വസിക്കുന്നുവെന്നു ഹൈന്ദവമതം പഠിപ്പിക്കുന്നു. തന്റെതന്നെ 'നിത്യമായ ഭാഗ'മാണു 'ജീവാ' എന്നു ഭഗവത്ഗീതയില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ പറയുന്നുണ്ടു്.

അജ്ഞതയില്‍നിന്നു ബോധോദയത്തിലേക്കു നയിക്കുന്ന യോഗയുടെ എട്ടു ചവിട്ടുപടികള്‍ ഏ.ഡി. 150-ാമാണ്ടില്‍ യോഗി പതഞ്ജലി വിശദീകരിക്കുന്നുണ്ടു്. ആത്മനിയന്ത്രണം (യമം), മതാനുഷ്ഠാനം (നിയമം), പോസ്ചറുകള്‍ (ആസനം), ശ്വാസോശ്ഛ്വാസ വ്യായാമങ്ങള്‍ (പ്രാണായാമം), ഇന്ദ്രിയ നിയന്ത്രണം (പ്രത്യഹാര), ഏകാഗ്രത (ധാരണ), ആഴത്തിലുള്ള ധ്യാനം (ധ്യാന), ബോധോദയം (സമാധി) എന്നിവയാണവ. പാശ്ചാത്യലോകം പൊതുവേ യോഗയെന്നു വിശേഷിപ്പിക്കുന്ന ആസനങ്ങളും പ്രാണായാമവും ബ്രഹ്മവുമായുള്ള ഐക്യത്തിലേക്കുള്ള മൂന്നും നാലും പടികളാണെന്നതു ശ്രദ്ധേയമാണു്. യോഗ ശാരീരിക വ്യായാമമുറ മാത്രമല്ല, ആത്മാവിനെ ദൈവവുമായുള്ള പൂര്‍ണ്ണ ഐക്യത്തിലേക്ക് എത്തിക്കുമെന്നു് അവകാശപ്പെടുന്ന ആത്മീയശിക്ഷണം കൂടിയാണെന്നു മേല്പറഞ്ഞവയില്‍നിന്നു വ്യക്തമാണു്. ഭൗതികമനുഷ്യനും ദൈവവും യാതൊരു വ്യത്യാസവുമില്ലാതെ ഒന്നായിത്തീരുന്ന അവസ്ഥയാണു സമാധി.*
(* ബ്രാഡ്സ്കോട്ട് - യോഗ വ്യായാമമുറയോ മതാനുഷ്ഠാനമോ? യോഗടീച്ചര്‍ നിങ്ങളെ പഠിപ്പിക്കാത്ത കാര്യങ്ങള്‍ - watchman expositor 18th volume, no 2, 2001)

സൃഷ്ടിയേയും സ്രഷ്ടാവിനേയും -മനുഷ്യനേയും ദൈവത്തേയും - വ്യക്തമായി വേര്‍തിരിച്ചുകാണുന്ന ക്രൈസ്തവ വിശ്വാസത്തിനു വിരുദ്ധമാണിതു്.  ക്രൈസ്തവ വിശ്വാസത്തില്‍ ദൈവം 'അഹ'ത്തിന്റെ ഭാഗമല്ല.  "നിന്റെ ശരീരം ദൈവത്തിന്റെ ആലയമാണു്, ജീവജലത്തിന്റെ അരുവികള്‍ നിന്നില്‍നിന്നൊഴുകും, ഇനി ഞാനല്ല എന്നില്‍ ക്രിസ്തു ജീവിക്കുന്നു" തുടങ്ങിയ വചനഭാഗങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ യോഗയുടേയും റെയ്കിയുടേയും പ്രചാരകര്‍ ശ്രമിക്കുന്നതു ദുഃഖകരമാണു്. ബൈബിളിലെ വാക്യങ്ങളുടെ അര്‍ത്ഥവും സാഹചര്യവും ശരിയായി മനസ്സിലാക്കാതെയാണു് അവര്‍ ഇങ്ങനെ ചെയ്യുന്നതു്.

യേശുവിനെ യോഗി എന്നു വിളിക്കുന്നവര്‍ അവിടുത്തെ ദൈവത്തവും പരിശുദ്ധിയും പൂര്‍ണ്ണതയും നിരാകരിക്കുകയാണു്. അജ്ഞതയ്ക്കും മായയ്ക്കും വിധേയമായ ന്യൂനത അവന്റെ സ്വഭാവത്തിലുണ്ടെന്നാണു് അതിലൂടെ പറയുന്നതു്. യോഗയിലെ വ്യായാമത്തിലൂടെയും അഭ്യാസങ്ങളിലൂടെയും മനുഷ്യപ്രകൃതിയില്‍നിന്നും അവന്‍ മോചിതനാകണമെന്നും അര്‍ത്ഥം വരുന്നു. ദൈവമാണെല്ലാമെന്നും എല്ലാം ദൈവമാണെന്നും പറയുന്ന യോഗ, ക്രൈസ്തവ ആദ്ധ്യാത്മികതയുമായി ചേര്‍ന്നുപോകുന്നതെങ്ങനെ? പരമസത്യമായി ഒന്നുമാത്രമേയുള്ളുവെന്നും മറ്റെല്ലാം മായയാണെന്നും പറയുന്ന സിദ്ധാന്തത്തില്‍ സ്നേഹത്തിനോ ബന്ധങ്ങള്‍ക്കോ സ്ഥാനമില്ല. പിതാവും പുത്രനും പരിശുദ്ധാത്മാവും കൂടിച്ചേരുന്ന ത്രീത്വൈക ദൈവത്തിലുള്ള വിശ്വാസമാണു ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രബിന്ദു. യഥാര്‍ത്ഥ സ്നേഹത്തിന്റെ മകുടോദാഹരണമാണിതു്. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധമാണു ക്രൈസ്തവ വിശ്വാസത്തിന്റെ ആകെത്തുക. നീ നിന്‍െറ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണമനസ്സോടുംകൂടെ സ്‌നേഹിക്കുക. ഇതാണു പ്രധാനവും പ്രഥമവുമായ കല്പന.  രണ്ടാമത്തെ കല്പനയും ഇതിനുതുല്യം തന്നെ. അതായത്‌, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക (മത്തായി 22:37-39)

ഹൈന്ദവവിശ്വാസത്തില്‍ നന്മയും തിന്മയും വേദനയും സുഖവും ഒന്നുപോലെ മായയാണു്. അതുകൊണ്ടു് അയഥാര്‍ത്ഥവും. 'നന്മയും തിന്മയും ഒന്നുതന്നെ'യെന്നാണു് ആധുനിക ഹൈന്ദവവിശ്വാസത്തിന്റെ പ്രമുഖ ആചാര്യനായ സ്വാമി വിവേകാനന്ദന്‍ പറയുന്നതു്. ദൈവത്തിന്റെ പരിശുദ്ധിക്കെതിരായ, പാപമെന്ന പ്രശ്നം ക്രൈസ്തവവിശ്വാസത്തില്‍നിന്നു മാറ്റിനിറുത്താവുന്ന ഒന്നല്ല. പാപമുള്ളതുകൊണ്ടാണു രക്ഷകനായ ക്രിസ്തുവിന്റെ ആവശ്യം നമുക്കുണ്ടായതു്. യേശുവിന്റെ മനുഷ്യാവതാരവും പീഢാസഹനവും കുരിശുമരണവും  ഉത്ഥാനവും നമുക്കു  രക്ഷനേടിത്തന്നു.

പാപത്തില്‍നിന്നും അതിന്റെ പരിണിത ഫലങ്ങളില്‍നിന്നുള്ള മോചനമാണു യേശുവിലൂടെ ലഭിച്ചത്. യോഗപോലുള്ള പൗരസ്ത്യ ധ്യാനരീതി സ്വീകരിക്കുവാനായി അടിസ്ഥാനപരമായ ഈ വ്യത്യാസം നമുക്കു് അവഗണിക്കാനാകില്ല. ഏറ്റവും മികച്ച അവസ്ഥയില്‍ യോഗ വിജാതീയവിദ്യയായി കണക്കാക്കാമെങ്കില്‍ ഗൂഢവിദ്യ (ഒക്കള്‍റ്റ്) എന്നതാണ് ഏറ്റവും മോശമായ അവസ്ഥ. കുരിശു ധരിച്ചുകൊണ്ടു യോഗ അഭ്യസിക്കുന്നവര്‍, യോഗയ്ക്കു ഹൈന്ദവമതവുമായി ബന്ധമില്ലെന്നു പറയുകയാണെങ്കില്‍ അതു കബളിപ്പിക്കലാണു്. ചില ക്രൈസ്തവ അടയാളങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട്, 'ക്രൈസ്തവ യോഗ' എന്നപേരില്‍ മുഖംമൂടി ധരിപ്പിച്ചുകൊണ്ടുള്ള യോഗക്ലാസ്സുകളുമുണ്ടു്. മറ്റു സംസ്കാരങ്ങളെ അംഗീകരിക്കുന്നതല്ല ഇവിടെ പ്രശ്നം. നമ്മുടെ മതത്തിനും മതതത്വങ്ങള്‍ക്കും ചേരാത്തവ സ്വീകരിക്കണമോയെന്ന ചോദ്യമാണുദിക്കുന്നതു്.

കിന്റര്‍ ഗാര്‍ട്ടന്‍ മുതല്‍ മെഡിസിനും മനഃശാസ്ത്രവും പഠിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍വരെ യോഗ വ്യാപിച്ചിരിക്കുന്നുവെന്നതു് ഏറെ ദുഃഖകരമാണു്. യോഗ, ശാസ്ത്രവിഷയമല്ലാത്തപ്പോഴും ശാസ്ത്രമെന്നാണു് അവകാശവാദം. റിലാക്സേഷന്‍ ടെക്നിക്, സെല്‍ഫ് ഹിപ്നോസിസ്, ക്രിയേറ്റീവ് വിഷ്വലൈസേഷന്‍ തുടങ്ങിയ പേരുകളിലാണു് അവ വില്‍ക്കപ്പെടുന്നതു്. അമേരിക്കയിലും യൂറോപ്പിലും വന്‍പ്രചാരം നേടിയ ഹഠായോഗ പ്രാചീന ഹൈന്ദവമതം അംഗീകരിച്ച ആറെണ്ണത്തില്‍ ഒന്നാണു്. മതത്തിന്റെയും മിസ്റ്റിസിസത്തിന്റെയും വേരുകളുള്ള ഇത് ഏറ്റവും അപകടകാരിയാണു്. 

വിശുദ്ധ പൗലോസിന്റെ വാക്കുകള്‍ അനുസ്മരിക്കുക. 'അദ്‌ഭുതപ്പെടേണ്ടാ, പിശാചുപോലും പ്രഭാപൂര്‍ണ്ണനായ ദൈവദൂതനായി വേഷംകെട്ടാറുണ്ടല്ലോ.' (2 കോറിന്തോസ്‌ 11:14) യോഗയിലൂടെയും മറ്റു പൗരസ്ത്യ ധ്യാനരീതികളിലൂടെയും പ്രാര്‍ത്ഥനകളിലൂടെയും ചിലരൊക്കെ സൗഖ്യം നേടുന്നുണ്ടു് എന്നുള്ളതു സത്യമാണു്. സൗഖ്യവും മറ്റു ഭൗതികനേട്ടങ്ങളുമാണോ അതോ എല്ലാ സൗഖ്യത്തിന്റെയും ഉറവിടമായ ക്രിസ്തുവിനെയാണോ വേണ്ടതെന്നു ക്രൈസ്തവര്‍ സ്വയം ചോദിക്കണം.

ദൈവമാകാനുള്ള ആഗ്രഹമായിരുന്നു കാലഗണനക്രമപ്രകാരം ബൈബിളില്‍ രേഖപ്പെടുത്തിയ സൃഷ്ടിവിവരണത്തിലെ ആദ്യത്തെയും രണ്ടാമത്തേയും പാപം.
"നീ തന്നത്താന്‍ പറഞ്ഞു: ഞാന്‍ സ്വര്‍ഗ്ഗത്തിലേക്കു കയറും. ഉന്നതത്തില്‍ ദൈവത്തിന്‍െറ നക്‌ഷത്രങ്ങള്‍ക്കുപരി എന്‍െറ സിംഹാസനം ഞാന്‍ സ്‌ഥാപിക്കും. ഉത്തരദിക്കിന്‍െറ അതിര്‍ത്തിയിലെ സമാഗമപര്‍വ്വതത്തിന്‍െറ മുകളില്‍ ഞാനിരിക്കും;
ഉന്നതമായ മേഘങ്ങള്‍ക്കുമീതേ ഞാന്‍ കയറും. ഞാന്‍ അത്യുന്നതനെപ്പോലെയാകും." (ഏശയ്യാ 14: 13-14) "സര്‍പ്പം സ്‌ത്രീയോടു പറഞ്ഞു: നിങ്ങള്‍ മരിക്കുകയില്ല.
അതു തിന്നുന്നദിവസം നിങ്ങളുടെ കണ്ണുകള്‍ തുറക്കുമെന്നും, നന്മയും തിന്മയുമറിഞ്ഞു നിങ്ങള്‍ ദൈവത്തെപ്പോലെയാകുമെന്നും ദൈവത്തിനറിയാം." (ഉല്പത്തി 3: 4-5) ദൈവവും മനുഷ്യനും ഒന്നാണെന്ന വിശ്വാസമാണു് യോഗയുടെ തത്വത്തിന്റെയും പരിശീലനത്തിന്റെയും അടിസ്ഥാനം. യഥാര്‍ത്ഥ ദൈവത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനു പകരം തന്നില്‍ത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അതു പ്രോത്സാഹനം നല്കുന്നു. ജീവിതത്തിന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും പരിശുദ്ധാത്മാവിന്റെ കൃപയാല്‍ വചനത്തിന്റെ വെളിച്ചത്തില്‍ ഉത്തരം കണ്ടെത്തുന്ന ക്രൈസ്തവമതത്തിനു വിരുദ്ധമായി തന്റെതന്നെ മനസ്സില്‍നിന്നും ബുദ്ധിയില്‍നിന്നും ഉത്തരം കണ്ടെത്താന്‍ യോഗ പഠിപ്പിക്കുന്നു. ഇതിലൂടെ ദൈവത്തില്‍നിന്നും സഭയില്‍നിന്നും കുഞ്ഞാടുകളെ തട്ടിക്കൊണ്ടുപോകാന്‍ ശത്രുവിനു തീര്‍ച്ഛയായും അവസരം ലഭിക്കുന്നുണ്ടു്.

ക്രൈസ്തവമതത്തിന്റെ പിള്ളത്തൊട്ടിലെന്നു് ഒരിക്കല്‍ വിശേഷിപ്പിച്ച യൂറോപ്പിലാണു കഴിഞ്ഞ എട്ടുവര്‍ഷമായി ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നതു്. ക്രൈസ്തവമൂല്യങ്ങളും വിശ്വാസങ്ങളും അവരുടെ ജീവിതത്തില്‍നിന്നു മായ്ക്കപ്പെട്ടിരിക്കുന്നുവെന്നതു സത്യമാണു്. നൂറ്റാണ്ടുകളിലൂടെ യേശുവിനെ ധൈര്യസമേതം  പ്രഘോഷിച്ചുകൊണ്ടു മറ്റുരാജ്യങ്ങളിലേക്കു യൂറോപ്പു പകര്‍ന്നു നല്കിയ മൂല്യങ്ങളും ധാര്‍മ്മികതയും ഇന്നു യൂറോപ്പിലുണ്ടോ? പൗരസ്ത്യ ധ്യാനരീതികളും ഗൂഢവിദ്യകളും ന്യൂഏജ് പ്രസ്ഥാനങ്ങളും കടന്നു വന്നതോടെയാണു് യൂറോപ്പില്‍ ദൈവനിഷേധവും സംശയപ്രകൃതിയും മതത്തോടുള്ള നിസ്സംഗതയും ഉടലെടുത്തതു് എന്നാണു കരുതേണ്ടതു്. ഞാന്‍ നടത്തുന്ന കരിസ്മാറ്റിക് ധ്യാനങ്ങളില്‍ പങ്കെടുക്കുന്നവരില്‍ ഭൂരിഭാഗവും ആത്മീയവും മാനസികവും ധാര്‍മ്മികവും ശാരീരികവുമായ പ്രശ്നങ്ങളില്‍ പരിശുദ്ധാത്മാവിലൂടെ വിടുതല്‍ ലഭിക്കുന്നതിനും ഒരു പുതുജീവിതം ആരംഭിക്കുന്നതിനുമായി കടന്നുവരുന്നവരാണു്. യോഗ, റെയ്കി തുടങ്ങിയ കിഴക്കിന്റെ മതാനുഷ്ഠാനങ്ങളില്‍ പങ്കെടുത്തു ക്രിസ്തുവിലുള്ള വിശ്വാസം നഷ്ടപ്പെട്ടവരാണു് അവരില്‍ 80- 90 ശതമാനംപേരുമെന്നു് എനിക്കു് ആത്മാര്‍ത്ഥമായി പറയുവാന്‍ സാധിക്കും.

ഇതു പരിശീലിക്കുന്നതില്‍ കുഴപ്പമില്ല, ഇതിന്റെ പിന്നിലുള്ള തത്വങ്ങള്‍ വിശ്വസിക്കാതിരുന്നാല്‍ മതിയെന്നു പറയുന്നവരുണ്ടു്. പരസ്പരം പങ്കുവയ്ക്കാനായി യോഗയ്ക്കും ക്രൈസ്തവ വിശ്വാസത്തിനും ഒന്നുംതന്നെയില്ല. അതുകൊണ്ടു് യോഗയുടെ പഠനത്തിലും പരിശീലനത്തിലുംനിന്നു ക്രൈസ്തവര്‍ ഒഴിഞ്ഞു നില്ക്കണം. 

ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായ യേശുവാണു് എല്ലാ പ്രശ്നങ്ങളുടേയും പരിഹാരം. യേശുവിന്റെ കുരിശിലെ മരണംവഴി ദൈവം ലോകത്തോടു് അനുരഞ്ജനപ്പെട്ടു. ക്രിസ്തുവിലുള്ള  വിശ്വാസംമാത്രംവഴിയായി രക്ഷയുടെ എല്ലാ ഫലങ്ങളും സൗജന്യമായി സ്വീകരിക്കാന്‍ അവനിന്നു മനുഷ്യനെ ക്ഷണിക്കുന്നു. യോഗയില്‍നിന്നു വ്യത്യസ്തമായി രക്ഷ ദൈവത്തില്‍നിന്നുള്ള സൗജന്യ ദാനമാണെന്നു ക്രിസ്തുമതം പഠിപ്പിക്കുന്നു. സ്വപ്രയത്നംകൊണ്ടു നേടാന്‍ സാധിക്കാത്ത ദാനമാണതു്. ക്രൈസ്തവര്‍ക്കിടയില്‍ രൂപപ്പെട്ടിരിക്കുന്ന എല്ലാ സംശയങ്ങളും നീക്കുന്നതിനായി സഭയുടെ വ്യാഖ്യാനമാണു് ഇന്നാവശ്യമായിട്ടുള്ളതു്. അതിലൂടെ വഴിയും സത്യവും ജീവനുമായ യേശുക്രിസ്തുവിലേക്കു് അവര്‍ കടന്നുവരും. സത്യത്തിനു മാത്രമേ അവരെ സ്വതന്ത്രരാക്കാന്‍ സാധിക്കുകയുള്ളൂ.