2018, ജൂൺ 23, ശനിയാഴ്‌ച

യോഗയെക്കുറിച്ചു കത്തോലിക്കരറിയാൻ

ഫാ. അഗസ്റ്റിന്‍ പാറപ്ലാക്കല്‍

യോഗയെപ്പറ്റി വ്യത്യസ്തങ്ങളായ രണ്ടു സമീപനങ്ങള്‍ സഭയിലുണ്ടെന്നും അതു വിശ്വാസികളെ ആശയക്കുഴപ്പത്തിലാക്കുന്നുവെന്നും ശ്രദ്ധയില്‍പെട്ടപ്പോഴാണ് ഇതേപറ്റി ഒരു സാമാന്യപഠനം നടത്തണമെന്ന താല്പര്യമുണ്ടായത്. 

ഒന്നാമത്തെ സമീപനം, യോഗ ക്രൈസ്തവവിശ്വാസവുമായി ചേര്‍ന്നുപോകുന്നില്ല എന്നുള്ളതാണ്. പാലാരൂപതയില്‍നടക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്, കഴിഞ്ഞ ഒരു ദശകക്കാലമായി നേതൃത്വംനല്‍കുന്ന പ്രസിദ്ധ ധ്യാനഗുരുക്കന്മാരായ സേവ്യര്‍ഖാന്‍ വട്ടായിലച്ചനും, ഡൊമനിക്ക് വാളന്മനാലച്ചനും ശക്തമായി ഇക്കാര്യം പറയുന്നു. ഇവരുടെ കണ്‍വെന്‍ഷനുകളിലും ധ്യാനങ്ങളിലും പങ്കെടുക്കുന്നവര്‍ യോഗയ്ക്കെതിരെ ജാഗ്രതപുലര്‍ത്തണമെന്ന സന്ദേശം കേള്‍ക്കുന്നു. ദീര്‍ഘകാലം റോമിന്‍റെ മുഖ്യ ഭൂതോച്ചാടകനായിരുന്ന ഫാ. ഗബ്രിയേല്‍ അമോര്‍ത്തും, യോഗ, വിശ്വാസികള്‍ക്ക് അപകടകരമാണെന്ന് മുന്നറിയിപ്പുനല്കുന്നു.

രണ്ടാമത്തെ സമീപനം, യോഗയെക്കുറിച്ചു യാതൊരു സന്ദേഹവും വേണ്ട, അതു ക്രൈസ്തവര്‍ക്കു സര്‍വ്വാത്മനാ സ്വീകാര്യമാണ്, യോഗയ്ക്കെതിരെ സംസാരിക്കുന്നവര്‍ ഇടുങ്ങിയ ചിന്താഗതിക്കാരാണ് എന്നുള്ളതാണ്. കാലടിയിലെ ക്രൈസ്റ്റ് യോഗ റിട്രീറ്റ് സെന്‍ററും അവിടെ യോഗധ്യാനം നടത്തുന്ന ബഹുമാനപ്പെട്ട സൈജു തുരുത്തിയിലച്ചനുംമറ്റും ഈ സന്ദേശം പ്രചരിപ്പിക്കുന്നു. ക്രിസ്ത്വാനുഭവ യോഗാധ്യാനം, പെസഹാനുഭവ യോഗാധ്യാനം എന്നീ പേരുകളില്‍ ഇവരുടെ യോഗാധ്യാന പരസ്യങ്ങള്‍ പത്രങ്ങളിലുംമറ്റും കൂടെക്കൂടെ വരാറുണ്ട്. രക്ഷയ്ക്കുള്ള ക്രിസ്തുമാര്‍ഗ്ഗത്തിനു പകരംവയ്ക്കാവുന്ന ഒന്നായിട്ടുപോലും യോഗയെ ഇവര്‍ അവതരിപ്പിക്കുന്നു. ഉദാഹരണമായി ക്രിസ്ത്വാനുഭവ യോഗ എന്ന സൈജു തുരുത്തിയിലച്ചന്‍റെ പുസ്തകത്തില്‍നിന്നുതന്നെ ഉദ്ധരിക്കാം. പേജ് 48-ലെ "ഒരു തലമുറയെ വീണ്ടെടുത്തു രക്ഷിക്കാന്‍ പര്യാപ്തമാണു യോഗയും യോഗ ആത്മീയതയും". പേജ് 14-ല്‍ "നമ്മുടെ ജീവിതം പൂര്‍ണ്ണതയിലേയ്ക്കു നയിക്കാനുള്ള മാര്‍ഗ്ഗമാണു യോഗ. സമഗ്രവും ആത്മീയവുമായ ഒരു പരിശീലനപദ്ധതിയാണത്.... തിന്മയില്‍നിന്നു നന്മയിലേയ്ക്കും നന്മയില്‍നിന്നു ജീവിതവിശുദ്ധിയിലേയ്ക്കും ജീവിതവിശുദ്ധിയില്‍നിന്നും ദൈവാനുഭവത്തിലേയ്ക്കും നമ്മെ നയിക്കുന്ന മാര്‍ഗ്ഗമാണു യോഗ. ഇത് ഒരു ശാസ്ത്രമാണ്.... യോഗ സാര്‍വ്വത്രീകമാണ്. എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. കാരണം, യോഗ ആത്യന്തികമായി എത്തിനില്‍ക്കുന്നതു ദൈവത്തിലാണ്."

മേല്പറഞ്ഞ രണ്ടു സമീപനങ്ങളും ഒരേസമയം ശരിയാകാന്‍ പാടില്ല. അപ്പോള്‍ ഇതിലേതാണു ശരി? അതു പഠിക്കാന്‍ തുടങ്ങിയപ്പോഴാണു വത്തിക്കാന്‍ ഈ വിഷയത്തെക്കുറിച്ചു രണ്ടു രേഖകള്‍ നല്‍കിയിട്ടുണ്ടെന്നുകണ്ടത്. അതെന്‍റെ ആകാംക്ഷ വര്‍ദ്ധിപ്പിച്ചു. യോഗയെക്കുറിച്ചു വത്തിക്കാന്‍ എന്തിനാണിത്ര താല്പര്യമെടുക്കുന്നത്? എന്താണു വത്തിക്കാന്‍ പറയുന്നത്? തന്മൂലം താല്പര്യപൂര്‍വ്വം ഈ പ്രബോധനങ്ങള്‍ വായിച്ചു.

ഒന്നാമത്തെ രേഖ 1989-ല്‍ വിശ്വാസതിരുസംഘം "ക്രിസ്തീയധ്യാനത്തിന്‍റെ ചിലമാനങ്ങളെക്കുറിച്ചു കത്തോലിക്കാ സഭയിലെ മെത്രാന്മാര്‍ക്കുള്ള കത്ത്" എന്നപേരില്‍ നല്‍കിയിരിക്കുന്ന Orationis Formas ആണ്.
രണ്ടാമത്തേത് 2003-ല്‍ നല്‍കിയ "യേശുക്രിസ്തു ജീവജലത്തിന്‍റെ വാഹകന്‍-'ന്യൂ ഏജിനെപ്പറ്റി' ഒരു ക്രിസ്തീയ പഠനം" എന്ന രേഖയാണ് (JCBWL). ഈ രണ്ടുരേഖകളും, New Age അഥവാ നവയുഗ ആത്മീയതയുടെ അടിസ്ഥാനതത്ത്വങ്ങള്‍ എപ്രകാരമാണു കത്തോലിക്കാവിശ്വാസത്തില്‍നിന്നു വ്യത്യസ്തമായിരിക്കുന്നതെന്നും, അക്രൈസ്തവ പ്രാര്‍ത്ഥനാരീതികള്‍ എപ്രകാരം ക്രിസ്തീയ പ്രാര്‍ത്ഥനാരീതികളില്‍നിന്നു വ്യത്യസ്തമായിരിക്കുന്നെന്നും പ്രതിപാദിക്കുന്നു. ഈ പ്രബോധനങ്ങള്‍ പഠിച്ചപ്പോള്‍ മനസ്സിലായി, യോഗയ്ക്കെതിരെ ക്രിസ്തീയ വിശ്വാസികള്‍ ജാഗ്രത പുല‍ര്‍ത്തണമെന്ന സമീപനമാണു ശരിയെന്ന്. ഇതേപ്പറ്റി കൂടുതല്‍ പഠിച്ചപ്പോള്‍, അടിയന്തിര ജാഗ്രത പുലര്‍ത്തേണ്ടവിധം അപകടകരമായ സ്വാധീനം യോഗയെന്ന ഇടനിലക്കാരനിലൂടെ ന്യൂ ഏജ്, ക്രൈസ്തവലോകത്തു ചെലുത്തിക്കഴിഞ്ഞിരിക്കുന്നുവെന്നു മനസ്സിലായി.

പാശ്ചാത്യലോകത്തു ക്രൈസ്തവവിശ്വാസികള്‍ യോഗ, സെന്‍ ധ്യാനം, അതീന്ദ്രിയ ധ്യാനം (Transcendental Meditation) ആദിയായവയിലേയ്ക്ക് ആകൃഷ്ടരാകുന്നതുകണ്ട്, തക്കസമയത്തു മുന്നറിയിപ്പുനല്കി, അതിനെ പ്രതിരോധിക്കാന്‍ കഴിയാത്തതുകൊണ്ടാണ്, പാശ്ചാത്യ ക്രൈസ്തവലോകത്തിന്‍റെ ദൃഷ്ടി, ജീവജലത്തിന്‍റെ വാഹകനായ യേശുക്രിസ്തുവില്‍നിന്നു ഗുരുതരമായ രീതിയില്‍ മാറിപ്പോയത്. സഭ ഇതേക്കുറിച്ചു പ്രബോധനങ്ങള്‍ നല്കിയപ്പോഴാകട്ടെ, അതിനെ അവഗണിച്ച്‌ തങ്ങളുടേതായ വഴികളില്‍ ആത്മസാക്ഷാത്കാരം കണ്ടെത്തിക്കൊള്ളാമെന്ന മനോഭാവത്തിലേയ്ക്ക് അനേകര്‍ മാറിക്കഴിഞ്ഞു.

1875-ല്‍ ഹെന്‍റിസ്റ്റീല്‍ ഓള്‍ക്കോട്ടുമായിച്ചേര്‍ന്നു മാഡം ബ്ലാവസ്കി ന്യൂയോര്‍ക്കില്‍ സ്ഥാപിച്ച തിയോസഫിക്കല്‍ സൊസൈറ്റിവഴിയും സമാന പ്രസ്ഥാനങ്ങളിലൂടേയും പാശ്ചാത്യലോകത്ത് അനേകര്‍, വിശിഷ്യ ബുദ്ധിജീവികള്‍, അതുവരെ അവിടെ അറിയപ്പെടാതിരുന്നതോ, അരുതാത്തതെന്നു കരുതി അകറ്റിനിറുത്തിയിരുന്നതോ ആയ ആശയങ്ങളിലേയ്ക്കും അതീന്ദ്രിയവും നിഗൂഢവുമായ അനുഭവങ്ങളിലേയ്ക്കും ആകൃഷ്ടരായി. ഇങ്ങനെ യഹൂദ ക്രിസ്ത്യന്‍ വിശ്വാസസംഹിതയും ധാര്‍മ്മികതയും നാളിതുവരെ ഏര്‍പ്പെടുത്തിയിരുന്ന അതിര്‍വരമ്പുകള്‍ഭേദിച്ചു പുതിയ യാഥാര്‍ത്ഥ്യങ്ങള്‍ തേടേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും പുരോഗതിയുടെ അടുത്തപടിയാണെന്നും ധരിച്ചുവച്ചിരുന്നവരുടെ അടുത്തേയ്ക്കാണ് ഇന്ത്യയില്‍നിന്നു നിരവധി (യോഗ)ഗുരുക്കന്മാര്‍ എത്തിയത്. അവരില്‍ത്തന്നെ മൂന്നുപേര്‍ പാശ്ചാത്യരെ വല്ലാതെ സ്വാധീനിച്ചു - സ്വാമി വിവേകാനന്ദന്‍, പരമഹംസ യോഗാനന്ദ, മഹര്‍ഷി മഹേഷ്‌ യോഗി.

1893-ല്‍ ചിക്കാഗോയില്‍വച്ചുനടന്ന ലോകമതങ്ങളുടെ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ വിവേകാനന്ദന്‍നടത്തിയ പ്രസംഗം പൗരസ്ത്യമതങ്ങളോടും ധ്യാനരീതികളോടുമുള്ള പാശ്ചാത്യരുടെ ആകര്‍ഷണത്തിനാക്കം കൂട്ടി. അതോടെ Western Spirituality യേയും Eastern Spirituality യേയും കൂട്ടിക്കലര്‍ത്തുന്ന Western Spirituality യുടെ ആരംഭമായി.

രണ്ടാമത്തെ ഗുരു പരമഹംസ യോഗാനന്ദ (1893-1952) അമേരിക്കയിലെത്തി Self Realization Fellowship എന്ന സംഘടന സ്ഥാപിച്ച്, ക്രിയയോഗ പ്രചരിപ്പിച്ചു. എല്ലാ മതങ്ങളുടെയും അന്തര്‍ധാര ഒന്നുതന്നെയെന്നു പഠിപ്പിച്ച് , അദ്ദേഹം പാശ്ചാത്യരുടെയിടയില്‍ സ്വീകാര്യത ലഭിക്കാനായി കഴുത്തില്‍ ഒരു കുരിശും ധരിച്ചിരുന്നു. ബൈബിളിനേയും യോഗയേയും ബന്ധിപ്പിക്കുന്നതരത്തിലുള്ള വ്യാഖ്യാനങ്ങളും നല്കിയിരുന്ന പരമഹംസ യോഗാനന്ദയുടെ "ഒരു യോഗിയുടെ ആത്മകഥ" എന്ന പുസ്തകം വായിച്ചാണു താന്‍ യോഗയിലേയ്ക്ക് ആകൃഷ്ടനായതെന്ന് "ക്രിസ്താനുഭവ യോഗ" യുടെ ഉപജ്ഞാതാവായ ഫാ. സൈജു തുരുത്തിയില്‍ പറയുന്നു.

മൂന്നാമത്തെ ഗുരു, മഹര്‍ഷി മഹേഷ്‌ യോഗിയാണ്. മറ്റു രണ്ടുപേരും പ്രധാനമായും പൗരസ്ത്യ ധ്യാനരീതികളുടെ താത്ത്വിക അടിത്തറ പാകിയപ്പോള്‍ മഹേഷ്‌ യോഗി അതീന്ദ്രിയ ധ്യാനംവഴി അതു ദശലക്ഷക്കണക്കിനു പാശ്ചാത്യരുടെ ദൈനംദിനജീവിതത്തിന്‍റെ ഭാഗമാക്കി.
1960-കളില്‍ പാശ്ചാത്യരെ ഹരംകൊള്ളിച്ച The Beatles എന്ന ഗായകസംഘം മഹേഷ്‌ യോഗിയില്‍നിന്നും അതീന്ദ്രിയ ധ്യാനം അഭ്യസിച്ചു. അതീന്ദ്രിയ ധ്യാനാനുഭവങ്ങള്‍ക്കായി മയക്കുമരുന്നും ഉപയോഗിച്ചിരുന്ന ഇവരുടെ സ്വാധീനം മൂലമാണു ചെറുപ്പക്കാരായ അനേകം പാശ്ചാത്യര്‍ ഇന്ത്യന്‍ ആശ്രമങ്ങളിലേയ്ക്ക് ഒഴുകിയത്. പാശ്ചാത്യ ലോകത്തെത്തിയ ഹിന്ദു ഗുരുക്കന്മാര്‍ യോഗയിലൂടെയും ഭക്തി പ്രസ്ഥാനങ്ങളിലൂടെയും (ഹരേകൃഷ്ണ പ്രസ്ഥാനം) മറ്റും വളരെ വിദഗ്ദ്ധമായി ഹിന്ദുമിഷണറിദൗത്യം നിര്‍വ്വഹിക്കുകയായിരുന്നുവെന്ന് അധികമാരും തിരിച്ചറിഞ്ഞില്ല. 

1949 ജനുവരിയില്‍ അലഹബാദില്‍വച്ചുനടന്ന 60000 പേര്‍ സംബന്ധിച്ച, വിശ്വഹിന്ദു പരിഷത്തിന്‍റെ നേതൃത്വത്തില്‍നടന്ന രണ്ടാം വിശ്വഹിന്ദുത്വ സമ്മേളനത്തിലെ ഒരു പ്രസംഗകന്‍റെ വാക്കുകള്‍ ഉദ്ധരിക്കാം: "നമ്മുടെ പാശ്ചാത്യദേശത്തെ മിഷണറി ദൗത്യം അതിശയകരമായ വിജയത്താല്‍ മകുടമണിഞ്ഞു. ഹിന്ദുമതം ലോകത്തെ പ്രബല മതമായിക്കൊണ്ടിരിക്കുന്നു; ക്രിസ്തുമതത്തിന്‍റെ അന്ത്യം അടുത്തുകൊണ്ടിരിക്കുന്നു."

പാശ്ചാത്യ ക്രൈസ്തവലോകത്തു ഹിന്ദു മിഷണറി ദൗത്യം നടപ്പാക്കിയെടുക്കാന്‍ കഴിഞ്ഞതു മുഖ്യമായും യോഗയിലൂടെയാണ്.
ഇതു മനസ്സില്‍വച്ചുകൊണ്ടാണ് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ വിദ്യാഭ്യാസമേഖലയിലും മറ്റുമേഖലകളിലും യോഗ നിര്‍ബന്ധമാക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്.

2015-ല്‍ യോഗാദിനത്തില്‍ എല്ലാവരും ആരോഗ്യത്തിനുള്ള വ്യായാമമായി യോഗ ചെയ്യണമെന്നു നിര്‍ദ്ദേശിച്ചവര്‍, 2016-ല്‍ നമസ്കാരമുദ്രയും ഓംകാരവും ഋഗ്വേദമന്ത്രങ്ങളും യോഗാപരിശീലനത്തിന്‍റെ ഭാഗമായി നിര്‍ദ്ദേശിച്ചു. പ്രസ്തുത നാളുകളില്‍ മാതൃഭൂമി പത്രത്തില്‍വന്ന ഒരു ലേഖനത്തിലെ ഉപദേശം ഇതായിരുന്നു: "സൂര്യനമസ്കാരത്തില്‍ പിഴവില്ല. ഹൈന്ദവേതര മതസ്ഥര്‍ ഒരു കാര്യം ഓര്‍ക്കണം, സൂര്യന്‍ ഇല്ലെങ്കില്‍ മനുഷ്യജീവിതം സാദ്ധ്യമാണോയെന്ന്‍! അത്രമാത്രം മനുഷ്യജീവിതം സൂര്യനുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ട് സൂര്യനെ നമസ്കരിച്ചതുകൊണ്ട് ഒരു തെറ്റും വരില്ല". ഇതില്‍നിന്നെല്ലാം യോഗ സാര്‍വ്വത്രീകമാക്കാന്‍ തുനിഞ്ഞിറങ്ങിയവരുടെ യഥാര്‍ത്ഥ ലക്ഷ്യം ആരോഗ്യ പരിപാലനമാണോ അതിലപ്പുറമുള്ള എന്തെങ്കിലുമാണോയെന്നു സാമാന്യത്തില്‍ ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. ഏതായാലും യോഗയുടെ മറവിലുള്ള ഗൂഢലക്ഷ്യങ്ങള്‍ സ്വീകാര്യമല്ലെന്ന് KCBC പ്രതികരിച്ചത് ഉചിതമായി (ദീപിക, 19-05-2016).

യോഗയെപ്പറ്റി കേരളസഭ വ്യഗ്രതപ്പെടേണ്ടതുണ്ടോ?

അങ്ങേയറ്റം വ്യഗ്രതപ്പെടേണ്ടതുണ്ട് എന്നതാണ് അതിനുള്ള ഉത്തരം. അതു ബോധ്യപ്പെടാന്‍ ഫാ. സൈജു തുരുത്തിയിലിന്‍റെ "ക്രിസ്താനുഭവ യോഗ" എന്ന പുസ്തകം വായിച്ചാല്‍മാത്രംമതി. അതില്‍ സര്‍വ്വത്ര ക്രൈസ്തവ വിശ്വാസസത്യങ്ങള്‍ക്കു കടകവിരുദ്ധമായ നവയുഗ ആശയങ്ങളാണ്. അതു മുഴുവന്‍ വിവരിക്കാന്‍ അനേകം മണിക്കൂറുകള്‍ വേണ്ടിവരുമെന്നതിനാല്‍ ഏതാനും പേജുകള്‍മാത്രം വിശകലനംചെയ്യുകയാണ്. 

ന്യൂ ഏജിനെക്കുറിച്ചും പൗരസ്ത്യ ധ്യാനരീതികളെക്കുറിച്ചും ഇന്നു ലോകത്തില്‍ ഏറ്റവും ആധികാരികമായി സംസാരിക്കാന്‍ കഴിയുന്നയാളാണ് Caryl Matrisciana. മട്രീഷ്യാനയുടെ ഇതേപ്പറ്റിയുള്ള Out of India എന്ന പുസ്തകത്തില്‍ (Page 219) പറയുന്നു: "നവയുഗ ക്രിസ്തീയത പഠിപ്പിക്കുന്നവര്‍ തങ്ങളുടെ ആശയങ്ങളും പ്രവൃത്തികളും ബൈബിള്‍ അധിഷ്ഠിതമാണെന്നു വരുത്തിത്തീര്‍ക്കുന്നതിനായി, സാത്താന്‍ എപ്പോഴും ചെയ്തിട്ടുള്ളതുപോലെ തിരുവചനത്തെ വളച്ചൊടിച്ച് അവതരിപ്പിക്കുന്നു". ഇതിന്‍റെ ഏറ്റവും നല്ല ഉദാഹരണമാണ് ഫാ. സൈജു തുരുത്തിയിലിന്‍റെ പുസ്തകം. അതിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കേണ്ടത് അത്യന്താപേക്ഷിതമായ കാര്യമാണ്. "Not to oppose error is to approve it, and not to defend the truth is to suppress it" - Pope St. Felix III 

ഉദാഹരണം 1 പേജ് 58-ല്‍ പറയുന്നു: "ഞാനും എന്‍റെ പിതാവും ഒന്നാണ് എന്ന ക്രിസ്തു അവബോധവും ഇന്ത്യന്‍ ആത്മീയതയുടെ ആത്മാവും (അഹം ബ്രഹ്മാസ്മി) ഒന്നുതന്നെയാണ്". വിശകലനം: ഇതു തീര്‍ത്തുംതെറ്റായ പ്രസ്താവനയാണ്. ബൈബിളനുസരിച്ച്, സ്രഷ്ടാവും സൃഷ്ടിയും ഒന്നല്ല. നിത്യമായി വ്യത്യസ്തരാണ്. എന്നാല്‍ ഹൈന്ദവ തത്ത്വചിന്തയില്‍ സ്രഷ്ടാവും സൃഷ്ടിയും ഒന്നുതന്നെ. യേശുക്രിസ്തു, ഞാനും പിതാവും ഒന്നാണ് എന്നു പറയുമ്പോള്‍, അതു സൃഷ്ടിക്കപ്പെടാത്തവനും സത്തയില്‍ പിതാവിനോടു തുല്യനുമായ ഏകജാതന്‍റെ പ്രസ്താവനയാണ്. അല്ലാതെ സൃഷ്ടിയായ - സൃഷ്ടിക്കപ്പെട്ടവന്‍മാത്രമായ ഒരാളുടെ സ്രഷ്ടാവിനോടുള്ള തുല്യത അവകാശപ്പെടലല്ല. 

സൃഷ്ടികളായ നമുക്കു ദൈവമക്കളാകാന്‍ കഴിയും. അതുപക്ഷേ, സത്താപരമായല്ല, മറിച്ചു യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നതിലൂടെ ലഭിക്കുന്ന ദത്തുപുത്രസ്ഥാനംവഴിയാണ് (ഗലാ.3 :26) "യേശുവാണ് ക്രിസ്തുവെന്നു വിശ്വസിക്കുന്ന ഏവനും ദൈവത്തിന്‍റെ പുത്രനാണ്". CCC 52: "അപ്രാപ്യമായ പ്രകാശത്തില്‍ വസിക്കുന്ന ദൈവം, സ്വേച്ഛപ്രകാരം സൃഷ്ടിച്ച മനുഷ്യരെ, തന്‍റെ എകജാതനില്‍ ദത്തുപുത്രരാക്കാന്‍വേണ്ടി അവര്‍ക്കു തന്‍റെ ദൈവികജീവന്‍ പകര്‍ന്നുകൊടുക്കാന്‍ തിരുമനസ്സാകുന്നു". 

എന്നാല്‍ ഇന്ത്യന്‍ ആത്മീയത അഹം ബ്രഹ്മാസ്മി (ഞാന്‍ ദൈവമാകുന്നു) എന്നു പറയുന്നത് ഈ അര്‍ത്ഥത്തിലല്ല. അജ്ഞതയിലായിരുന്ന ഒരുവന്‍ താന്‍ ദൈവമാണെന്ന ബോധോദയം പ്രാപിക്കുമ്പോള്‍ നടത്തുന്ന പ്രസ്താവനയാണത്.

ഉദാഹരണം 2 പേജ് 58: "പക്ഷേ ഇവിടെയുള്ള ഒരു വലിയപ്രശ്നം പാപത്തിനു നാം കൊടുക്കുന്ന പ്രാധാന്യമാണ്. അതു ദൈവത്തേക്കാള്‍ കൂടുതലാണ്.. ഇന്നു തിന്മയെക്കുറിച്ചും പാപത്തെക്കുറിച്ചും പിശാചിനെക്കുറിച്ചുമാണ് നമ്മള്‍ പഠിപ്പിക്കുന്നത്. ദൈവം നമ്മില്‍നിന്ന്‍ എത്രയോ അകലെയാണ്." വിശകലനം: ക്രൈസ്തവര്‍ ദൈവത്തേക്കാള്‍ പ്രാധാന്യം പാപത്തിനു നല്‍കുന്നു എന്ന അച്ചന്‍റെ പ്രസ്താവന തെറ്റാണ്. പാപത്തെ വളരെ ലാഘവത്തോടെ കാണേണ്ടതാണെന്നമട്ടിലുള്ള ഈ പ്രസ്താവന, ന്യൂ ഏജ് ആശയങ്ങള്‍ അദ്ദേഹത്തെ വളരെയധികം സ്വാധീനിച്ചിരിക്കുന്നു എന്നതിന്‍റെ തെളിവാണ്.
യേശുക്രിസ്തു ജീവജലത്തിന്‍റെ വാഹകന്‍ 2.2.2 ല്‍ പറയുന്നത് ഉദ്ധരിക്കാം; "ന്യൂ ഏജില്‍ നന്മയായത് പാപമായത് എന്നിങ്ങനെ വേര്‍തിരിവില്ല. എല്ലാ മാനുഷിക പ്രവൃത്തികളും ഒന്നുകില്‍ പ്രകാശിക്കപ്പെട്ട മനസ്സിന്‍റെയോ അല്ലെങ്കില്‍ അറിവില്ലായ്മയുടെയോ ഫലങ്ങളാണ്. അതുകൊണ്ട് ന്യൂ ഏജ് ചിന്താഗതിയനുസരിച്ച് ആരെയും കുറ്റം വിധിക്കാന്‍ കഴിയില്ല, ആര്‍ക്കും പാപക്ഷമയുടെ ആവശ്യവുമില്ല. പാപത്തിന്‍റെ അസ്ഥിത്വത്തെ വിശ്വസിക്കുന്നത്, ഭയവും നിഷേധാത്മകത്വവും ഉണ്ടാക്കാന്‍മാത്രമേ ഉപകരിക്കുകയുള്ളൂ എന്ന്‍ അവര്‍ കരുതുന്നു." ഇതു ബൈബിള്‍ വെളിപാടുമായി ചേര്‍ന്നുപോകുന്നില്ല. 

1 തിമോ. 1/15: "യേശുക്രിസ്തു ലോകത്തിലേയ്ക്കു വന്നതു പാപികളെ രക്ഷിക്കാനാണ് എന്ന പ്രസ്താവം വിശ്വസനീയവും തികച്ചും സ്വീകാര്യവുമാണ്. പാപികളില്‍ ഒന്നാമനാണു ഞാന്‍, എങ്കിലും എനിക്കു കാരുണ്യം ലഭിച്ചു". 1 യോഹ 1/79: "അവിടുത്തെ പുത്രനായ യേശുക്രിസ്തുവിന്‍റെ രക്തം എല്ലാ പാപങ്ങളില്‍നിന്നും നമ്മെ ശുദ്ധീകരിക്കുന്നു. നമുക്കു പാപമില്ലെന്നു നാം പറഞ്ഞാല്‍ അത് ആത്മവഞ്ചനയാകും അപ്പോള്‍ നമ്മില്‍ സത്യമില്ലെന്നു വരും. എന്നാല്‍ നാം പാപങ്ങള്‍ ഏറ്റുപറയുമെങ്കില്‍, അവന്‍ വിശ്വസ്തനും നീതിമാനുമാകയാല്‍, പാപങ്ങള്‍ ക്ഷമിക്കുകയും എല്ലാ അനീതികളിലുംനിന്നു നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും." 1 യോഹ 3/8: "പാപം ചെയ്യുന്നവന്‍ പിശാചില്‍നിന്നുള്ളവനാണ്. എന്തെന്നാല്‍ പിശാച് ആദ്യംമുതലേ പാപം ചെയ്യുന്നവനാണ്. പിശാചിന്‍റെ പ്രവൃത്തികളെ നശിപ്പിക്കുന്നതിനാണു ദൈവപുത്രന്‍ പ്രത്യക്ഷനായത്". 

ദൈവപുത്രനായ യേശുക്രിസ്തു, പിശാചിനെ കീഴടക്കി അവന്‍റെ അടിമത്തത്തില്‍നിന്നു നമ്മെ മോചിപ്പിച്ച്‌, പാപമോചനംവഴിയുള്ള രക്ഷ പ്രദാനംചെയ്തിരിക്കുന്നു എന്നതാണ് ക്രൈസ്തവ വിശ്വാസത്തിന്‍റെ മര്‍മ്മം. ഇതാണു സുവിശേഷമായി സകലജനതകളോടും പറയാനുള്ളത്. ഇതു മര്‍മ്മപ്രധാനമായ കാര്യമായതുകൊണ്ടാണു മാമ്മോദീസായുടെ സമയത്ത്, "പിശാചിന്‍റെ അടിമത്തത്തില്‍നിന്നു മോചിതനാകാന്‍ നീ ആഗ്രഹിക്കുന്നുവോ? പാപവും പാപമാര്‍ഗ്ഗങ്ങളും നീ ഉപേക്ഷിക്കുന്നുവോ? ഈശോമിശിഹായെ നിന്‍റെ രക്ഷകനായി നീ സ്വീകരിക്കുന്നുവോ? എന്നിങ്ങനെ ചോദിക്കുന്നത്. അങ്ങനെയാണു ദൈവത്തോടുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ നമുക്കു കഴിയുന്നത്. ഇത് അത്രമേല്‍ പ്രധാനപ്പെട്ടതായിരിക്കെയാണ് ഫാ. സൈജു തുരുത്തിയില്‍, തിന്മയെക്കുറിച്ചും പാപത്തെക്കുറിച്ചും പിശാചിനെക്കുറിച്ചുമാണ് ഇന്നു നമ്മള്‍ പറഞ്ഞുപഠിപ്പിക്കുന്നതെന്നും തന്മൂലം ദൈവം നമ്മില്‍നിന്ന്‍ എത്രയോ അകലെയാണെന്നു പരിതപിക്കുന്നതും.

ഉദാഹരണം 3 പേജ് 59. "ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലുമാണ് നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഈ ഛായയിലേയ്ക്കും സാദൃശ്യത്തിലേയ്ക്കും എങ്ങനെ എത്തിച്ചേരാമെന്ന്‍ ആരും പറഞ്ഞുപഠിപ്പിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ ഈ സാദൃശ്യത്തിലേയ്ക്കുള്ള വളര്‍ച്ചയാണു ഭാരതത്തിന്‍റെ ആത്മീയത യോഗയിലൂടെ നമ്മെ പഠിപ്പിക്കുന്നത്. ഞാനും പിതാവും ഒന്നാണെന്നുള്ള ക്രിസ്തു ആത്മീയതയിലേയ്ക്കുള്ള വളര്‍ച്ചയാണിത്." വിശകലനം: ദൈവത്തിന്‍റെ ഛായാസാദൃശ്യങ്ങളിലേയ്ക്ക് എങ്ങനെ എത്താമെന്ന് ആരും പഠിപ്പിക്കുന്നില്ല എന്ന അച്ചന്‍റെ പ്രസ്താവന അമ്പരപ്പോടെയാണു വായിക്കാന്‍ കഴിഞ്ഞത്. ക്രിസ്തീയത ഇക്കാലമത്രയും പഠിപ്പിച്ചതും പഠിപ്പിക്കുന്നതും, പാപംവഴി നഷ്ടപ്പെട്ട ദൈവികഛായയും സാദൃശ്യവും വീണ്ടെടുക്കാനുള്ള മാര്‍ഗ്ഗത്തെപ്പറ്റിയാണെന്ന്, ആദ്യകുര്‍ബ്ബാന സ്വീകരിക്കാനുള്ള പരിശീലനമെങ്കിലും ലഭിച്ചിട്ടുള്ള ആര്‍ക്കുമറിയാവുന്നതാണ്. എന്നിരിക്കെ, പത്തും പതിനൊന്നും വര്‍ഷക്കാലം വൈദികപരിശീലനംനടത്തി, കത്തോലിക്കാ പുരോഹിതനായി, ധ്യാനഗുരുവായ ഒരാള്‍ക്ക് ഇക്കാര്യംപോലുമറിയില്ല എന്നുള്ളത് അങ്ങേയറ്റം ആശങ്കയുളവാക്കുന്ന കാര്യമാണ്. ഇത്തരക്കാര്‍ നടത്തുന്ന യോഗാധ്യാനത്തില്‍ സംബന്ധിക്കുന്നവര്‍ എത്രവലിയ അപകടത്തിലേയ്ക്കാണ് എത്തിച്ചേരുന്നതെന്നു നാം ചിന്തിക്കേണ്ടതാണ്. സകലരേയും യോഗയുടെ ആത്മീയത പഠിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന ഒരച്ചന്‍ കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം ഒരിക്കലെങ്കിലും വായിച്ചിരുന്നെങ്കില്‍ ഈ അബദ്ധപ്രസ്താവന നടത്തില്ലായിരുന്നു. എന്തെന്നാല്‍ CCC 518 വ്യക്തമായി പഠിപ്പിക്കുന്നത് ഇതാണ്: "ക്രിസ്തുവിന്‍റെ ജീവിതംമുഴുവന്‍ ഒരു പുനഃപ്രതിഷ്ഠയുടെ രഹസ്യമാണ്. അവിടുന്നു ചെയ്തതും സഹിച്ചതുമെല്ലാം അധഃപതിച്ച മനുഷ്യനെ അവന്‍റെ ആദ്യവിളിയില്‍ പുനഃസ്ഥാപിക്കാന്‍വേണ്ടിയായിരുന്നു. അവിടുന്നു മനുഷ്യപ്രകൃതി സ്വീകരിച്ചു മനുഷ്യനായിത്തീര്‍ന്നപ്പോള്‍ മാനവവംശത്തിന്‍റെ സുദീര്‍ഘമായ ചരിത്രത്തെ, തന്നില്‍ പുനരാവിഷ്ക്കരിച്ചു". "നമുക്കു സമൃദ്ധിക്കായി രക്ഷയുടെ മാര്‍ഗ്ഗം തുറന്നുതന്നു. അങ്ങനെ ആദത്തില്‍ നമുക്കു നഷ്ടമായത് - ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലുമായിരിക്കുന്ന അവസ്ഥ - ക്രിസ്തുവില്‍ നമുക്കു പുനഃപ്രാപിക്കാന്‍ വേണ്ടിയായിരുന്നു ഇത്. ഇക്കാരണത്താല്‍ ജീവിതത്തിന്‍റെ എല്ലാഘട്ടങ്ങളിലും അവിടുന്ന് അനുഭവിച്ചു. അതുവഴി എല്ലാ മനുഷ്യര്‍ക്കും ദൈവവുമായുള്ള ഐക്യം പുനഃസ്ഥാപിച്ചു."

ഉദാഹരണം 4 പേജ് 59-60: "ക്രിസ്തു നേടിയെടുത്ത ഈ മിസ്റ്റിക് അനുഭവത്തെ നാം നോക്കിക്കാണുന്നത്, നിന്ദയോടും സംശയത്തോടുംകൂടെയാണ്. അതുകൊണ്ട് ഈ മിസ്റ്റിക് അനുഭവം സഭയില്‍ ഒരു പുകമറപോലെ നില്‍ക്കുന്നു. സാവകാശം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.... ഈ നഷ്ടപ്പെട്ട മിസ്റ്റിക് അനുഭവത്തെ തിരികെക്കൊണ്ടുവരികയാണു നമ്മുടെ ഉത്തരവാദിത്വം. വലിയ ഒരു ആധ്യാത്മിക സാധനയിലൂടെ ഓരോരുത്തരും കടന്നുപോകണം. ക്രിസ്തു സഞ്ചരിച്ച പാതതന്നെ. ഈശോ ഒരു യഹൂദനായിരുന്നു. ഒപ്പം വലിയൊരു മിസ്റ്റിക്കും ആയിരുന്നു." വിശകലനം: ഗ്രന്ഥകാരന്‍ ഇവിടെ എന്തൊക്കെയാണ് അര്‍ത്ഥമാക്കുന്നതെന്നും അവയുടെ യുക്തിഭദ്രത എന്താണെന്നതും അവ്യക്തമാണ്. എന്നിരുന്നാലും അതിനിടയിലും വ്യക്തമാകുന്ന തീര്‍ത്തും ക്രിസ്തീയവിശ്വാസവിരുദ്ധമായ ന്യൂ ഏജ് ആശയത്തെ തുറന്നുകാട്ടാതിരിക്കാനാവില്ല. JCBWL 2.3.4.2-ല്‍ പറയുന്നു: "ന്യൂ ഏജ് ദൈവം എന്നതുകൊണ്ട് ഒരു വ്യക്തിയെയല്ല ഉദ്ദേശിക്കുന്നത്. ന്യൂ ഏജിലെ ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചുപരിപാലിക്കുന്ന സ്രഷ്ടാവല്ല, മറിച്ച്, സകലത്തിലും അന്തര്‍ലീനമായിരിക്കുന്ന വ്യക്തിത്വമില്ലാത്ത ഒരു ശക്തി അഥവാ ഊര്‍ജ്ജംമാത്രമാണ് (Impersonal Energy). ദൈവമെന്നത് ഈ ലോകത്തു നിലനില്‍ക്കുന്ന ബോധജ്ഞാനത്തിന്‍റെ ആകെത്തുകയായ ജീവതത്വമാണ് - ഇതാണ് പ്രപഞ്ചത്തിന്‍റെ ആത്മാവ് അഥവാ അരൂപി. ഒരര്‍ത്ഥത്തില്‍ എല്ലാം ദൈവമാണ്." സ്ത്രീപുരുഷന്മാര്‍ ഈ ദൈവികശക്തി അഥവാ പ്രാപഞ്ചികോര്‍ജ്ജം ബോധപൂര്‍വ്വം സ്വീകരിക്കുമ്പോള്‍ അതിനെ ക്രിസ്തു ഊര്‍ജ്ജം എന്നുപറയുന്നു. ഇവിടെ ക്രിസ്തു എന്നു പറയുന്നുണ്ട്. പക്ഷേ അത് നസ്രത്തിലെ യേശു എന്ന അര്‍ത്ഥത്തിലല്ല. ന്യൂ ഏജില്‍ ക്രിസ്തു എന്ന പദം, ഒരു സാര്‍വത്രികശക്തി (Universal Master) എന്ന്‍ അവകാശപ്പെടാന്‍ കഴിയുംവിധം, താന്‍ ദൈവമാണെന്ന് അഥവാ ദിവ്യത്വമുള്ളയാളാണെന്ന് തിരിച്ചറിയുന്ന തരത്തിലുള്ള ബോധോദയം പ്രാപിച്ച ഒരാള്‍ക്കു നല്‍കുന്ന സ്ഥാനപ്പേരാണ്. നസ്രത്തിലെ യേശു "അന്യനാ ഏക ക്രിസ്തു" അല്ല മറിച്ച്, ബുദ്ധനേയുംമറ്റുംപോലെ മേല്‍സൂചിപ്പിച്ചവിധം ക്രിസ്താവബോധം ലഭിച്ചിട്ടുള്ള അനേകം ചരിത്രവ്യക്തികളില്‍ ഒരാള്‍ മാത്രമാണ്. ഈവിധം ചരിത്രത്തില്‍ "ക്രിസ്തു"സാക്ഷാത്കാരംപ്രാപിച്ച ഓരോരുത്തരും, മനുഷ്യരെല്ലാവരും സ്വര്‍ഗ്ഗീയരും ദിവ്യരുമാണെന്ന് വ്യക്തമായി വെളിപ്പെടുത്തുകയും, അവരെ ഇതേ ക്രിസ്തുസാക്ഷാത്കാരത്തിലേയ്ക്ക് നയിക്കുകയുംചെയ്യുന്നുവെന്നാണ് ന്യൂ ഏജിന്‍റെ കാഴ്ചപ്പാട്. ന്യൂ ഏജിന്‍റെ ഈ കാഴ്ചപ്പാടാണ്, ഗ്രന്ഥകാരന്‍റെ, "ക്രിസ്തു നേടിയെടുത്ത ഈ മിസ്റ്റിക് അനുഭവത്തെ" എന്ന പ്രസ്താവനയില്‍ അടങ്ങിയിരിക്കുന്നത്.
എന്നാല്‍ ബൈബിളിലെ യേശുക്രിസ്തു ഈ വിധം ഭൗമിക ജീവിതത്തിനിടയില്‍ ക്രിസ്തുഅവബോധംപ്രാപിച്ച ഒരുവനല്ല, മറിച്ച്, അനാദിയിലേ പിതാവിനോടു ഗാഢബന്ധംപുലര്‍ത്തിയിരുന്നവനും ചരിത്രത്തില്‍ എന്നേക്കുമായി ഒരിക്കല്‍മാത്രം മനുഷ്യനായി അവതരിച്ചവനായ ഏക ക്രിസ്തുവാണ്‌ അഥവാ അനന്യനായ ക്രിസ്തുവാണ്‌. ഗ്രന്ഥകാരന്‍ എഴുതിയതുപോലെ യൂദനായ ഈശോ വലിയ ആത്മീയ സാധനയിലൂടെ മിസ്റ്റിക് അനുഭവം നേടിയല്ല ക്രിസ്തുവായത്. ഇത്രവലിയ അബദ്ധ പ്രബോധനം കത്തോലിക്കാസഭയ്ക്കുള്ളില്‍നിന്നുകൊണ്ടുതന്നെ നിര്‍ബാധം നടത്താന്‍ കഴിയുന്നു എന്നത് ഏറെ ആശങ്കാജനകമാണ്. 

ക്രിസ്ത്വാനുഭവയോഗയിലൂടെ ഫാ. സൈജു തുരുത്തിയില്‍ പരിചയപ്പെടുത്തുന്ന യേശു അപ്പസ്തോലന്മാര്‍ പ്രഘോഷിച്ച യേശുവല്ല. അദ്ദേഹത്തിന്‍റെ സുവിശേഷം മറ്റൊരാത്മാവില്‍നിന്നുള്ള മറ്റൊരു സുവിശേഷമാണ്. (2 Cor 11/4). ഇതിനെതിരെ നാം സമസ്തജാഗ്രതയും പുലര്‍ത്തേണ്ടതുണ്ട്. "Scriptural exeresis can become a tool of Antichrist" - Pope Benedict XVI (Jesus of Nazareth Vol.1 Page 35) "ഓം" എന്ന മന്ത്രം ഉപയോഗിച്ചുള്ള പ്രാര്‍ത്ഥനകള്‍ ക്രൈസ്തവര്‍ക്ക് അനുവദനീയമോ? ഫാ. സൈജു തുരുത്തിയിലിന്‍റെ ക്രിസ്താനുഭവ യോഗ എന്ന പുസ്തകത്തിലെ പ്രാരംഭ പ്രാര്‍ത്ഥന ഓം മന്ത്രം ഉപയോഗിച്ചുള്ളതാണ്. അച്ചൻനടത്തുന്ന ക്രിസ്താനുഭവ യോഗാധ്യാനത്തില്‍ ഓം മന്ത്രം ഉപയോഗിച്ചുള്ള ഭജനകള്‍ ആലപിക്കുന്നുണ്ട്. "ഓം ക്രിസ്തായ നമ:" എന്നപേരില്‍ ഒരു ഓഡിയോ സി.ഡി.യും അച്ചൻ പുറത്തിറക്കിയിട്ടുണ്ട്. ഇത് ബൈബിളിലെ വെളിപാടിനോടും ക്രിസ്തീയ ദൈവശാസ്ത്രത്തോടും ചേര്‍ന്നുപോകുന്നതാണോ? അല്ലെന്നു വ്യക്തമായ പഠനം, പൗരസ്ത്യ തിരുസംഘം നല്‍കിയിട്ടുണ്ട്. "Report on the state of Liturgical Reform in the Syro Malabar Church" എന്ന തലക്കെട്ടില്‍ 1980 ആഗസ്റ്റ് 12 ന് നല്‍കിയ പ്രമാണരേഖയിലാണ് ഇതേക്കുറിച്ച് പ്രബോധനമുള്ളത്.

സീറോമലബാര്‍ കുര്‍ബ്ബാനയുടെ ചരിത്രപശ്ചാത്തലം എന്ന പുസ്തകത്തില്‍ റവ.ഡോ.തോമസ്‌ മണ്ണൂരാംപറമ്പില്‍ ഇത് ഉദ്ധരിച്ചിട്ടുണ്ട് (Page 155-170) സ്കൂളുകളിലുംമറ്റും യോഗചെയ്യുമ്പോള്‍ അതില്‍ ഓംകാരവും ഋഗ്വേദമന്ത്രങ്ങളും നമസ്കാരമുദ്രയും ഉണ്ടായിരിക്കണമെന്ന ആയുഷ് ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ നിര്‍ദ്ദേശം അസ്വീകാര്യമെന്നാണ് കെ.സി.ബി.സി. യുടെ നിലപാട് (ദീപിക, 19-05-2016, Page 13). എന്നാല്‍ ഇവയെല്ലാം ഒരു തടസ്സവുമില്ലാതെ ക്രിസ്താനുഭവ ധ്യാനത്തില്‍ ഉപയോഗിക്കുകയും അനേകരെ വഴിതെറ്റിക്കുകയും ചെയ്യുന്നു. ബൈബിളും യോഗയും സമന്വയിപ്പിക്കുന്നതാണു തന്‍റെ ധ്യാനമെന്ന് അദ്ദേഹം പറയുന്നു. ഇവയെ യോജിപ്പിലെത്തിക്കുക അസാധ്യമെന്നു സഭ പറയുന്നു.

വെറും വ്യായാമമായി യോഗചെയ്യുന്നതില്‍ തെറ്റുണ്ടോ? ‍
'
ഒറ്റവാക്കില്‍ ഉത്തരംപറഞ്ഞ് അവസാനിപ്പിക്കാന്‍ കഴിയുംവിധം ലളിതമല്ല ഈ വിഷയം. ചോദ്യം വ്യായാമംചെയ്യുന്നതു തെറ്റാണോ എന്നായിരുന്നെങ്കില്‍ വളരെ എളുപ്പമാകുമായിരുന്നു: വ്യായാമംചെയ്യുന്നതു തെറ്റല്ല. അതു രക്തോട്ടം വര്‍ദ്ധിപ്പിക്കാനും പേശികളെ ഉത്തേജിപ്പിക്കാനുമൊക്കെ നല്ലതാണ്. എന്നാല്‍ ഇവിടുത്തെ ചോദ്യമിതാണ്: ഞാന്‍ യോഗയെ ആത്മീയമായി കണക്കാക്കുന്നില്ല. ധ്യാനവും പ്രാര്‍ത്ഥനയുമൊന്നും നടത്തുന്നില്ല. അതിലെ വ്യായാമങ്ങള്‍ പരിശീലിക്കുന്നതേയുള്ളൂ. അതിലെന്താണ് കുഴപ്പം? ഈ ചോദ്യം പരിശുദ്ധാരൂപിയുടെ കൃപാപ്രകാശത്താല്‍നിറഞ്ഞു വിവേകത്തോടെ കൈകാര്യംചെയ്യേണ്ടതാണ്. ഇത്തരത്തിലുള്ള യോഗാപരിശീലനം, സത്യവിശ്വാസത്തിനു ക്ഷതമേല്പിക്കാന്‍ സാദ്ധ്യതതുറക്കുമോ എന്നതാണു നാം പരിഗണിക്കേണ്ടത്. അതായത്, നിരുപദ്രവവും മതനിരപേക്ഷവുമെന്നു കരുതി ആരംഭിച്ചിട്ട്, ക്രിസ്തീയ വിശ്വാസത്തിനു മങ്ങലേല്പിച്ചു വിശ്വാസവിരുദ്ധമായവയിലേക്കുപോകാന്‍ യോഗയിലെ വ്യായാമപരിശീലനം ഇടയാക്കുമോ എന്നതാണു നാം പഠിക്കേണ്ടത്. നാലു കാര്യങ്ങളാണ് ഇക്കാര്യത്തില്‍ പരിശോധിച്ചത്.

1. യോഗയുടെ ഉപാസകരല്ലാതെ യോഗയെപ്പറ്റി താത്ത്വികമായി അറിവുള്ളവര്‍ ഇതേക്കുറിച്ച് എന്താണു പറയുന്നത്? ‍
2. യോഗയുടെ ഉപാസകര്‍ ഇതേക്കുറിച്ച് എന്തുപറയുന്നു? ‍
3. ഒരിക്കല്‍ യോഗയുടെ ഉപാസകരായിട്ട് അത് ഉപേക്ഷിച്ചവര്‍ എന്തുപറയുന്നു? ‍
4. സഭാപ്രബോധനം എന്തു പറയുന്നു? ‍

1. യോഗയെക്കുറിച്ച് താത്ത്വിക അറിവുമാത്രമുള്ളവന്‍ എന്തു പറയുന്നു? ‍

ഈ ഗണത്തില്‍ പെടുന്നവര്‍ തന്നെ ഭിന്നാഭിപ്രായക്കാരാണ്.

A) ഡോ. അഗസ്റ്റിന്‍ തോട്ടക്കര പറയുന്നത് എട്ടുഘട്ടങ്ങളുള്ള യോഗയിലെ പ്രാരംഭ ഘട്ടത്തില്‍പെടുന്നതാണ് യോഗാസനങ്ങള്‍. അതില്‍ ക്രിസ്തീയ വിശ്വാസസത്യങ്ങള്‍ക്കു വിരുദ്ധമായതൊന്നും അദ്ദേഹം കാണുന്നില്ലെന്നാണ്.

B) Yoga the Truth Behind the Posture എന്ന ഗ്രന്ഥത്തിന്‍റെ കര്‍ത്താവായ ഡോ. ജോര്‍ജ്ജ് അലക്സാണ്ടര്‍ പറയുന്നത് യോഗയുടെ Spiritual aspects മാറ്റിനിര്‍ത്തി Physical Aspects മാത്രം സ്വാംശീകരിക്കാമെന്നത് അബദ്ധധാരണയാണെന്നാണ്.

C) കര്‍ദ്ദിനാള്‍ Noberto Rivera Carrera മെക്സിക്കോ സിറ്റിയുടെ ആര്‍ച്ചുബിഷപ്പായിരിക്കുമ്പോള്‍ "ന്യൂ ഏജിനെതിരെ ജാഗ്രതയുള്ള ആഹ്വാനം" എന്ന പേരില്‍ നല്‍കിയ ഇടയലേഖനത്തില്‍ പറഞ്ഞത് ഇങ്ങനെയാണ്: "പൗരസ്ത്യ ധ്യാനരീതികളുടെ പ്രചാരകര്‍ ഇവ ഉപകാരപ്രദമായ ടെക്നിക്കുകള്‍ മാത്രമാണെന്നും, അതില്‍ ക്രിസ്തീയതയ്ക്കു നിരക്കാത്ത പ്രബോധനങ്ങളൊന്നുമില്ലെന്നും ആണയിട്ടു പറഞ്ഞാലും ശരി, ഈ ടെക്നിക്കുകള്‍ അതില്‍ത്തന്നെ ക്രിസ്ത്യാനിയെ സംബന്ധിച്ച് ഗുരുതരപോരായ്മകള്‍ ഉള്ളതാണ് അവയിലെ വ്യായാമങ്ങളും ആസനങ്ങളും മതപരമായ പ്രത്യേക ലക്ഷ്യത്തോടെ ചിട്ടപ്പെടുത്തിയിരിക്കുന്നതാണ്. അവ അതില്‍തന്നെ ഉപാസകനെ വ്യക്തിയല്ലാത്ത പരാശക്തിയിലേക്കു നയിക്കാനുള്ള പടികളാണ്. ഒരു ക്രിസ്തീയാന്തരീക്ഷത്തിലാണ് അവ നടപ്പാക്കുന്നത് എന്നുവന്നാല്‍പ്പോലും അവയുടെ നൈസര്‍ഗികമായ അര്‍ത്ഥം (Intrinisic Meaning) മാറ്റമില്ലാതെ തുടരുന്നു. (നമ്പര്‍ 33).

2. യോഗയുടെ ഉപാസകര്‍ എന്തുപറയുന്നു?

A) ക്രിസ്താനുഭവ യോഗാധ്യാനം നടത്തുന്ന ഫാ.സൈജു തുരുത്തിയലിന്‍റെ വാക്കുകള്‍: "മനസ്സ് ദൈവവുമായി ഒന്നായിച്ചേരുന്ന പ്രക്രിയയാണ് യോഗ. കൈകളും കാലുകളും ഒടിച്ചുമടക്കികാണിക്കുന്ന കസര്‍ത്തല്ല യോഗ". "യോഗയെന്നാല്‍ വെറും വ്യായാമമല്ല. കസര്‍ത്ത്കളിയോ വിനോദമോ അല്ല. യോഗ എന്നത് ജീവിതമാണ്. ജീവിതത്തിന്‍റെ ആത്മീയതയാണ്. ദൈവവും മനുഷ്യനും തമ്മിലുള്ള ഉള്‍ച്ചേരലാണ് ഇത്. ഇതാണ് യോഗയുടെ ഏറ്റവും പ്രധാന ഗുണം. മനുഷ്യനെ ദിവ്യാവബോധത്തിലേയ്ക്ക് ഉയര്‍ത്തുകയാണ് യോഗയുടെ ലക്ഷ്യം." "തത്ത്വശാസ്ത്രപരമായ കാരണങ്ങളോടു കൂടിയ വിശാലമായ ഒരു ശിക്ഷണ പരിശീലന പദ്ധതിയാണ് യോഗ. യോഗ ഒരുവന്‍റെ സത്താപരമായ ആവശ്യങ്ങളിലേയ്ക്ക് വിരല്‍ ചൂണ്ടുന്നു."

B) യോഗയുടെ ഉപാസകനായ ഡോ.എസ്.പൈനാടത്ത് S.J.യുടെ വാക്കുകള്‍: "യോഗയെ ആരോഗ്യം നന്നാക്കാനും, വണ്ണം കുറയ്ക്കാനും, സൗന്ദര്യം കൂട്ടാനും ശരീരപേശികള്‍ക്ക് അയവുണ്ടാക്കാനും മനസ്സിനെ ശാന്തമാക്കാനും മറ്റുംമാത്രം ഉപയോഗിച്ചു വരുന്നത് ഒരുതരം കച്ചവടവത്കരണം മാത്രമാണ്. പരമാര്‍ത്ഥത്തില്‍ യോഗ, സമഗ്രമായ ഒരു ആധ്യാത്മിക ജീവിതദര്‍ശനവും ജീവിതശൈലിയുമാണ്. മതങ്ങള്‍ക്കുപരി ആധ്യാത്മികത തേടുന്ന ഏതൊരു മനുഷ്യനും - ഏതൊരു ക്രൈസ്തവനും സ്വീകരിക്കാവുന്ന സാധനാപഥമാണ് യോഗ".

C) ഡോ. ചെറിയാന്‍ പുത്തന്‍പുര Yoga Spirituality എന്ന തന്‍റെ പുസ്തകത്തില്‍ പറയുന്നത് ഉദ്ധരിക്കാം: There is no asana which does not have a spiritual effect on the practitioner..... Every asana is a prayer. Every prayer is an offering. And every offering is a sacrifice. This is the spiritual essence or content of the practice of Asanas (പരിശീലിക്കുന്നവന്‍റെമേല്‍ ആത്മീയഫലം ഉളവാക്കാത്ത ഒരു ആസനവുമില്ല... ഓരോ ആസനയും ഓരോ പ്രാര്‍ത്ഥനയാണ്. ഓരോ പ്രാര്‍ത്ഥനയും ഓരോ അര്‍പ്പണമാണ്, ഓരോ അര്‍പ്പണവും ഓരോ ബലിയാണ്. ഇതാണ് ആസനകള്‍ പരിശീലിക്കുന്നതിന്‍റെ പൊരുള്‍ അഥവാ ആദ്ധ്യാത്മിക സത്ത" (page 109-110). D) " A Christian trying to adapt these practices will likely disrupt their own christian beliefs". -Sannyasin Arumuga Swami in HINDUISM TODAY 3.

3. ഒരിക്കല്‍ യോഗയുടെ ഉപാസകരായിട്ട് അതുപേക്ഷിച്ചവർ എന്തു പറയുന്നു? ‍

ഇക്കാര്യം അറിയാന്‍ വായിച്ച രണ്ടു പുസ്തകങ്ങളാണ് രബീന്ദ്ര നാഥ്‌ ആര്‍ മഹാരാജിന്‍റെ "The Death of a Guru", , കാരില്‍ മാട്രീഷ്യാനയുടെ "Out of India" എന്നിവ. (ഇതുകൂടാതെ അനേകം ലേഖനങ്ങള്‍ വായിച്ചു, ഡോക്യുമെന്‍ററികള്‍ കണ്ടു, പ്രസംഗങ്ങള്‍ കേട്ടു.
'
A) രബീന്ദ്രനാഥ്‌ ആര്‍ മഹാരാജ് ട്രിനിഡാഡില്‍ ജനിച്ചുവളര്‍ന്ന, നന്നേ ചെറുപ്പംമുതല്‍ യോഗചെയ്തിരുന്ന ബ്രാഹ്മണ പൂജാരിയായിരുന്നു. പിന്നീടദ്ദേഹം അതെല്ലാമുപേക്ഷിച്ച് മാമ്മോദീസ സ്വീകരിക്കുകയും ബില്ലി ഗ്രഹാമിന്‍റെകൂടെ സുവിശേഷവേല ചെയ്യുകയുംചെയ്തു.
യോഗ, തന്നെ ആത്മനാശത്തിന്‍റെ വക്കിലെത്തിച്ചുവെന്നും അതു ദൈവികമേഖലയില്‍ നിന്നുള്ളതല്ലെന്നുമാണ് അദ്ദേഹം ശക്തമായി പറയുന്നത്.

B) കാരില്‍ മട്രീഷ്യാന ബ്രിട്ടീഷ് ഇന്ത്യയില്‍ 1947 ല്‍ ജനിച്ച്, പത്തൊമ്പതു വയസ്സുവരെ കല്‍ക്കട്ടയില്‍ വളര്‍ന്നയാളാണ്. ഇംഗ്ലണ്ടിലേക്കു മടങ്ങിയ കാരില്‍ "ബീറ്റില്‍സ്" ഗായകസംഘത്തിന്‍റെ മാസ്മരിക സ്വാധീനംമൂലം അതിലേയ്ക്ക് ആകൃഷ്ടയായി. Altered State of Consciousness (പരിവര്‍ത്തിത ബോധാവസ്ഥ) ഉളവാക്കി ആത്മസാക്ഷാത്കാരംപ്രാപിക്കാന്‍ യോഗയുടെ ഉപാസകരായി; മയക്കുമരുന്നും പരീക്ഷിച്ചു. പിന്നീട് ഇതെല്ലാമുപേക്ഷിച്ച്, യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായിസ്വീകരിച്ച കാരില്‍ "Out of India" യില്‍ പറയുന്നതുദ്ധരിക്കാം: "കൂടുതല്‍ ഉണര്‍വ്, ആയാസം ഇല്ലാതാക്കല്‍, കൂടുതല്‍ ശാന്തത, കൂടുതല്‍ ശക്തി, കൂടുതല്‍ ബുദ്ധിശക്തി, ലൈംഗികശേഷി വര്‍ദ്ധിപ്പിക്കല്‍, ബലഹീനതകളുടെമേല്‍ നിയന്ത്രണം എന്നിങ്ങനെ യോഗയുടെ ഗുണഗണങ്ങളെക്കുറിച്ചുള്ള പരസ്യംകണ്ടാണ്‌ ഞാന്‍ യോഗയിലേയ്ക്ക് ആകര്‍ഷിക്കപ്പെട്ടത്" (Page 71) 

"യോഗയിലെ വ്യായാമങ്ങള്‍ ശാരീരികപരിശീലനം എന്ന മട്ടിലാണ് ആരംഭിച്ചതെങ്കിലും അറിയാതെതന്നെ സാവകാശത്തില്‍ ഹിന്ദു തത്ത്വചിന്തയേയും നിഗൂഢമായ ആത്മീയതയേയും ആശ്ലേഷിക്കാന്‍ ആരംഭിച്ചു.... അപ്പോള്‍ ലഭിച്ച അതീന്ദ്രിയാനുഭവങ്ങള്‍ യോഗയുടെയും ധ്യാനത്തിന്‍റെയും ആഴങ്ങളിലേക്കുപോകാന്‍ പ്രേരണനല്‍കി. മുമ്പ് മയക്കുമരുന്നുവഴിയുണ്ടായ അതീന്ദ്രിയാനുഭവങ്ങള്‍തന്നെ യോഗാധ്യാനം വഴിയുmണ്ടായി" (Page 73).

4. സഭാപ്രബോധനം എന്തുപറയുന്നു? ‍
യുകാറ്റ് യോഗയെ നിഗൂഢവിദ്യകളുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. യോഗ, ക്രൈസ്തവ വിശ്വാസവുമായി ഒത്തുപോകുമോ എന്ന ചോദ്യത്തിന് "ഇല്ല" എന്ന ഉത്തരമാണ് യുകാറ്റ്-356 നല്‍കുന്നത്. തുടര്‍ന്നു പറയുന്നതിങ്ങനെയാണ്: "പലരും ആരോഗ്യപരമായ കാരണങ്ങളാല്‍ "യോഗ" അഭ്യസിക്കുന്നു. ധ്യാനപദ്ധതിയില്‍ ചേരുന്നുമുണ്ട്. ചിലര്‍ നൃത്തപരിശീലന പദ്ധതിയില്‍ ചേരുന്നു. പുതിയ രീതിയില്‍ തങ്ങളുടെ ശരീരങ്ങള്‍ അനുഭവിക്കാന്‍ വേണ്ടിതന്നെ. ഈ സാങ്കേതിക വിദ്യ എപ്പോഴും ദോഷരഹിതമല്ല. പലപ്പോഴും ക്രിസ്തുമതത്തിന് അന്യമായ സിദ്ധാന്തങ്ങളിലേക്കുള്ള വാഹനങ്ങളാണവ. വിവേകമുള്ള ഒരു വ്യക്തിയും യുക്തി രഹിതമായ ലോകവീക്ഷണം പുലര്‍ത്തരുത്."

Orationis Formas രേഖയില്‍ നമ്പര്‍ 27ല്‍ പറയുന്നു: "വേണ്ട രീതിയില്‍ ശാരീരിക ചേഷ്ടതകളെ മനസ്സിലാക്കിയില്ലെങ്കില്‍ അതു തന്നെ ഒരു വിഗ്രഹമായി മാറാം. അത് നമ്മുടെ ആത്മാവിനെ ദൈവത്തിലേക്ക് ഉയര്‍ത്തുന്നതിന് തടസ്സമാകും. ശാരീരിക ചെഷ്ഠയെ മുന്‍ നിര്‍ത്തി പ്രാര്‍ത്ഥനയെ നയിക്കരുത് വളരെ ബുദ്ധിമുട്ടേറിയതാണ്. അതു ശരീരത്തിന്‍റെ ഒരു ഭ്രമമായി അധഃപതിക്കുകയും എല്ലാ ശാരീരികാനുഭവങ്ങളും ആത്മീയാനുഭവങ്ങളായി തെറ്റിദ്ധരിക്കപ്പെടാനും സാധ്യതയുണ്ട്." 

അതേരേഖ നമ്പര്‍ 28ല്‍ പറയുന്നു: "ചില ശാരീരിക അനുഷ്ഠാനങ്ങള്‍ സ്വാഭാവികമായി ആത്മീയാനുഭവത്തോടു വളരെ സദൃശമായ ഉള്‍പ്രകാശവും സ്നേഹാനുഭവവും ശാന്തതയും ഉത്കണ്ഠയില്ലാത്ത അവസ്ഥയും മറ്റു സുഖകരമായ അവസ്ഥകളേയും നല്‍കുന്നതാണ്. ഒരുപക്ഷേ അവ ആത്മീയ സുസ്ഥിതി എന്നു തോന്നിയേക്കാവുന്ന പ്രകാശത്തിന്‍റേയും ഊഷ്മളതയുടേയും അനുഭവം നല്‍കിയേക്കാം. എന്നാല്‍ ഇവയെ പരിശുദ്ധാത്മാവിന്‍റെ ആധികാരികമായ ആശ്വസിപ്പിക്കലുകളാണെന്നു ധരിച്ചാല്‍ അത് ആത്മീയ ജീവിതത്തെക്കുറിച്ചുള്ള തെറ്റായ ബോദ്ധ്യങ്ങള്‍ സ്വീകരിക്കുകയാകും ചെയ്യുന്നത്."

JCBWL 4-ല്‍ പറയുന്നു: "ക്രിസ്ത്യന്‍ വിശ്വാസത്തിന്‍റെ കാഴ്ചപ്പാടില്‍ മറ്റുഘടകങ്ങളെ നിരാകരിച്ചുകൊണ്ട്, ന്യൂ ഏജ് മതാത്മകതയിലെ, കുറച്ചു ഘടകങ്ങളെ വേര്‍തിരിച്ച് അതു ക്രിസ്ത്യന്‍ വിശ്വാസത്തിനു സ്വീകാര്യമാക്കിത്തീര്‍ക്കുക അസാദ്ധ്യമാണ്." 

JCBWL 6.2 ല്‍ പറയുന്നു: "കിഴക്കിന്‍റെ ജ്ഞാനത്തില്‍നിന്നു കടമെടുക്കുന്നതില്‍ ('borrowing') ഒരു ഉപദ്രവവുമില്ലെന്നു ധാരാളമാളുകള്‍ ധരിച്ചുവെച്ചിരിക്കുന്നുണ്ട്. എന്നാല്‍ അതീന്ദ്രിയ ധ്യാനത്തിന്‍റെ ('Transcendental meditation (TM) ഉദാഹരണം, അറിയാതെതന്നെ അവരെത്തന്നെ മറ്റൊരു മതത്തിലേക്ക് (ഈ കാര്യത്തില്‍ ഹിന്ദുത്വത്തിലേക്ക്) സമര്‍പ്പിക്കാനുള്ള സാദ്ധ്യതയെക്കുറിച്ച് ക്രിസ്ത്യാനികള്‍ ജാഗ്രത പുലര്‍ത്തണമെന്ന പാഠം നല്‍കുന്നു".

പ്രായോഗിക പാഠം ‍
സഭാപ്രബോധനങ്ങളുടെ മലയാള പരിഭാഷയായ "യേശുക്രിസ്തു ജീവജലത്തിന്‍റെ വാഹകന്‍" എന്ന പുസ്തകത്തിന്‍റെ അവതാരികയില്‍ അഭിവന്ദ്യ ജേക്കബ് മനത്തോടത്ത് പിതാവ് ഇങ്ങനെയെഴുതി: "ലോകം വെച്ചു നീട്ടുന്ന എല്ലാറ്റിനേയും കണ്ണുമടച്ച് ക്രിസ്തുവിശ്വാസി സ്വീകരിക്കാന്‍ പാടില്ല. ഏറ്റവും മഹത്തായ ക്രിസ്തീയ വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ അവയെ നിര്‍ബന്ധമായും പരിശോധിക്കണമെന്ന് ഈ രേഖയില്‍ ആവശ്യപ്പെടുന്നുണ്ട്.... ഈ കാലഘട്ടത്തില്‍ ഒരു സാധാരണ ക്രിസ്തുവിശ്വാസിയുടെ മുന്നിലെ ചതിക്കുഴികള്‍ എന്തൊക്കെയാണെന്ന്‍ ഈ രേഖ വ്യക്തമായി കാണിച്ചുതരുന്നു."

യോഗയുടെ ഉപാസകരായിരുന്നിട്ട് അതുപേക്ഷിച്ച് ക്രിസ്തീയവിശ്വാസം സ്വീകരിച്ചവര്‍, നിരുപദ്രവമെന്നു കരുതി തുടങ്ങിയ യോഗാപരിശീലനം തങ്ങളെ ചതിക്കുഴിയിലാക്കിയെന്നു മുന്നറിയിപ്പു തരുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ തുടങ്ങുന്ന യോഗാ പരിശീലനം ക്രിസ്തുമതത്തിന് അന്യമായ മതങ്ങളിലേയ്ക്കുള്ള വാഹനമാകാമെന്നു സഭ മുന്നറിയിപ്പു തരുന്നു.
ഏറെവര്‍ഷക്കാലത്തെ വൈദിക പരിശീലനംനേടി, ലോകത്തില്‍ ഏക രക്ഷകനായ യേശുക്രിസ്തുവിനെ പ്രഘോഷിക്കാന്‍ കത്തോലിക്കാ സഭയില്‍ വൈദികരായവര്‍വരെ ആ ദൗത്യം മറന്ന്, യോഗവഴി, ദൈവൈക്യവും രക്ഷയും പ്രാപിക്കാമെന്നു പഠിപ്പിക്കുന്ന വിധത്തില്‍ ചതിക്കുഴിയില്‍പ്പെട്ടതിന്‍റെ ദൃഷ്ടാന്തം മുന്നില്‍ നില്‍ക്കുന്നു.
ഇതില്‍നിന്നെല്ലാം ഉരുത്തിരിഞ്ഞ്‌ ഞാന്‍ ഉള്‍ക്കൊണ്ട പാഠം ഇതാണ്: യോഗാ ഗുരുക്കന്മാര്‍ പരിചയപ്പെടുത്തുന്ന വ്യായാമങ്ങള്‍ ഒരുപക്ഷേ ശാരീരികമായി ഉപകാരപ്രദമാണെങ്കിലും, വിശ്വാസവിരുദ്ധമായവയിലേക്കുപോയി ആത്മരക്ഷ അപകടത്തിലാക്കാന്‍ സാദ്ധ്യതയുണ്ട് എന്നതുകൊണ്ട്, ആത്മപാലനത്തിനായി എനിക്ക് ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നവരെ, യോഗയെക്കുറിച്ചു ജാഗ്രത പുലര്‍ത്തണമെന്നും അതില്‍ ചതിക്കുഴികളുണ്ടെന്നുമുളള സഭയുടെ മുന്നറിയിപ്പുകളെപ്പറ്റി അവബോധമുള്ളവരാക്കും. ശരീരത്തിന്‍റെ തല്‍ക്കാല ക്ഷേമത്തിനായി ആത്മാവിന്‍റെ നിത്യരക്ഷ അപകടത്തിലാക്കുന്ന ഒന്നിലേക്കും ആരെയും തള്ളിവിടുകയില്ല. (Acts 20:26-31)

ഉപസംഹാരം

യേശുക്രിസ്തു ജീവജലത്തിന്‍റെ വാഹകന്‍ എന്ന രേഖ പറയുന്നു: "വളരെയധികം സംഭവങ്ങളില്‍ കത്തോലിക്കാ ആത്മീയ കേന്ദ്രങ്ങള്‍, സഭയില്‍, ന്യൂ ഏജ് മതാത്മകത പ്രചരിപ്പിക്കുന്നതില്‍ സജീവമായി ഏര്‍പ്പെട്ടിരിക്കുന്നതായി കാണാം. ആശയ കുഴപ്പങ്ങളും തെറ്റുകളും പ്രചരിപ്പിക്കുന്നത് തടയാന്‍വേണ്ടി മാത്രമല്ല അതുവഴി ക്രിസ്തീയ ആത്മീയതയെ പ്രോത്സാഹിപ്പിക്കുന്നതിന് അവയെ കാര്യക്ഷമമാക്കാന്‍കൂടി ഇതു തീര്‍ച്ചയായും തിരുത്തപ്പെടേണ്ടതുണ്ട്. കത്തോലിക്കാ സാംസ്കാരിക കേന്ദ്രങ്ങള്‍ പ്രത്യേകിച്ചും കൂടുതല്‍ ഫലപ്രദമാകുന്നതിനുവേണ്ടിക്കൂടിയാണ്" (JCBWL 6.2). "നമ്മളെ വിശ്വസിച്ച് ഏല്പിച്ചിരിക്കുന്ന ദാനങ്ങളെക്കുറിച്ചു നമുക്ക് അഭിമാനമുള്ളവരായിരിക്കാം. അതിനാല്‍ പ്രബലമായ സംസ്കാരങ്ങളില്‍ ഈ ദാനങ്ങളെ കുഴിച്ചുമൂടാനുള്ള സമ്മര്‍ദ്ദങ്ങളെ നമുക്കു ചെറുക്കേണ്ടതായിട്ടുണ്ട്" എന്ന സഭയുടെ ആഹ്വാനത്തെ നമുക്കു് വിലമതിക്കാം. (JCBWL 6.2). കുറേ വൈദികരും സന്യസ്തരും, സത്യവിശ്വാസം പഠിപ്പിക്കാന്‍ സമര്‍പ്പിതരായിരുന്ന മറ്റുചിലരും അക്രൈസ്തവ ധ്യാനരീതികളും ടെക്നിക്കുകളും ആശ്ലേഷിക്കാന്‍കാണിക്കുന്ന, വിശദീകരിക്കാന്‍പറ്റാത്തതരത്തിലുള്ള ആവേശം, കത്തോലിക്കാ വിശ്വാസികള്‍ക്ക് ഏറെ സംഭ്രമമുളവാക്കുന്ന കാര്യമാണെന്ന്, തന്‍റെ ഇടയലേഖനത്തില്‍ കാര്‍ഡിനല്‍ കരേറ പറയുന്നു. ഇത്തരക്കാര്‍ വിശ്വാസികളെ വഴിതെറ്റിക്കാതിരിക്കാന്‍ ഏവരും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. 

യോഗപോലുള്ള ക്രിസ്ത്യേതര ധ്യാന സമ്പ്രദായങ്ങളെക്കുറിച്ചു പഠിക്കുന്നതിനും അവയുടെ സാദ്ധ്യതകളെക്കുറിച്ച് ആരായുന്നതിനും 1976-ല്‍ കല്‍ക്കട്ടയില്‍ കിഴക്കന്‍ രാജ്യങ്ങളിലെ ബിഷപ്പുമാര്‍ ഒരുമിച്ചുകൂടി. മദര്‍ തെരേസായേയും ക്ഷണിച്ചിരുന്നു. ഇവയെക്കുറിച്ച് മദര്‍ ഇങ്ങനെ പറഞ്ഞു: "പ്രാര്‍ത്ഥന വളരെ ലളിതവും എളുപ്പവുമാണ് നിങ്ങള്‍ അതിനെ സങ്കീര്‍ണ്ണമാക്കരുത്. പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കാന്‍ ശിഷ്യന്മാര്‍ ആവശ്യപ്പെട്ടപ്പോള്‍ ഈശോ ശിഷ്യന്മാരെ ടെക്നിക്കുകളൊന്നും പഠിപ്പിച്ചില്ല. നാം ദൈവത്തോട്, പിതാവിനോട് കുഞ്ഞ് എന്നപോലെ സംസാരിക്കാന്‍ പഠിക്കണം." (ബിജു ഓഫ് ഇമ്മാകുലേറ്റ് മേരിയുടെ സ്നേഹത്തിന്‍റെ ദിവ്യരഹസ്യങ്ങള്‍ എന്ന പുസ്തകം, പേജ് 55).

സഭയുടെ പ്രബോധനം ഉദ്ധരിച്ചുകൊണ്ട് അവസാനിപ്പിക്കാം;"കൂദാശകള്‍, വിശിഷ്യാ മാമ്മോദീസായും ദിവ്യകാരുണ്യവുമാണ് ക്രിസ്ത്യാനിക്കു ദൈവവുമായുള്ള ഐക്യത്തിലേക്കുവരാനുള്ള യഥാര്‍ത്ഥ ആരംഭങ്ങളാകുന്നത്." (Orationis Formas) വസ്തുതകള്‍ ഇങ്ങനെയായിരിക്കേ, ക്രിസ്താനുഭവ യോഗാധ്യാനം, പെസഹാനുഭവ യോഗാധ്യാനം എന്നൊക്കെയുള്ളപേരില്‍ ധ്യാനങ്ങള്‍ നടത്തുന്നവര്‍ ജീവജലത്തിന്‍റെ ഉറവയായ കര്‍ത്താവിനെയുപേക്ഷിച്ച്, ജലം സൂക്ഷിക്കാന്‍ കഴിവില്ലാത്ത പൊട്ടക്കിണറുകള്‍ കുഴിക്കുന്നു എന്നുമാത്രമല്ല ശുദ്ധജലമെന്നവ്യാജേന അജഗണത്തെ മലിനജലം കുടിപ്പിക്കുകയും ചെയ്യുന്നുവെന്നതു നമ്മള്‍ ഗൗരവമായി പരിഗണിച്ചു ജാഗ്രത പുലര്‍ത്തണം.


കടപ്പാട്: ഫാ. അഗസ്റ്റിന്‍ പാറപ്ലാക്കല്‍; പ്രവാചക ശബ്ദം പോര്‍ട്ടല്‍

Knights Templar India

3 അഭിപ്രായങ്ങൾ:

  1. മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി

    മറുപടിഇല്ലാതാക്കൂ
  2. മനുഷ്യന് സത്യദൈവത്തെ അറിയാൻ ആഗ്രഹം ഉണ്ടെങ്കിൽ ബൈബിൾ വായിക്കുക ,,,യോഗ യേശു ക്രിസ്തു ആരെയും പഠിപ്പിച്ചിട്ടില്ല ,,,സൂര്യനമസ്കാരം തെറ്റാണെന്ന് ബൈബിൾ പഠിപ്പിക്കുന്നു ,,,

    മറുപടിഇല്ലാതാക്കൂ
  3. എങ്കിൽ പള്ളീടെ മുമ്പിലലെ കൽ വിളക്കും ക്ഷേത്രങ്ങളുടെ രീതിയിൽ പള്ളി പണിയുന്നതും നിർത്തണം

    മറുപടിഇല്ലാതാക്കൂ