2018, ഓഗസ്റ്റ് 11, ശനിയാഴ്‌ച

ഹെൽത്ത് യോഗ

ജോൺ ജോസ്.സി

ആരോഗ്യത്തെ സംബന്ധിച്ച്,  ഇന്നെല്ലാവരും വളരെ ബോധവാന്മാരാണ്. ആരോഗ്യമുണ്ടാകുമെങ്കിൽ, പരസ്യങ്ങളിലുടെ വ്യാപകമായി ഇന്നു പ്രചരിക്കുന്ന ഹെൽത്ത് യോഗ, എന്തുകൊണ്ടു ക്രിസ്ത്യാനിക്കും ചെയ്തുകൂടാ?

എന്തുപേരിലറിയപ്പെട്ടാലും എന്തുദ്ദേശ്യത്തിനുവേണ്ടി ചെയ്താലും ആ ഉദ്ദേശ്യം എത്ര 'ശ്രേഷ്ഠകരം' എന്നുദ്ഘോഷിക്കപ്പെട്ടാലും യോഗ വ്യായാമമായിപ്പോലുംചെയ്യാൻ കത്തോലിക്കാ വിശ്വാസികളെ കത്തോലിക്കാസഭ അനുവദിച്ചിട്ടില്ല!

യൂക്കാറ്റിൽ പറത്തിരിക്കുന്നതു ശ്രദ്ധിച്ചു വായിക്കണം. - "പലരുമിന്ന് ആരോഗ്യപരമായ കാരണങ്ങളാൽ 'യോഗ' അഭ്യസിക്കുന്നുണ്ട്. ധ്യാന (meditation)പദ്ധതിയിൽ ചേരുന്നുണ്ട്. കൂടുതൽ പ്രശാന്തതയും ആത്മസംയമനവുംനേടാൻവേണ്ടിയാണത്. ചിലർ നൃത്തപരിശീലനപദ്ധതിയിൽ ചേരുന്നു. പുതിയ രീതിയിൽ തങ്ങളുടെ ശരീരങ്ങൾ അനുഭവിക്കാൻ വേണ്ടിത്തന്നെ. എന്നാൽ ഈ സാങ്കേതികവിദ്യകൾ എപ്പോഴും ദോഷരഹിതമല്ല. പലപ്പോഴും ക്രിസ്തുമതത്തിനന്യമായ സിദ്ധാന്തങ്ങളിലേക്കുള്ള വാഹനങ്ങളാണവ. വിവേകമുള്ള ഒരു വ്യക്തിയും യുക്തിരഹിതമായ ലോകവീക്ഷണം പുലർത്തരുത്" (യൂക്കാറ്റ് ഖണ്ഡിക 356) .

മൂന്നു പൊന്തിഫിക്കൽ കൗൺസിലുകളും തിരുസംഘവുംചേർന്നു രൂപംകൊടുത്ത വത്തിക്കാൻ സംഘം, "യേശു ക്രിസ്തു ജീവജലത്തിന്റെ വാഹകൻ" എന്നപേരിൽ  ഈ വിഷയത്തെ ആഗോളപരമായി വർഷങ്ങളോളം പഠിച്ചു പ്രഖ്യാപിച്ചിട്ടുള്ളത്, യോഗയും യോഗയുടെ എല്ലാവിധ പാരമ്പര്യങ്ങളും ക്രിസ്തീയ തത്വങ്ങൾക്കെതിരായതിനാൽ ആരോഗ്യമുണ്ടാക്കുക എന്ന ലക്ഷ്യത്തിനായ്പോലും ക്രിസ്ത്യാനികൾ യോഗചെയ്യരുതെന്നാണ്. എന്നാൽ ആരോഗ്യത്തിന്റെ പേരുപറഞ്ഞ്, വളരെയധികം പ്രചരണങ്ങൾ ക്രിസ്ത്യാനികളിൽനിന്നുപോലും (വൈദികരും സന്യസ്തരും അല്മായരും ബിഷപ്പുമാർവരെ) ഉണ്ടാകുമ്പോൾ ഇതൊന്നഭ്യസിച്ചുനോക്കുന്നതിൽ എന്താണുതെറ്റെന്നു തോന്നിയേക്കാം. എന്തുകൊണ്ടാണു കത്തോലിക്കാ സഭ ആരോഗ്യപരമായ കാരണങ്ങളാൽ ഒരു വ്യായാമമായിപ്പോലും ക്രിസ്ത്യാനി ഇതു ചെയ്യരുതെന്നു നിഷ്കർഷിക്കാൻ കാരണം?

കാരണമുണ്ട്.

ഹെൽത്ത് യോഗയുടെ വക്താക്കൾനടത്തുന്ന ക്ലാസ്സുകൾ പരിശോധിച്ചാൽ ഹെൽത്ത് യോഗയിൽ ഇവർ ആധാരമാക്കിയിട്ടുള്ള തത്വങ്ങൾ / സിദ്ധാന്തങ്ങൾ  ഏതൊക്കെയാണെന്നു നമ്മൾക്കു മനസ്സിലാക്കാവുന്നതാണ്.

ആ തത്വങ്ങൾ താഴെ പറയുന്നു:-

A) ശരിരത്തിനു പുറത്തുള്ള ഏതു പദാർത്ഥത്തേയും (matter) ഒരുവന്റെ മനഃശക്തികൊണ്ടു ശാസ്ത്രത്തിന്റെ സാമാന്യതത്വങ്ങളെപ്പോലും (ഉദാ: ഭാരമുള്ള വസ്തു വായുവിലേക്കെറിഞ്ഞാൽ ഗുരുത്വാകർഷണംമൂലം അതു ഭൂമിയിലേക്കു പതിക്കുമെന്നതു ശാസ്ത്രത്തിലെ തെറ്റുപറ്റാത്ത ഒരു നിയമമാണ്) മറുകടന്നു  സ്വാധീനിക്കാനും ഒരു ക്രമത്തിലേക്കു കൊണ്ടുവരാനും സാധിക്കുമെന്നതാണു ഹെൽത്ത് യോഗ ക്ലാസ്സുകളിലെ ആദ്യത്തെ 'പ്രഖ്യാപനം '. അതായത്, human mind can influence  matter outside the body even if it violates laws of natural Science. ക്രിസ്ത്യാനികളെ വീഴ്ത്താൻ ഇങ്ങനെകൂടെ പറഞ്ഞുവയ്ക്കും. യേശുക്രിസ്തുവിന് ഇത്രയും അദ്ഭുതങ്ങളും (ജലത്തിന്റെമീതെ നടന്നതു തുടങ്ങിയ) രോഗസൗഖ്യങ്ങളും ശാസ്ത്രത്തിന്റെ സാധാരണ നിയമങ്ങൾക്കുപോലും അതീതമായി ചെയ്യാൻസാധിച്ചത്, ഈ മനഃശക്തികൊണ്ടാണെന്നും രക്തസ്രാവക്കാരി സ്ത്രീയെ സുഖപ്പെടുത്തിയപ്പോൾ  യേശുക്രിസ്തുവിൽനിന്നു ശക്തിപുറപ്പെട്ടുവെന്നു ബൈബിളിൽ എഴുതിയിട്ടുള്ളതുപോലും യോഗയുടെ ഈ വക്താക്കൾ തന്മയത്വത്തോടെ അവതരിപ്പിക്കും. വൈദികരാണിതു പറയുന്നതെങ്കിൽ അതിന്റെ സ്വാധീനം വളരെ വലുതാണ്. ഇതുപോലെ ലോകചരിത്രത്തിൽ അനേകംപേർക്കു കഴിഞ്ഞിട്ടുണ്ടെന്നും യേശുക്രിസ്തു ആ ശൃംഖലയിലെ ഒരാൾമാത്രമാണെന്നും കൂട്ടത്തിൽ തട്ടിവിടും. അങ്ങനെ ദൈവത്തിന്റെ, ദൈവംതന്നെയായ ഏകപുത്രനായ യേശുക്രിസ്തുവിന്റെ ഉണ്മയ്ക്കപ്പുറം അനേകം ക്രിസ്തുമാരെ പ്രതിഷ്ഠിക്കും. പാശ്ചാത്യ രാജ്യങ്ങളിൽ മനുഷ്യന്റെ മനസ്സിനാണ് അവർ കുടുതൽ പ്രധാന്യംകൊടുക്കുന്നതെന്നും എന്നാൽ ഇവിടത്തെ വിശ്വാസമനുസരിച്ച്, മനുഷ്യൻ മനസ്സ് എന്നതിനേക്കാളുപരിയാണെന്നും എന്നാൽ മനസ്സിനു പദാർത്ഥങ്ങളുടെമേൽ സ്വാധീനിക്കാൻ ശക്തിയുള്ളതാണെന്നകാര്യത്തിൽ തർക്കമില്ലെന്നും ഈ ഹെൽത്ത് യോഗ ക്ലാസ്സുകള്ളിൽ വിശദീകരിച്ചുകൊടുക്കുന്നുണ്ട്. ഇങ്ങനെ മനുഷ്യനെ മനസ്സിലേക്കും മനഃശക്തിയിലേക്കും ഒതുക്കിക്കഴിഞ്ഞാൽ രണ്ടാമത്തെ പ്രഖ്യാപനത്തിന്റെ വരവായി.

B) ശരീരത്തിന്റെ പുറത്തുള്ളതിനെ സ്വാധീനിക്കാൻ മനുഷ്യന്റെ മനസ്സിനു മനഃശക്തികൊണ്ടു സാധിക്കുമെങ്കിൽ ശരിരത്തിനുള്ളിലെ അവയങ്ങളുടെ പ്രവർത്തനത്തെ ക്രമത്തിലാക്കാൻ സാധിക്കുക എത്രയോ "എളുപ്പമാണ്" എന്നതാണു രണ്ടാമത്തെ പ്രഖ്യാപനത്തിലെ കാതൽ. എല്ലാവർക്കും എതേങ്കിലുംതരത്തിലുള്ള ഒരു രോഗമങ്കിലുമുള്ളതുകൊണ്ട് ആരും ഈ പ്രഖ്യാപനത്തിൽ വീണുപോകും. എല്ലാത്തരം രോഗങ്ങൾക്കും ഈ പ്രഖ്യാപത്തിൽ ശരണംകണ്ടെത്താനാകും. ശരീരത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുക (കാലിന്റെ തള്ളവിരൽമുതൽ മനുഷ്യശരീരത്തിന്റെ ഉച്ചിവരെ ശ്രദ്ധ കേന്ദ്രീകരിക്കുക!) എന്നതാണ്  ഈ പ്രഖ്യാപനത്തിലെ മുഖ്യ പ്രമേയം. ശരീരത്തിലെ ഒരു പ്രത്യേക അവയത്തെ കേന്ദ്രീകരിച്ചിട്ടുള്ള രോഗമല്ലെങ്കിൽക്കൂടി (ഉദാ: ബ്ലഡ് കാൻസർ) ഹെൽത്ത് യോഗയിൽ പരിഹാരമുണ്ടെന്നാണ് ഇതിന്റെ വക്താക്കൾ അവകാശപ്പെടുന്നത്!

മരണത്തെപ്പോലും ഒരുവന് ഈ വിദ്യകൾവഴി തരണംചെയ്യാൻ സാധിക്കുമെന്ന് ഈക്കൂട്ടർ പ്രസ്താവിക്കുമ്പോൾ, ഈ പ്രമേയങ്ങളുടെ ആഴം എത്രയാണെന്നു മനസ്സിലാക്കാം. അവിടെയും യേശുക്രിസ്തുവിനെത്തന്നെ ഉദാഹരണമായിപ്പറയും. അതിനാൽ ഏതുതരം യോഗയും, ഓടുക, ചാടുക, സൈക്കിൾചവിട്ടുക തുടങ്ങിയ വ്യായാമങ്ങളെപ്പോലെയുള്ളതുമാത്രമാണെന്നു നിങ്ങൾ കരുതിയാൽ നിങ്ങൾക്കു വലിയ തെറ്റുപറ്റിയിരിക്കുന്നു! ഓടുക, ചാടുക നിന്തുക, സൈക്കിൾ ചവിട്ടുക എന്നതിൽ ശാരീരിക അദ്ധ്വാനംമാത്രമേയുള്ളൂ! അതിനുള്ളിൽ ദൈവത്തിലുള്ള വിശ്വാസത്തിന്റെ മൗലിക ഘടകങ്ങളെയൊന്നും സ്പർശിക്കുന്നില്ല. ഉദാഹരണത്തിനു സൈക്കിൾ ചവിട്ടുന്നതുതന്നെയെടുക്കാം.  രണ്ടുചക്രംമാത്രമുള്ള സൈക്കിളിൽ ഒരു മനുഷ്യനിരുന്നു സഞ്ചരിക്കുന്നതു വലിയൊരദ്ഭുതംതന്നെയല്ലേ? തന്റെ ശരിരത്തിന്റെ ഭാരത്തെ രണ്ടു കൈകൾകൊണ്ടു പിടിച്ചിരിക്കുന്ന സൈക്കിളിന്റെ ഹാന്റിലിൽ ക്രമപ്പെടുത്തി, ഹാന്റിൽ ഇടത്തോട്ടും വലത്താട്ടും വെട്ടിക്കുകയും ഒപ്പം സൈക്കിളിന്റെ പെഡലിൽ രണ്ടു കാൽകൊണ്ടു മർദ്ദംകൊടുത്തു സൈക്കിൾ ഒരു വശത്തേയ്ക്കും ചരിയാതെ മുന്നോട്ടു കൊണ്ടുപോകുന്നു! അതിനാൽ സൈക്കിൾചവിട്ടു പരിശീലിക്കുന്നവനും പരിശീലിപ്പിക്കുന്നവനും ഇത്രയും കാര്യങ്ങൾ, തത്വങ്ങൾമാത്രമേ ശ്രദ്ധിക്കേണ്ടതായിട്ടുള്ളൂ. അതിൽ ക്രിസ്തുവിനെ സംബന്ധിക്കുന്ന ഒരു സിദ്ധാന്തങ്ങളുമില്ല. ഇതുതന്നെയാണ് ഓട്ടത്തിലും ചാട്ടത്തിനും നീന്തലിലും ഉള്ളൂ. എന്നാൽ യോഗയിലും ഹെൽത്ത് യോഗയിലും അതല്ല സ്ഥിതി! ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ മൗലിക ഘടകങ്ങൾക്കു കത്തോലിക്കാസഭ നല്കുന്നതിൽനിന്ന് എതിരായ തത്വങ്ങൾ / സിദ്ധാന്തങ്ങൾ അടിസ്ഥാനമാക്കിയിട്ടുണ്ട്! അതാണു ക്രിസ്ത്യാനിക്കു പ്രശ്നമാകുന്നത്. നിങ്ങളുടെ ദൈവത്തിലുള്ള വിശ്വാസത്തിന്റെ മൗലികസത്യങ്ങളെ ഇതിനിടയിൽ ഈ യോഗ/ഹെൽത്ത് യോഗ പഠിപ്പിക്കുന്നവർ കുഴിച്ചുമുടുന്നുണ്ടെന്ന സത്യം നിങ്ങൾ തിരിച്ചറിയണം. വ്യായാമത്തിനുവേണ്ടി കത്തോലിക്കൻ യോഗ'ഗുരു'വിന്റെ അടുത്തുചെന്നാലും ഈ തെറ്റായ സിദ്ധാന്തങ്ങൾ 'ഗുരു'വിൽനിന്ന് അവനു പകർന്നുകിട്ടും.

C) ഹെൽത്ത് യോഗയിലൂടെ മനുഷ്യജീവിതത്തിലും അവന്റെ ചുറ്റുപാടിലും നല്ലതായ ക്രമങ്ങൾ വരുത്തുന്നതുവഴി ഈ പ്രശ്നസങ്കീർണ്ണമായ ലോകത്തെത്തന്നെ ക്രമത്തിലാക്കാൻ സാധിക്കുമെന്നതാണു ഹെൽത്ത് യോഗയിലെ മൂന്നാമത്തെ പ്രഖ്യാപനം. മറ്റു പ്രഖ്യാപനകളിലേക്കുപോകാതെ ഈ പ്രഖ്യാപനങ്ങൾ എങ്ങനെയാണു ക്രിസ്തീയതയ്ക്കെതിരായിരിക്കുന്നതെന്നുനോക്കാം
  
മനുഷ്യന്റെ ആത്മാവിനെയവഗണിച്ച്, മനസ്സിലും മനഃശക്തിയിലും അടിസ്ഥാനമിട്ടുള്ള ഇത്തരം psychic സൗഖ്യപ്പെടത്തലുകളും വിശുദ്ധീകരണ'വിദ്യ'കളും ഈ കാലഘട്ടത്തിൽ മാത്രമല്ല,  നൂറ്റാണ്ടുകൾക്കുമുമ്പുതൊട്ടേ ലോകത്തു പ്രചരിച്ചിട്ടുള്ളവയാണെന്നു  നാം മനസ്സിലാക്കണം. മനഃശക്തിയിൽ ആശ്രയിച്ചിട്ടുള്ള ഇത്തരം 'മാനസിക -സൗഖ്യ -ആത്മീയ' വിദ്യകൾനടത്തുന്നത് ഏറ്റവും അപകടരമെന്നാണ് നാലാംനൂറ്റാണ്ടിൽ ജീവിച്ചിരുന്ന വേദപാരംഗതനായ വി. അഗസ്റ്റിൻ വിശേഷിപ്പിച്ചിട്ടുള്ളത്. ഇതെല്ലാം പഴയ "മിശ്രിതം" പുതിയ ലേബലിൽ അവതരിപ്പിക്കുന്നതാണ്. തന്നെത്തന്നെ സ്വയംദൈവമാക്കുന്ന ഈ വിദ്യകൾ, തന്നിൽത്തന്നെ നില്ക്കുന്നതാണ്. ഇതുതന്നെയാണു മനുഷ്യവംശത്തിനുണ്ടായ ആദ്യത്തെ പ്രലോഭനവും തുടർന്നുണ്ടായ വീഴ്ചയും. "ഈ പഴം കഴിച്ചാൽ നീ ദൈവത്തെപ്പോലെയാകും" എന്ന പിശാചിന്റെ വഞ്ചനാമൊഴി ഇന്നു പുതിയ ലേബൽ ഒട്ടിച്ചുവന്നിട്ടുള്ളതാണ് യോഗയും ഹെൽത്ത് യോഗയും.

സെയിന്റ് അഗസ്റ്റിൻ ഇങ്ങനെ പറഞ്ഞിരിക്കുന്നു. "തന്നിൽത്തന്നെ നില്ക്കുകയെന്നതാണ് ഏറ്റവുംവലിയ അപകടം. മനുഷ്യൻ ദൈവമല്ലാത്തതുകൊണ്ട്, തന്നിൽത്തന്നെ ശ്രദ്ധിച്ചുകൊണ്ട് അവിടെത്തന്നെ നില്ക്കാതെ, മനുഷ്യൻ അവന്റെ അപ്പുറത്തേക്കു കടക്കണം. കാരണം, നാം ഒരു സൃഷ്ടിമാത്രമാണ്; ദൈവമെന്നത്, എന്റെ ഏറ്റവും അടിത്തട്ടിലുള്ളതിനേക്കാൾ അഗാധമായതും എന്റെ എറ്റവും ഉന്നതസ്ഥിതിയേക്കാൾ ഉയർന്നതുമാണ്. യഥാർത്ഥത്തിൽ ദൈവം നമ്മിലും നമ്മോടുകൂടെയുമാണ്. മാത്രവുമല്ല രഹസ്യാത്മകമായി നമ്മുടെ അപ്പുറത്തേക്കു കടന്നിട്ടുള്ളതുമാണ് ദൈവം."

വിശുദ്ധനായ ജോൺപോൾ മാർപാപ്പയുടെ അനുമതിയോടെ  വിശ്വാസത്തിന്റെ തിരുസംഘത്തിന്റെ പ്രിഫെക്റ്റ് ആയിരുന്ന കർദ്ദിനാൾ ജോസഫ് റാറ്റ് സിംങ്ങർ - ഇപ്പോഴത്തെ പോപ്പ് എമിരറ്റ്സ് ബെനഡിക്ട് പതിനാറാമൻ,- 1989 ഒക്ടോബർ 15നു പുറപ്പെടുവിച്ച Letter to the Bishopട of the Catholic Church on some Aspectട of Christian meditation _ ORATIONIS FOR MAS - എന്ന രേഖയിൽ ഇക്കാര്യങ്ങൾ പ്രസ്താവിക്കുന്നുണ്ട്.

ഹെൽത്ത് യോഗ അടിസ്ഥാനമാക്കിയിരിക്കുന്ന ആദ്യത്തെ തത്വംതന്നെ ക്രിസ്തീയതയുമായി എത്രമാത്രം വൈരുദ്ധ്യത്തിലാണെന്നു വളരെ വ്യക്തമാണ്. ദൈവം മനസ്സും മനഃശക്തിയുമാണെന്നു പരോക്ഷമായിട്ടെങ്കിലും അതിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ആത്മാവിനെ ഉപേക്ഷിക്കുന്നതിനാൽ യേശുവിന്റെയും അവിടത്തെ പരിഹാരബലിയേയും ഹെൽത്ത് യോഗയിൽ നിഷേധിക്കുന്നു.

മുപ്പത്തിമുക്കോടി ദൈവങ്ങളെ അരാധിക്കുന്നതുപോലെയല്ല ക്രിസ്ത്യാനിയുടെ ദൈവാരാധാന. അവന് ഒരേയൊരു ദൈവമേയുള്ളൂ. അത് ഏറ്റുപറഞ്ഞിട്ടുള്ളവരും ആ ദൈവത്തെ രക്ഷകനും നാഥനുമായി സ്വികരിച്ചവരുമായ ക്രിസ്ത്യാനികൾ യോഗചെയ്യുമ്പോൾത്തന്നെയാണ് അതിന്റെ പ്രത്യാഘാതങ്ങൾ ഏറ്റവും ഭയനാകമായിരിക്കുക!

വെളിപ്പെടുത്തപ്പെട്ട സത്യത്തെ അംഗീകരിക്കാതിരിക്കുകയോ അവഗണിക്കുകയോചെയ്യുമ്പോൾ വിശ്വാസി ഒന്നാംപ്രമാണത്തിനെതിരെ തെറ്റുചെയ്യുന്നുവെന്നു കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം ഖണ്ഡിക 2089 വ്യക്തമാക്കുന്നുണ്ട്. 

ഈ ഹെൽത്ത് യോഗ ക്ലാസ്സുകളിൽ അരോഗ്യമെന്ന അവശ്യത്തെക്കാണിച്ച്, ക്രിസ്തുവിശ്വാസിയുടെ വിശ്വാസത്തിന്റെ എല്ലാ നെടുംതൂണുകളേയും വിശ്വാസിപോലുമറിയാതെ, വിശ്വാസിയുടെ ഹൃദയത്തിൽനിന്ന്  ഈ ക്ലാസ്സ് നയിക്കുന്നവർ തകർത്തുകളയുന്നുവെന്നതുകൊണ്ടുതന്നെയാണ് യോഗ ക്രിസ്ത്യാനിക്ക് അപകടകരമാകുന്നത്. ദൈവം സ്രഷ്ടാവും നാം സൃഷ്ടികളുമാണെന്ന പരമസത്യത്തെയാണ് ഇവിടെ തകിടംമറിക്കുന്നത്. സൃഷ്ടികളെങ്കിലും യേശുക്രിസ്തുവിൽ വിശ്വസിച്ചാൽ, യേശുചെയ്ത പ്രവൃത്തിയേക്കാൾ വലിയ പ്രവൃത്തികൾചെയ്യാൻ ദൈവത്തിന്റെ കൃപയാൽ ദൈവം വിശ്വാസിയെ ഒരുക്കുന്നുണ്ട്. യേശുക്രിസ്തു ശരിരത്തേക്കാൾ ആത്മാവിനു പ്രാധാന്യം നല്കി. "ആത്മാവാണു ജീവൻ നല്കുന്നത് ശരീരം ഒന്നിനുമുപകരിക്കുന്നില്ല." (യോഹ 6:63)

ശരീരവും മനസ്സും മനഃശക്തിയുമാണു യോഗയിലേയും ഹെൽത്ത് യോഗയിലേയും താരങ്ങൾ! മനഃശക്തികൊണ്ടു കാര്യങ്ങൾ ക്രമത്തിലാക്കാൻസാധിക്കുമായിരുന്നെങ്കിൽ യേശുവിന് ഈ കുരിശിലുള്ള യാഗബലി ഒഴിവാക്കാമായിരുന്നു. ക്രിസ്തുവിന് ഇത്ര "ബുദ്ധി"യില്ല എന്നാണോ നിങ്ങൾ വിചാരിക്കുന്നത്.?
   
സ്വയം ദൈവമാകാനുള്ള പ്രലോഭനങ്ങൾ എക്കാലത്തും മനുഷ്യനെ പിന്തുടർന്നിരുന്നു. വിശുദ്ധനായ ജോൺപോൾ രണ്ടാമൻ മാർപ്പാപ്പ വേദപാരംഗതയായ ആവിലായിലെ വിശുദ്ധ ത്രേസ്യയുടെ ഉദാഹരണം ആഗോളസഭയ്ക്കു നല്കുന്നുണ്ട്. ക്രിസ്തുവിനെ ഒഴിവാക്കി ദൈവികതയിൽ 'മുങ്ങാനുള്ള' പ്രലോഭനം വിശുദ്ധ ത്രേസ്യയ്ക്കുമുണ്ടായി. എന്നാൽ അത്തരം തത്വങ്ങളേയും പ്രാർത്ഥനാമാർഗ്ഗങ്ങളെയെല്ലാം വിശുദ്ധ തള്ളിക്കളഞ്ഞു.

മാർപാപ്പയുടെതന്നെ വാക്കുകൾ ശ്രദ്ധിക്കുക . "The call of Teresa of Jesus advocating a prayer completely Centered on Christ is valid , even in our day, against Some methods of prayer, which are not inspired by the Gospel and which tend to Set Christ  aside in preference for a mental void /power which makes no sense in Christianity. Any method of prayer is valid in sofar as it is inspired by Christ and leads to Christ who is the Way, the Truth and the Life- John 14:6- (please see Homilia Abulae habita in honorem Sanctae Teresiae: AAS 75 (1983), p 256-257).

ക്രിസ്തുവിനെ ഒഴിവാക്കിക്കൊണ്ടുള്ള  ഒരു 'വിദ്യകൾക്കും' ക്രിസ്തീയതയിൽ ഇടമില്ല. ക്രിസ്തുവിനെ എന്റെയുള്ളിൽ വച്ചുകൊണ്ടുതന്നെ ക്രിസ്തുവിനെ നഷ്ടപ്പെടുത്താതെ യോഗയും ഹെൽത്ത് യോഗയും ചെയ്യാമെന്ന് ഒരു ക്രിസ്തുവിശ്വാസി വിചാരിക്കുന്നെങ്കിൽ, ഭാര്യയെ 'മനസ്സിൽ വിചാരിച്ച്' പരസ്ത്രീബന്ധമാകാം, അതിൽ തെറ്റില്ല എന്നു വിചാരിക്കുന്നവനെപ്പോലെയാണ്! രണ്ടു യജമാനന്മാരെ ഒരേസമയം ഒരുവനു സേവിക്കാൻ കഴിയുകയില്ല. ക്രിസ്തുവിനെ എന്നന്നേയ്ക്കുമായി അവനു നഷ്ടപ്പെടും തീർച്ച!
  
രോഗാവസ്ഥയിലും 'വിദ്യകളിലേക്കു'പോകാതെ ക്രിസ്തുവിനോടൊത്തു സഹിച്ചുകൊണ്ടു വിശുദ്ധർ വിശുദ്ധരായി. രോഗംമൂർച്ഛിച്ചു വേദന സഹിക്കാൻവയ്യാതെയായപ്പോഴും വിശുദ്ധർ ക്രിസ്തുവിനെ ഉപേക്ഷിച്ചില്ല . അവിടുത്തേക്കുമാത്രം കൊടുക്കേണ്ട ബഹുമാനം, വേറൊരു വിദ്യയ്ക്കും അവർ കൊടുത്തില്ല.

വേദനയുടെ പാരമ്യത്തിൽ ദൈവസ്നേഹത്താൽത്തന്നെ പ്രേരിതയായി തന്റെ ആദ്ധ്യാത്മികഗുരുവും വിശുദ്ധനുമായ വിശുദ്ധ ചാവറ കുര്യക്കോസ് ഏലിയാസ് അച്ചനോടുള്ള മാദ്ധ്യസ്ഥംതേടിയതും ആ വിശുദ്ധൻ രാത്രിയുടെ യാമങ്ങളിൽ പ്രത്യക്ഷപ്പെട്ട്, വിശുദ്ധ അൽഫോൺസാമ്മയ്ക്കു രോഗസൗഖ്യം കൊടുത്തതും വിശുദ്ധ അൽഫോൺസാമ്മയുടെ ജീവചരിത്രത്തിൽ വായിച്ചിട്ടുള്ളതു നാമോർക്കണം!

യോഗയെക്കൂടാതെ ഈ കാലഘട്ടത്തിൽ സ്വയം"ദൈവമാകാൻ' വിശ്വാസികൾ ഒരിക്കലും സ്വീകരിക്കാൻ പാടില്ലാത്ത വിദ്യകളുടെ ലിസ്റ്റ് (New Age movements) "യേശു ക്രിസ്തു ജീവജലത്തിന്റെ വാഹകൻ " എന്ന വത്തിക്കാൻ രേഖയിൽ (ഖണ്ഡിക 2. 2.3)  പ്രസ്താവിചിട്ടുണ്ട്. അവയെല്ലാം വിശ്വാസത്തിലധിഷ്ഠിതമല്ലാത്തതും പലതും 1960- 1970 കാലഘട്ടത്തിൽ ഉയർന്നുവന്ന എസലെൻ സിദ്ധാന്തങ്ങളിലധിഷ്ഠിതമായി വികസിപ്പിച്ചെടുത്ത മനഃശാസ്ത്ര തത്വങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളതാണെന്നു പ്രസ്തുത രേഖ പറയുന്നു.

അവ താഴെപ്പറയുന്നു.
1) അക്യുപംക്ചർ
2) ബയോ ഫീഡ്ബാക്ക്
3) ചിറോ പ്രാക്ടിക്
4) കിൻസിയോളജി
5) ഹോമിയോപ്പതി
6) ഇറിഡോളജി മസ്സാജ്
7) ശാരീരികാഭ്യാസങ്ങൾ (ഒർഗോമി, ഫെൽഡൻ ക്രേസ്, റിഫ്ളക് സോളജി, റോൾഫിങ്ങ് , പൊളാരിറ്റി മാസേജ് , തെറാപ്യൂട്ടിക് ടച്ച് തുടങ്ങിയവ
8) meditation and Visualisation
9) Nutritional therapies
10) Psychic Healing
11) Various Kinds of herbal medicine
12) Healing by Crystals , metals , music or colours
13) Reincarnation therapies
14) Innia gram

ഈ ലിസ്റ്റ് ഒരിക്കലുമവസാനിക്കില്ല. നമ്മുടെ നാട്ടിൽക്കാണുന്ന റീക്കി, പ്രാണിക് ഹിലിങ്ങ് തുടങ്ങിയവയും  ഈ ലിസ്റ്റിൽ പ്പെടുത്താവുന്നതാണ്.  ഇവയുടെയെല്ലാം "ആന്തരികത" അഥവാ അടിസ്ഥാന സിദ്ധാന്തങ്ങൾ ക്രിസ്തുവിനെ നിഷേധിക്കുന്നതാണ്. ഇതുകൊണ്ടാണു കത്തോലിക്കാസഭയെസ്നേഹിച്ച സഭാശ്രേഷ്ഠർ ഇവയെപ്പറ്റി സൂക്ഷമായി വർഷങ്ങളോളം പഠിച്ച്, വിശ്വാസികൾക്കു മുന്നറിയിപ്പു നല്കിയിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് ഒരു സുഹൃത്തു പങ്കുവെച്ച രണ്ടുസംഭവങ്ങൾ ഇവിടെ കുറിക്കാനാഗ്രഹിക്കുന്നു. ഒന്ന് ഒരു കന്യാസ്ത്രീയുടേതാണ്. ജിവിതത്തിന്റെ നല്ലകാലമൊക്കെയും മേല്പറഞ്ഞ ലിസ്റ്റിലെ ഒരു തെറാപ്പി അവർ ചെയ്തുവന്നിരുന്നു. പിന്നീട് രോഗിയായി, കട്ടിലിലായി. ഇവരെനോക്കാൻ ഒരു നോവിഷ്യേറ്റ് സിസ്റ്ററെ ചുമതലപ്പെടുത്തിയിരുന്നു. പിന്നീടു നിത്യവ്രത വാഗ്ദാനംനടത്തി നല്ലൊരു ഔദ്യോദികസ്ഥാനത്ത് അവർ എത്തിച്ചേർന്നപ്പോഴാണ് എന്റെ സുഹൃത്തിനോട് ഈ സംഭവം ആ സിസ്റ്റർ പങ്കുവെച്ചത്. നല്ല ഓർമ്മയുണ്ടായിരുന്നിട്ടുകൂടി, രോഗിയായ (ആദ്യം സൂചിപ്പിച്ച) സിസ്റ്റർ മരണാസന്നയായിട്ടും പാപസങ്കീർത്തനംനടത്താനോ പരിശുദ്ധ കുർബ്ബാന സ്വീകരിക്കാനോ താല്പര്യംപ്രകടിപ്പിച്ചില്ല. അവസാനം അധികാരികളുടെ നിർബന്ധംനിമിത്തം പരിശുദ്ധ കുർബ്ബാന സ്വികരിച്ചുവെങ്കിലും തിരുവോസ്തി ഉള്ളിലേക്കിറക്കാതെ പുറത്തേക്കു തുപ്പുകയാണു ചെയ്തത്! ഈ കാഴ്ചകാണുന്നതു നിത്യവ്രതവാഗ്ദാനം നടത്താനായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന സിസ്റ്ററും! നോവിഷ്യേറ്റ് കാലയളവിൽ നടന്ന ആ സംഭവം വിവരിക്കുമ്പോൾ അവരുടെ കണ്ണുകളിൽനിന്നു കണ്ണുനീർ ധാരധാരയായി ഒഴുകുന്നുണ്ടായിരു ന്നുത്രേ... ആ സിസ്റ്ററിന്റെ കണ്ണുനീർത്തുള്ളികൾ യേശുവിന്റെ രക്തത്തോടുചേർത്ത്, യോഗയുടെ പ്രചാരകരായ കന്യാസ്ത്രീകളുടേയും വൈദികരുടെയും അല്മായരുടെയും മാനസാന്തരത്തിനായി ഈ എളിയ വിശ്വാസി ദൈവത്തിന്റെ മുന്നിൽ സമർപ്പിച്ചുകൊള്ളുന്നു!
      
മറ്റൊന്ന്, ഒരു വൈദികന്റെതാണ്. മേല്പറഞ്ഞ ലിസ്റ്റിലെ ഒരു തെറാപ്പി പഠിച്ചും പരിശീലിച്ചും പ്രചരിപ്പിച്ചുംനടന്ന ഒരു വൈദികൻ അവസാനം രോഗിയായപ്പോഴും കൂദാശകളെ സ്വീകരിക്കാതെ, മനസ്താപംകൂടാതെ മരിക്കുകയാണുണ്ടായത്. ഇത്തരം ലളിതസത്യങ്ങൾ നമ്മുടെ മുമ്പിലുണ്ടായിട്ടും നാം യോഗയും ഹെൽത്ത് യോഗയുംമറ്റുംചെയ്തു നമ്മുടെ ആത്മാവിനെ സുരക്ഷിതമാക്കാമെന്നാണോ നാം ചിന്തിച്ചുകൊണ്ടിരിക്കുന്നത്? ഇപ്രകാരംചെയ്തു ജീവിച്ച വൈദികരുടെയും കന്യാസ്തികളുടെയും അന്ത്യവിനാഴികൾ ഇപ്രകാരമാകുന്നുവെങ്കിൽ ഹെൽത്ത് യോഗയുംമറ്റുംചെയ്തു ജീവിച്ച അല്മായരായ നമ്മുടെ സ്ഥിതി വ്യത്യസ്തമാകില്ല! അരോഗ്യമെന്ന ഇമ്പംകാണിച്ചു പ്രിയംവരുത്തി ആത്മനാശമെന്ന നിത്യമായ തുമ്പം നമുക്കുതരാൻ ശത്രുവായ പിശാചുചെയ്യുന്ന വേലത്തരങ്ങളാണു യോഗയും ഹെൽത്ത് യോഗയുംമറ്റുമെന്ന് എന്നാണു നാം തിരിച്ചറിയുക?

യുറോപ്യൻനാടുകളിൽ, വീൽചെയറിൽ ഇരുന്നുപോലും ഇന്നും വചനം പ്രസംഗിച്ചുകൊണ്ടിരിക്കുന്ന ഒരു വൈദീകനാണു റവ. ഫാ. ജെംയിസ് മാഞ്ഞാക്കൽ. യോഗയും ഹോമിയപ്പതിയുംമറ്റും ചെയ്താൽ മൂന്നുമാസംകൊണ്ട് അച്ചനെ വീൽചെയറിൽനിന്ന് എഴുന്നേല്പിക്കാൻ എനിക്കു സാധിക്കുമെന്ന് ഒരാളൊരിക്കൽ അച്ചനോടു വെല്ലുവിളി നടത്തി. ആ വന്ദ്യവൈദീകൻ ആ വെല്ലുവിളി സ്വികരിച്ചില്ല. സ്വന്തം ആത്മാവിനെ പണയംവച്ച്, താൻ സ്നേഹിക്കുകയും പ്രഘോഷിക്കുകയുംചെയ്യുന്ന യേശുവിനെ തള്ളിപ്പറയാൻ അദ്ദേഹം തയ്യാറായില്ല. ആ 'സൗഖ്യം' വേണ്ടെന്നുവച്ചു ശാരീരിക പരിമിതികളിൽനിന്നുകൊണ്ടുതന്നെ അദ്ദേഹം യേശുവിനെ പ്രഘോഷിച്ചു!!! യോഗയും ഹോമിയോപ്പതിയുംകൂടാതെതന്നെ ആ വന്ദ്യവൈദികൻ വിൽചെയറിൽനിന്ന് എഴുന്നേറ്റു! ദൈവത്തിനു സ്തുതി! (ഹോമിയോപ്പതിയെക്കുറിച്ച്, അതെങ്ങനെ ക്രിസ്തിയ വിശ്വാസത്തിനെതിരായിരിക്കുന്നുവെന്ന് 12 കത്തോലിക്കാ ഹോമിയോ ഡോക്ടർമാർ കൊടുത്തിരിക്കുന്ന സാക്ഷ്യം മാഞ്ഞാക്കലച്ചന്റെ  www.jmanjackal.net  എന്ന സൈറ്റിൽ ലഭ്യമാണ്.) പ്രഘോഷിക്കുന്ന വിശ്വാസത്തിൽത്തന്നെ ജീവിച്ചുകാണിക്കുന്ന ആ വന്ദ്യവൈദികനു കർത്തൃനാമത്തിൽ ഈ എളിയ വിശ്വാസിയുടെ ഒരു ബിഗ് സല്യൂട്ട്!

ഒരിക്കൽ വിശ്വാസത്തിൽ സമ്പന്നമായിരുന്ന യുറോപ്പിലെ സഭ ഇന്നു വിശ്വാസത്തിൽ പാപ്പരായത് ഈ യോഗയിലും അതുപോലെയുള്ളവയിലും അവിടുത്തെ വിശ്വാസികൾ മുഴുകിയതുകൊണ്ടാണെന്ന്, അവിടുത്തെ ആളുകളുടെ വിശ്വാസജീവിതം വിലയിരുത്തി, പല പ്രസംഗങ്ങളിലും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അവരുടെ തലയിൽ കൈവെച്ചു  പ്രാർത്ഥിക്കുമ്പോൾ 'ഞാൻ യോഗയുടെ സ്പിരിട്ടാണ്, ഞാൻ റീക്കിയുടെ സ്പിരിറ്റാണ് 'എന്നു പറഞ്ഞിട്ടാണു ദുഷ്ടാരുപികൾ പുറത്തേയ്ക്കുപോകുന്നതെന്ന് അദ്ദേഹംതന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

നമ്മളെന്നാണ് അവരുടെ അനുഭവത്തിൽനിന്നു പാഠംപഠിക്കുക? ഒരിക്കൽ ഇവയിലേതിലെങ്കിലുമൊന്നിൽ പരിശീലിച്ചാൽ നമ്മൾ യാന്ത്രികമായി കൂദാശകളെല്ലാം സ്വീകരിച്ചാലും നമ്മുടെ ആത്മാവു മൂടപ്പെടുമെന്നതാണു സത്യം! ക്രിസ്ത്യൻ യോഗയെന്നു പേരിട്ടുവിളിച്ചാലും യോഗ, യോഗതന്നെ!

എന്തുകൊണ്ടാണു ക്രിസ്തുവിശ്വാസി ഇതിലേക്കു നയിക്കപ്പെടുന്നത്? ദൈവം വ്യക്തിയും സർവ്വശക്തനുമാണെന്ന അടിസ്ഥാന ബോദ്ധ്യത്തിൽ വളരാതെയിരിക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുക. കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം ഖണ്ഡിക 274 പറയുന്നു. "ദൈവത്തിനസാദ്ധ്യമായി ഒന്നുമില്ലെന്ന ചിന്തയെ നമ്മുടെ മനസ്സുകളിൽ ദൃഢപ്പെടുത്തുന്നതാണു നമ്മുടെ വിശ്വാസത്തേയും പ്രത്യാശയേയുമുറപ്പിക്കുവാൻ ഏറ്റവും പര്യാപ്തമായ മാർഗ്ഗം. ദൈവത്തിന്റെ അനന്തശക്തിയെന്ന ആശയമുൾക്കൊള്ളാൻ ഒരിക്കൽ നമ്മുടെ യുക്തിക്കുകഴിഞ്ഞാൽ നാം വിശ്വസിക്കേണ്ട കാര്യങ്ങൾ, അവ പ്രകൃതിയുടെ സാധാരണ നിയമങ്ങളെ അതിശയിക്കുന്ന മഹത്തരവും അദ്ഭുതകരവുമായ കാര്യങ്ങളായാൽപ്പോലും നിഷ്പ്രയാസം, യാതൊരു വൈമനസ്യവുംകൂടാതെ അംഗീകരിക്കാനാകും" ഇതേ ആശയം വ്യക്തിയായ ദൈവത്തെ നിഷേധിച്ചുകൊണ്ടു മനഃശക്തിക്കു കൈമാറുകയല്ലേ ഈ യോഗയിലും ഹെൽത്ത് യോഗയിലും ചെയ്യുന്നത്? എന്നാൽ "തങ്ങൾക്കു തങ്ങളിൽത്തന്നെ ആദികാരണമോ പരമാന്ത്യമോ ഇല്ല, പ്രത്യുത ആദിയും അന്ത്യവുമില്ലാത്ത അവിടുത്തെ 'ഉണ്മ'യിൽ  തങ്ങൾ പങ്കുചേരുകയാണെന്നു പ്രപഞ്ചവും മനുഷ്യനും സാക്ഷ്യംനല്കുന്നു. ഇപ്രകാരം വ്യത്യസ്തമാർഗ്ഗങ്ങളിലൂടെ സകലത്തിന്റെയും ആദികാരണവും പരമലക്ഷ്യവുമായ ഒരു യാഥാർത്ഥ്യമുണ്ടെന്നറിയാൻ മനുഷ്യനു സാധിക്കുന്നു, 'ദൈവം' എന്ന് എല്ലാവരുംവിളിക്കുന്ന യാഥാർത്ഥ്യം (CCC 34) എന്ന കത്തോലിക്കാ മതബോധന ഗ്രന്ഥത്തിലെ പ്രഖ്യാപനം ഇവരറിഞ്ഞിട്ടില്ല!

എന്നാൽ ക്രിസ്തുവിശ്വാസി ഇതറിയണം. വിശുദ്ധ പൗലോസ് ശ്ലീഹായുടെ വാക്യങ്ങൾ ശ്രദ്ധിക്കുക... ഓരോരുത്തരും തങ്ങളുടെ ശാരീരികതയിൽ ചെയ്തിട്ടുള്ള നന്മതിന്മകൾക്കു പ്രതിഫലം സ്വീകരികരിക്കുന്നതിന്, നാമെല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിനുമുമ്പിൽ വരണം ( 2 കോറി 5:10 ). ശ്ലീഹ നമ്മെ ഉപദേശിക്കുന്നു. കർത്താവായ യേശുക്രിസ്തുവിനെ ധരിക്കുവിൻ. ദുർമോഹങ്ങളിലേക്കു നയിക്കത്തക്കവിധം ശരീരത്തെപ്പറ്റി ചിന്തിക്കാതിരിക്കുവിൻ (റോമ 13:14)

പരിശുദ്ധ അമ്മയുടെ വിമലഹൃദയം ഒരു ഹ്യദയംമാത്രമല്ല. അത് അവിടുത്തെ ആന്തരിക ആത്മീകതയാണ്. ആ വിമലഹൃദയത്തിൽ നമുക്കഭയംതേടാം. പിശാചിന്റെ ചതിക്കുഴികളെക്കുറിച്ചു പരിശുദ്ധ അമ്മതന്നെ നമ്മെ പഠിപ്പിക്കും. പരിശുദ്ധ അമ്മയ്ക്കേ അതിനു കഴിയൂ! അനേകം വൈദികർ ഈ കാര്യങ്ങളെക്കുറിച്ചു പ്രഘോഷിക്കട്ടെ! ഓരോ വിശ്വാസിയും വിശ്വാസത്തിനെതിരായ, തേനിൽച്ചാലിച്ച തിന്മകളെക്കുറിച്ചു് അറിവുള്ളവരാകട്ടെ!

ആവേ മരിയ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ